കോഴിക്കോട്: കാത്തിരിപ്പിന് വിരാമമിട്ട് കോഴിക്കോട്ടെ തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇതോടെ മെഡിക്കല്‍ കോളേജിലേക്കും വിമാനത്താവളത്തിലേക്കുമുളള യാത്രയ്ക്കിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പാലങ്ങളാണ് ഇവ.
അതേസമയം സര്‍ക്കാരിനു സാമ്പത്തിക നേട്ടവും കൂടി നല്‍കിയാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 74 കോടി 96 ലക്ഷം രൂപക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച രാമനാട്ടുകര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം 63 കോടിയില്‍ ഒതുക്കി. തൊണ്ടയാട് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 51 കോടി 41 ലക്ഷമായിരുന്നു. പണി പൂര്‍ത്തിയാക്കിയപ്പോള്‍ 46 കോടിയേ ചിലവായുള്ളൂ. എസ്റ്റിമേറ്റ് തുകയെക്കാള്‍ ചിലവ് കുറച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയത് ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ്. ഇതിലൂടെ 17 കോടി രൂപയാണ് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കുന്നത്.
കോഴിക്കോട് നഗരത്തിലേക്ക് എത്തുന്നവരെല്ലാം ഏറ്റവും കൂടുതല്‍ സമയം ഗതാഗതക്കുരുക്കില്‍ കിടക്കുന്ന സ്ഥലങ്ങളാണ് രാമനാട്ടുകരയും, തൊണ്ടയാടും. പാലം തുറന്നതോടെ നഗരത്തിലെ പ്രധാന ഗതാഗത കുരുക്കിനാണ് പരിഹാരമാവുന്നത്.
ഉദ്ഘാടന ചടങ്ങില്‍
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
Post Your Comments