കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മയുടെ കണ്‍മുന്നില്‍വെച്ച് കത്തികാട്ടി ഭയപ്പെടുത്തി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ കോടതി ആജീവനാന്തം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്ബള സ്വദേശിയായ യുവാവിനെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ആജീവനാന്തം തടവിന് ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍, ബലാത്സംഗം, വധഭീഷണി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. മാതാവിനെ കത്തിമുനയില്‍ നിറുത്തി അവരുടെ കണ്‍മുന്നില്‍ വച്ച് മകളെ പീഡിപ്പിച്ചത് അസാധാരണ കുറ്റകൃത്യമായി കണക്കാക്കിയാണ് കടുത്ത ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 8 മാസത്തിനുള്ളില്‍ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
2018 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാലു മുതല്‍ 7.30വരെയും അതിന് മുമ്ബുള്ള പല ദിവസങ്ങളിലും ഇയാള്‍ കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. മഞ്ചേശ്വരം മംഗല്‍പ്പാടി പഞ്ചത്തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചായിരുന്നു പീഡനം. പെണ്‍കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. കുമ്ബള സി.ഐ കെ. പ്രേംസദന്‍ കേസന്വേഷിച്ച് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റുചെയ്തു. രണ്ടു മാസത്തിനകം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിക്ക് ജാമ്യത്തിലിറങ്ങാനായില്ല. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Post Your Comments