കനത്ത മൂടല്‍മഞ്ഞും തണുപ്പും കാരണം ഡല്‍ഹിയില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി. തണുപ്പും മഞ്ഞും കനത്തതോടെ 350 ട്രെയിനുകളാണ് ശനിയാഴ്ച്ച റദ്ദാക്കപ്പെട്ടതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഝാന്‍സി ജങ്ഷന് മുതല്‍ ഡല്‍ഹി വരെ താജ് എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഫിറോസ്പുര്‍ സെന്‍ട്രല്‍ മുതല്‍ ധന്‍ബാദ് ജംഗ്ഷന് വരെയുളള ഗംഗാസത്ലജ് എക്സ്പ്രസ്, 20 മണിക്കൂറിലധികം വൈകി.
ഇന്ത്യന്‍ റെയില്‍വേയുടെ കണക്കനുസരിച്ച് ശനിയാഴ്ച്ച കുറഞ്ഞത് 18 ട്രെയിനുകള്‍ വൈകിയോടുകയാണ്. ശനിയാഴ്ച രാവിലെ 2.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച്ച അതിശൈത്യമായിരുന്നു അനുഭവപ്പെട്ടത്. താപനില മൈനസ് 3.1 ഡിഗ്രിയിലെത്തി. മധ്യപ്രദേശിലെയും വിദര്‍ഭയിലെയും ചില ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ താപനില മൈനസ് മൂന്ന് മുതല്‍ മൈനസ് 5 വരെയെത്തി. ജമ്മു-കാശ്മീര്‍, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സമാനമായ താപനിലയാണെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പഞ്ചാബിലെ ഭട്ടിണ്ടയില്‍ താപനില 0.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്
Post Your Comments