തൃശ്ശൂർ: കേര കൃഷിക്കായി നവീകരിച്ച പുതിയ യന്ത്രസംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തു. കാര്‍ഷിക സര്‍വ്വകലാശാലയും കാര്‍ഷിക ഗവേഷണകേന്ദ്രവും സംയുക്തമായാണ് നാല് യന്ത്രസംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഈ യന്ത്രങ്ങള്‍ സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കെംകോ ജനറല്‍ മാനേജര്‍ എം.കെ. സായികുമാറിന് കൈമാറി. തെങ്ങിന്റെ തടം തുറക്കുന്ന യന്ത്രം, രണ്ട് തരം തേങ്ങാത്തൊട്ടില്‍, കേരസുരക്ഷ തെങ്ങ് കയറ്റയന്ത്രം എന്നീ യന്ത്രങ്ങളാണ് പുതിയതായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് തടം തുറക്കുന്ന യന്ത്രമാണ്. ഏഴ് മിനിറ്റ് കൊണ്ട് ഒരു തടം തുറക്കാവുന്ന രീതിയിലാണ് തടം തുറക്കുന്ന യന്ത്രത്തിന്റെ സംവിധാനം. കൂടാതെ 38 രൂപ മാത്രമാണ് ഈ യന്ത്രത്തിന്റെ ചെലവ്. ഒരു ദിവസം 50 തടം വരെ എടുക്കാനും സാധിക്കും.
രണ്ട് രീതിയിലുള്ള തേങ്ങാ തൊട്ടിലാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മെഷ് ടൈപ്പ്, നെറ്റ് ടൈപ്പ് എന്നിവയാണവ. വയര്‍ മെഷ് കൊണ്ടുള്ള മെഷ് ടൈപ്പ് തൊട്ടിലില്‍ കുട്ട താഴേക്കിറങ്ങി തേങ്ങ ശേഖരിക്കുന്നതാണ്. ഒപ്പം നെറ്റ് തൊട്ടില്‍ കുട പോലെ നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന രീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് കൂടി വളരെ ഉപകാരപ്രദമാണ് കേരസുരക്ഷ തെങ്ങ് കയറ്റയന്ത്രം. നബാര്‍ഡിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. രണ്ടു മിനിറ്റ് കൊണ്ട് ഒരു തെങ്ങ് കയറി ഇറങ്ങാവുന്ന രീതിയിലുള്ള ഈ യന്ത്രം ഒരു കായിക പരിശീലന ഉപകരണമായും ഉപയോഗിക്കാന്‍ കഴിയും. ഡോ. ജയകുമാര്‍, ഡോ. ലളിത, ഡോ. ഷൈല ജോസഫ്, ഡോ.പ്രേമന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ പുതിയ മെഷീനുകള്‍ വികസിപ്പിച്ചെടുത്തത്.
Post Your Comments