കാസർഗോഡ്: കത്തികാട്ടി ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ അമ്മയുടെ മുന്നിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനാണ് (34) കാസര്‍കോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.വിധി പ്രകാരം പ്രതി മരണം വരെ തടവില്‍ കഴിയേണ്ടി വരും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേരളത്തില്‍ ആദ്യത്തെ ജീവപര്യന്തം തടവുശിക്ഷയാണിത്.
തടവ് ശിക്ഷയ്ക്ക് പുറമേ അന്‍പതിനായിരം രൂപ പിഴ പെൺകുട്ടിക്ക് നൽകുകയും വേണം. ഈ വര്‍ഷം ഏപ്രില്‍ രണ്ടിനു പുലര്‍ച്ചെയാണു വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമം നടന്നത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അമ്മയുമായി നേരിട്ടു പൊലീസ് സ്റ്റേഷനില്‍ ചെന്നു നല്‍കിയ പരാതിയില്‍ കുമ്പള പൊലീസാണു കേസ് എടുത്തത്. മാതാവിനു നേരെ കത്തി വീശുമ്പോള്‍ തടഞ്ഞ പെണ്‍കുട്ടിക്ക് ഇടതു കയ്യിലും കഴുത്തിലും പരുക്കേറ്റിരുന്നു.
എന്നാൽ പെണ്‍കുട്ടിയുടെ മാതാവു വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറിയിരുന്നു. പ്രതി ലഹരിപാനീയം നല്‍കിയും മറ്റുമായി മുന്‍പു പല തവണ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കേസെടുത്ത് എട്ടു മാസത്തിനുള്ളിലാണു വിധി.
Post Your Comments