ന്യൂഡല്‍ഹി: പുലിറ്റ്സര്‍ സമ്മാനജേതാവും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഫോട്ടോഗ്രാഫറുമായ കാഹള്‍ മക്നോട്ടന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള വിസയുള്ളപ്പോഴാണ് വിദേശയാത്ര കഴിഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ മക്നോട്ടനെ തിരിച്ചയച്ചത്. മ്യാന്മാറില്‍നിന്നു പലായനംചെയ്യുന്ന റോഹിംങ്ക്യകള്‍ നേരിടുന്ന ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചതിനാണ് അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഈവര്‍ഷം മേയില്‍ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്.
എന്നാല്‍ ജമ്മു കശ്മീരിലെ യാത്രാവിലക്കുള്ള ഇടങ്ങളിലും സംരക്ഷിതമേഖലകളിലും വിസച്ചട്ടങ്ങള്‍ ലംഘിച്ചു കടന്നതിനാല്‍ മക്നോട്ടനെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് കശ്മീരിലെയോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയോ നിരോധിതമേഖലകളില്‍ പ്രവേശിക്കുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേകാനുമതി വേണമെന്നാണ് വിസാ ചട്ടം.ഇക്കൊല്ലം ഏപ്രിലില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച മക്നോട്ടന്‍ കത്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യയിലെ ചട്ടങ്ങളും നിയന്ത്രങ്ങളും സംബന്ധിച്ച് വിദേശമാധ്യമപ്രവര്‍ത്തകരെ പതിവായി അറിയിക്കാറുണ്ട്.
മക്‌നോട്ടന്‍ പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ടാകാമെന്നും എന്നാല്‍ അതൊക്കെ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ലെന്നും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പ്രവേശിക്കാന്‍ വിദേശിക്ക് അനുമതിവേണം. അതു ലംഘിച്ചാല്‍ നടപടിയുണ്ടാകും. ആര്‍ക്കെങ്കിലും പ്രവേശനം നിഷേധിച്ചാല്‍ അവരെ എക്കാലത്തേക്കും കരിമ്പട്ടികയില്‍പ്പെടുത്തിയെന്നല്ല അര്‍ഥം. ആറുമാസത്തിനോ ഒരുവര്‍ഷത്തിനോ.ശേഷം അക്കാര്യം പരിശോധിച്ചേക്കാംമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Post Your Comments