Latest NewsIndia

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പലമാവുവിലാണ് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദിയുടെ ജാര്‍ഖണ്ഡ് സന്ദര്‍ശനം. കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാദേശിക ഭരണകൂടം പുറത്തിറക്കിക്കഴിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ജാര്‍ഖണ്ഡിലെ താത്കാലിക അധ്യാപകര്‍ പ്രധാനമന്ത്രി മോഡിയെ കരിങ്കൊടി കാണിക്കുമെന്ന് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി പലമാവു സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനാണ് താത്കാലിക അധ്യാപകരുടെ നീക്കം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും കറുത്ത വസ്ത്രം ധരിക്കുന്നതാണ് വിലക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. കറുത്ത വസ്ത്രങ്ങള്‍, ബാഗ്, ഷൂ, പഴ്‌സ്, തൊപ്പി, സോക്‌സ് എന്നിവയ്‌ക്കെല്ലാം വിലക്കുണ്ട്. ജനുവരി അഞ്ചിന് രാവിലെ 10.30നാണ് പ്രധാനമന്ത്രി ജാര്‍ഖണ്ഡിലെത്തുന്നത്.

ഒരു മണിക്കൂര്‍ സംസ്ഥാനത്ത് ചിലവഴിക്കുന്ന അദ്ദേഹം വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടും. മണ്ഡല്‍ ഡാം ജലസേചന പദ്ധതിക്കും പലമാവു, ഗാര്‍വ ജില്ലകളിലെ വിവിധ ജലവിതരണ പദ്ധതികള്‍ക്കുമാവും പ്രധാനമന്ത്രി തറക്കല്ലിടുക. 1972 മുതല്‍ മുടങ്ങിക്കിടക്കുന്ന മണ്ഡല്‍ഡാം ജലസേചന പദ്ധതി 2500 കോടി ചിലവഴിച്ച് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button