KeralaLatest NewsIndia

പന്തളം കൊട്ടാരം എത്തിക്കുന്ന തിരുവാഭരണം ദേവസ്വം ബോര്‍ഡ് മടക്കി നല്‍കാതിരിക്കുമെന്ന ആശങ്ക: നാടകീയ രംഗങ്ങൾ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ പന്തളം രാജ കൊട്ടാരവും ദേവസ്വം ബോര്‍ഡും തമ്മില്‍ കടുത്ത ഭിന്നതയിലാണ് ഉള്ളത്.ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയര്‍ന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താന്‍ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുമോ എന്ന ആശങ്ക പന്തളം കൊട്ടാരം ഉന്നയിച്ചു. ശബരിമല ക്ഷേത്രത്തിന് മേല്‍ അവകാശ തര്‍ക്കം അടക്കം ഉണ്ടായ സാഹചര്യത്തിലായിരുന്നു ആശങ്ക.

ഇതോടെ ദേവസ്വം പ്രതിനിധികള്‍ കൊട്ടാരത്തിലെത്തി ചര്‍ച്ച നടത്തി വിഷയം പരിഹരിച്ചു.തിരുവാഭരണങ്ങള്‍ തിരിച്ചേര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും കൊട്ടാരം ഉറപ്പു വാങ്ങുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തിരുവാഭരണം തിരിച്ചുനല്‍കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോര്‍സിനെ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷന്‍ പി.ആര്‍.രാമന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, കമ്മിഷണര്‍ എന്‍.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണന്‍ എന്നിവര്‍ കൊട്ടാരത്തില്‍ എത്തി കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മ, സെക്രട്ടറി നാരായണവര്‍മ എന്നിവരുമായി ചര്‍ച്ച നടത്തി. തിരുവാഭരണങ്ങള്‍ അതുപോലെ തിരിച്ചേല്‍പ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നു ശശികുമാരവര്‍മ ആവശ്യപ്പെട്ടു.

തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നല്‍കുമെന്നും ദേവസ്വം കമ്മിഷണര്‍ ഉറപ്പു നല്‍കി. രേഖാമൂലം വേണമെന്ന് അവശ്യപ്പെട്ടപ്പോള്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കി.തിരുവാഭരണം തിരികെ ലഭിക്കുമെന്ന കാര്യത്തല്‍ ആശങ്ക വേണ്ടെന്നും പൂര്‍ണ സുരക്ഷയോടെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ എന്‍.വാസു നല്കിയ ഉറപ്പ്.

ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.ആര്‍.രാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം ബോര്‍ഡ്, കൊട്ടാരം നിര്‍വാഹകസംഘം, ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ യോഗത്തിലാണ് കൊട്ടാരത്തിന്റെ ആശങ്ക ചര്‍ച്ചയായത്. തിരുവാഭരണങ്ങള്‍ ഘോഷയാത്രയ്ക്കു വേണ്ടി ദേവസ്വം ബോര്‍ഡിനെ ഏല്‍പിച്ചാല്‍ തിരികെ ലഭിക്കില്ലെന്നും തിരുവാഭരണ ഘോഷയാത്രയെ വഴിയില്‍ തടയുമെന്നുമുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണിത്.

പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും തിരുവാഭരണം തന്നതു പോലെത്തെന്നെ ഇവിടെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ എന്‍.വാസു ഉറപ്പു നല്‍കി. ഇക്കാര്യം കൊട്ടാരത്തിന്റെ ആവശ്യപ്രകാരം യോഗത്തിന്റെ മിനിട്‌സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.പൊലീസിന്റെ സുരക്ഷ തിരുവാഭരണ ഘോഷയാത്രയ്ക്കു മാത്രമാണ് ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധിക്കു കൂടി സുരക്ഷ ഉറപ്പുവരുത്തണമെന്നു കൊട്ടാരം ആവശ്യപ്പെട്ടു. അതും യോഗം അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button