Latest NewsEast Coast Special

അഭിമാനപൂർവ്വം ഏഴു വർഷങ്ങൾ പിന്നിടുമ്പോൾ, സ്നേഹപൂർവ്വം വായനക്കാരോട്

2012 -ന്റെ പിറവിയുടെ സൂചനയോടൊപ്പം തിരിതെളിയിപ്പിക്കപ്പെട്ട ഈസ്റ്റ് കോസ്റ്റ് ഓൺലൈൻ ഡെയിലിക്ക് ഇന്ന് ഏഴ് വയസ്സ് തികയുകയാണ്. ഒരു പത്രം എന്ന നിലയിൽ സത്യസന്ധതയും നിഷ്‌പക്ഷതയും പരമാവധി പുലർത്തുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ചിലപ്പോഴെങ്കിലും , മനപ്പൂർവ്വമല്ലെങ്കിലും തെറ്റുകൾ സംഭവിച്ചിരിക്കാം. പക്ഷെ, ഒരിക്കലും പ്രലോഭനങ്ങളിൽ അകപ്പെട്ട് ഒരുവാക്ക് പോലും ആർക്കു വേണ്ടിയും എതിരെയും എഴുതിയിട്ടില്ലായെന്ന് ആത്‌മാർത്ഥമായി പറയുവാൻ കഴിയും. കാണേണ്ടത് പലതും കാണാതെയും അറിയിക്കേണ്ടത് പലതും അറിയിക്കാതെയും , ചിലതൊക്കെ മൂടി വെച്ചും മറ്റു പലതും പെരുപ്പിച്ചു കാട്ടിയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം മൂല്യങ്ങളെ ബലികഴിച്ചു ‘പണസമ്പാദനം’ എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന രീതിക്ക് എന്നെന്നേക്കുമായി തടയിടാന്‍ ഉതകുന്ന ഒരു “നവമാധ്യമസംസ്കാര”ത്തിനു ഭാഗമായിത്തന്നെ നിലകൊള്ളുവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. ജനാധിപത്യം പോലെ നമുക്ക് കൈവന്നിരിക്കുന്ന ഈ നവ മാധ്യമ സ്വാതന്ത്ര്യം അനാവശ്യമായി ആരെയും നോവിക്കാതെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിനെ പ്രോത്സാഹിപ്പിച്ചും നിരുത്സാഹപ്പെടുത്തേണ്ടതിനെ നിരുത്സാഹപ്പെടുത്തിയും, ആത്മ നിയന്ത്രണത്തോടെ മുന്നേറാൻ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ ഓർക്കുന്നു.

ചിലപ്പോഴെങ്കിലും എഴുതുന്നവരുടെ വ്യക്തിപരമോ രാഷ്ട്രീയമോ ആയ നിലപാട് പ്രതിഫലിക്കുന്ന വാർത്തകളും ലേഖനങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നിരിക്കാം..
അത് ചിലർക്കെങ്കിലും തെറ്റിദ്ധാരണക്കു കാരണവുമായിട്ടുണ്ട്.. ചെയ്യാത്ത തെറ്റുകൾക്ക്‌ പലപ്പോഴും പഴി കേൾക്കേണ്ട സാഹചര്യങ്ങൾ സാധാരണമായത് കൊണ്ട്‌ ഇവിടെയും അതു നിസ്സാരമായി കാണാൻ മനസ്സു സജ്ജമായിരുന്നു.

എന്തൊക്ക പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നാലും ഒരു പത്രമെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയോടെയും മുന്നോട്ട് പോകുമെന്ന ഉറപ്പോടെ പ്രിയ സുഹൃത്തുക്കളുടെ സഹായസഹകരണങ്ങളും പ്രോത്സാഹനമൊക്കെ തുടർന്നും പ്രതീക്ഷിക്കുന്നു. ഒരുപിടി മധുരവും കയ്പ്പും നിറഞ്ഞ ഓര്‍മ്മകളുടെ ഒരു വര്ഷം നമ്മെ വിട്ടുപിരിയുമ്പോൾ ഏറെ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും നിറവാര്‍ന്ന അനുഭൂതികൾ മനസ്സില്‍ സൂക്ഷിച്ചു, കൊണ്ട് ഒരു പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.

ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്മെന്റ് എന്നു ജനാധിപത്യത്തെ നമുക്ക് കരുതാമെങ്കില്‍,ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കപ്പെടുന്ന ജനങ്ങളുടെ മാധ്യമം എന്നു വിശേഷിപ്പിക്കാവുന്ന “നവമാധ്യമകുടുംബ”ത്തില്‍ ഒരതിഥിയായി ഞാനെത്തുന്നത് 2011 ഓഗസ്റ്റിൽ ആണ്. കലാ-സാമൂഹ്യ-സാഹിത്യ രംഗങ്ങളിൽ പുതിയ ഒരുപിടി സഹൃദങ്ങൾ, മിക്കതും തുടക്കക്കാരുടെ, കൊണ്ട് സമ്പന്നമായ ഒരു കാലഘട്ടമായിരുന്നു, പിന്നീടങ്ങോട്ട്.. ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ് എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങിയതും സജീവമായി മുന്നോട്ടുപോയതും അങ്ങനെയാണ്. ഇതിനിടയിൽ പലരും വരികയും പല കാരണങ്ങളാൽ പിരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്.. സാഹചര്യങ്ങൾകൊണ്ട് ചിലർക്ക് അകന്നു പോകേണ്ടി വന്നിട്ടുണ്ട്.. മറ്റു ചിലർ തെറ്റിദ്ധാരണയോ
സൗന്ദര്യപ്പിണക്കമോ ഒക്കെക്കൊണ്ടും.

രാഷ്ട്രീയം വ്യക്തിപരമായി ഒരിക്കലും എനിക്കു താല്പര്യമുള്ള വിഷയമല്ല.. രാഷ്‌ട്രത്തെ സംബന്ധിക്കുന്ന ചില വിഷയങ്ങളിൽ അപൂർവ്വമായി പ്രതികരിച്ചിരുന്നത് രാഷ്ട്രീയമായി കാണാൻ ശ്രമിച്ചിരുന്നവരോട് മറുപടി പറയാൻ മെനക്കെടാതെ അത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ടനിൽക്കുകയെന്ന നിലപാടിലേക്ക് പിന്നീട്‌ മാറുകയായിരുന്നു. കലയും സംഗീതവും സാഹിത്യവുമൊക്കെ പ്രവർത്തന മേഖല ആയി സ്വപ്നം കാണുന്ന എനിക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടത് അത്തരക്കാരുമായുള്ള ഇടപെടൽ ആണെന്ന തിരിച്ചറിവാകാം അതിനു കാരണം.

സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതിനു വേണ്ടിയാകട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയംനിറഞ്ഞ നവവത്സരാശംസകൾ നേരുന്നു..

സ്നേഹപൂർവ്വം വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button