അടിമാലി: മീന്‍പിടിക്കാന്‍ പോയ സുഹൃത്തുക്കള്‍ തമ്മില്‍ കാണിച്ച തമാശയിൽ ഒരു ജീവൻ പൊലിഞ്ഞു . മദ്യലഹരിയിലായിരുന്ന യുവാവ് സുഹൃത്തിനെ ഡാമിലേക്ക് തള്ളിയിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഡാമിലെ ചെളിയില്‍ താഴ്ന്ന് കൊന്നത്തടി സ്വദേശി പാറശ്ശേരി രാജേഷ് (36) മരിച്ചതോടെ ഡാമിലേക്ക് തള്ളിയിട്ട സുഹൃത്ത് കണ്ണാടിപാറ മംഗളകുന്നേല് സോളമനെ (41) വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെ രാജേഷും നാലു സുഹൃത്തുക്കളും ചേര്‍ന്ന് മരക്കാനം-മുനിയറ റോഡിന് സമീപം മീന്‍പിടിക്കാന്‍ പോയിരുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനീത് ഡാമില്‍ നീന്തി. ഇതുകണ്ട സോളമന്, രാജേഷിനോട് നീന്താന്‍ നിര്‍ദ്ദേശിച്ചു. വിസമ്മതിച്ച രാജേഷിനെ സോളമന് ഡാമിലേക്ക് ബലമായി തള്ളിയിട്ടതായി പൊലീസ് പറയുന്നു.
രാജേഷ് നീന്തുന്നതിനിടെ ചെളിയില്‍പൂണ്ട് മുങ്ങിപ്പോകുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊലപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവുമില്ലാതെ വെറുമൊരു തമാശക്ക് ചെയ്ത കാര്യമാണ് ദുരന്തത്തിൽ കലാശിച്ചത്.
Post Your Comments