പമ്പ: മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ രണ്ട് അന്യസംസ്ഥാന യുവതികള്‍ എത്തിയതായി സൂചന. അതേസമയം മണ്ഡലകാലം മുതല്‍ ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയതിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ഇവരെയും പോലീസ് ഉപദേശിച്ച് പറഞ്ഞയച്ചതായാണ് റിപ്പോര്‍ട്ട്. അമ്പത് വയസിനു താഴെയുള്ള രണ്ട് യുവതികളാണ് ഇന്നലെ എത്തിയത്.
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറന്ന ആദ്യദിവസം 49കാരിയായ വിശാഖപട്ടണം സ്വദേശിയാണ് പമ്പയില്‍ എത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ഭര്‍ത്താവിനും മമകനുമൊപ്പമാണ് ഇവര്‍ വന്നത്. അതേസമയം തനിക്ക് അമ്പതു വയസ്സാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച് ഇവര്‍ 49 വയസേ ഉള്ളുവെന്ന് കണ്ടെത്തിയ പോലീസ് പ്രതിഷേധ സാധ്യത പറഞ്ഞതോടെ ഇവര്‍ പിന്‍വാങ്ങി.
എന്നാല്‍ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.
ഇവരെ കൂടാതെ കര്‍ണാടക സ്വദേശിയായ മുപ്പതുകാരിയാണ് പമ്പയില്‍ എത്തിയത്. മലകയറുന്ന അമ്മയ്ക്ക് കൂട്ടായെത്തിയ ഇവര്‍ മലകയറുന്നില്ലെന്ന് അറിയിച്ച് ഗാര്‍ഡ് റൂമിലെത്തുകയായിരുന്നു. അതേസമയം പ്രതിഷേധം ഭയന്നാണ് ഇവരുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പമ്പാ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം യുവതി മടങ്ങി.
Post Your Comments