KeralaLatest News

ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്ക് കത്തു നല്‍കി. പി.എസ്.സി കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശുപാര്‍ശ ചെയ്ത 4051 പേര്‍ക്ക് നിയമനം നല്‍കാനുള്ള സ്ഥിരം ഒഴിവുകളുണ്ടായിട്ടും ഇവരെ നിയമിക്കാന്‍ തയ്യാറാകാതെ കാര്യങ്ങള്‍ കോടതിയിലെത്തിച്ച് സ്ഥിതി വഷളാക്കി. കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയ്ക്ക് പ്രമോഷന്‍, പെന്‍ഷന്‍, മറ്റുവകുപ്പുകളില്‍ ജോലികിട്ടിപ്പോയവര്‍ ഉള്‍പ്പടെ 3500 ലധികം ഒഴിവുകള്‍ ഉണ്ടായിട്ടും ഇടതു സര്‍ക്കാര്‍ ഓരാളെപ്പോലും നിയമിക്കാതെ ദീര്‍ഘകാലം കെ.എസ്.അര്‍.ടി.സിയില്‍ സേവനമനുഷ്ഠിച്ച അയ്യായിരത്തിലധികം പേരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും തമ്പാനൂര്‍ രവി കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരാളെപ്പോലും പിരിച്ചുവിടാതെ പി.എസ്.സി വഴി 20235 പേരെ നിയിമിക്കുകയും പത്ത് വര്‍ഷം സര്‍വീസുള്ള 4000 പേരെ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് ആസുത്രിത നീക്കം നടത്തി. എംപാനല്‍ എന്ന പേര് ദിവസവേതനക്കാരെന്നാക്കി. ഇവരെ പിരിച്ചിവിടാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനു കത്തെഴുതി.

ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും സത്യവാങ്മൂലമോ അല്ലെങ്കില്‍ ഒരു പ്രസ്താവനയോ എംപാനലുകാര്‍ക്ക് അനുകൂലമായി നല്‍കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ തമ്പാനൂര്‍ രവി വിമര്‍ശിച്ചു. കോടതി ഉത്തരവിലൂടെ ജോലിക്കെത്തിയത് 1500 പേര്‍ മാത്രമാണ്. ഇനിയും 2000 ലധികം സ്ഥിരം ഒഴിവുകളുണ്ട്. സ്ഥിരം ജീവനക്കാര്‍ക്കുള്ള ഒരു ആനുകൂല്യവും ഇല്ലാതെ വെറും 480 രൂപ ദിവസവേതനത്തിലാണ് താല്‍ക്കാലിക ജീവനക്കാര്‍ ജോലിനോക്കിയിരുന്നത്. അഞ്ച് വര്‍ഷം സര്‍വീസ് തികച്ച 4000 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് ഇടതുസര്‍ക്കാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല, യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ ജീവനക്കാരെ പുറത്താക്കുന്നതിനായി നിലവിലുള്ള കേസുകളില്‍ സര്‍ക്കാരും മാനേജ്മെന്റ് നടപടി സ്വീകരിക്കുകയാണ്. ഈ നിലപാട് തിരുത്തിയില്ലെങ്കില്‍ വിവിധ തസ്തികളില്‍ ദീര്‍ഘകാലമായി ജോലി നോക്കിവരുന്ന 5000 ത്തോളം പേരും ഉടന്‍ പിരിഞ്ഞു പോകേണ്ടി വരുമെന്നും തമ്പാനൂര്‍ രവി കത്തില്‍ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരെയും അവരുടെ കുടുംബങ്ങളേയും വന്‍ ദുരന്തത്തിലേക്ക് തള്ളിവിടാതെ പ്രശ്നം പരിഹാരാത്തിനും കൂടുതല്‍ ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ച് പി.എസ്.സി വഴി നിയമനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ദീര്‍ഘകാലമായി സര്‍വീസുള്ള താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button