Latest NewsArticle

അവസാനിക്കരുത് നാമജപപ്രതിഷേധം , വീണ്ടെടുക്കാനുണ്ട് ക്ഷേത്രസംസ്‌കാരം

രതി നാരായണന്‍

ഒരു കോടതിവിധിയുടെയും അത് നടപ്പിലാക്കാന്‍ തിരക്കുകൂട്ടിയ ഭരണകൂടത്തിന്റെയും നിഴലുകളില്‍ കുടുങ്ങിപ്പോയ മണ്ഡലകാലത്തിനാണ് തിരശീല വീണിരിക്കുന്നത്. അയ്യപ്പന്‍ പാട്ടുകളും കെട്ടുനിറയ്ക്കലും ഭജനയുമായി ഓരോ ഗ്രാമത്തിനെയും തൊട്ടുണര്‍ത്തിയാണ് എപ്പോഴും വൃശ്ചികം എത്തുന്നത്. എന്നാല്‍ പതിവുകള്‍ തെറ്റിച്ച വൃശ്ചികമാണ് ഇത്തവണ കടന്നുപോയത്. കെട്ടുനിറയ്ക്കാന്‍ അയ്യപ്പന്‍മാരെത്താതെ, ശരണം വിളികളുടെ സന്ധ്യകളില്ലാതെ മണ്ഡലകാലം പടിയിറങ്ങിപ്പോയിരിക്കുന്നു. ചിങ്ങം കേരളത്തിന്റെ സമ്പദ്‌സമൃദ്ധിയുടെ ഓര്‍മപ്പെടുത്തലാണെങ്കില്‍ മന്ത്രമുഖരിതമായിരുന്നു വൃശ്ചികം. ഗൃഹാതുരത്വമാര്‍ന്ന ഓണഓര്‍മകള്‍ പോലെ ഒരുപാടുണ്ട് വൃശ്ചികത്തിനും പറയാന്‍.

സ്‌കൂള്‍ വിട്ടുവരുന്ന വഴിക്ക് കാണാമായിരുന്നു നാട്ടിലെ ക്ഷേത്രത്തിലെ വൃശ്ചിക മുന്നൊരുക്കങ്ങള്‍. ഇരുവശവും നീളമുള്ള കമ്പുകള്‍ കൊണ്ട് കെട്ടിത്തിരിച്ച് മരവട്ടിക്കായ വയ്ക്കാന്‍ ഈര്‍ക്കില്‍ വളയങ്ങളുണ്ടാക്കി ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേക സംവിധാനം. വൃശ്ചിക്കുളിരിന്റെ കിടുകിടുപ്പില്‍ വെളുപ്പിനെഴുന്നേറ്റ് കിണറ്റില്‍ നിന്ന് തണുത്തവെള്ളം കോരി തലയിലേക്കൊഴിക്കുമ്പോള്‍ മരവിച്ച് പോകും. പന്ത്രണ്ട് ദിവസം നിര്‍മാല്യം കണ്ട് തൊഴാനാണ് ഈ പെടാപ്പാടൊക്കെ. സ്‌കൂള്‍ വിട്ട് വരുമ്പോള്‍ തിരക്കിട്ട് ജോലികളെല്ലാം തീര്‍ക്കുന്നുണ്ടാകും അമ്മമാര്‍, വൈകിട്ട് ദീപാരാധന കണ്ട് തൊഴണം. വെളുപ്പിനെപ്പോലെയല്ല വലിയ തിരക്കാണ് സന്ധ്യക്ക്. കളമെഴുത്തുപാട്ടും ഭജനയുമുണ്ട്..ചുറ്റുവിളക്കിന്റെ മനോഹാരിതയ്ക്കപ്പുറം മുറ്റം നിറയെ ആടിയുലഞ്ഞ് കത്തുന്ന ചെറുദീപങ്ങളുണ്ടാകും. വൈദ്യുതി എത്താത്ത വീടുകളുള്ളവര്‍ ദീപാരാധന കഴിഞ്ഞ് ഇരുട്ടുനിറഞ്ഞ ഇടവഴികള്‍ താണ്ടാന്‍ മരവട്ടിക്കായയില്‍ മുനിഞ്ഞു കത്തുന്ന ദീപനാളം കൈകളില്‍ കരുതിയിരിക്കും.

കെട്ടുനിറയുള്ള വീടുകളില്‍ രാവിലെ മുതല്‍ കോളാമ്പി പാടിത്തുടങ്ങിയിരിക്കും, ഉച്ചക്ക് നാട്ടുകാര്‍ക്ക് കഞ്ഞിയും പുഴുക്കും. വൈകുന്നേരം ഭജനയും കെട്ടുനിറയും. ശബരിമലയ്ക്ക് പോകുന്നവര്‍ അന്നൊക്കെ മുതിര്‍ന്ന ബന്ധുക്കള്‍ക്ക് ദക്ഷിണ നല്‍കാനായി വീടുകള്‍ തോറും കയറിയിറങ്ങുമായിരുന്നു. പുറപ്പെടുമ്പോള്‍ കരഞ്ഞുകൊണ്ട് അയ്യപ്പന്‍മാരെ അനുഗ്രഹിച്ചയക്കുന്നത് കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. ആനയും പുലിയുമുള്ള കാട്ടിലൂടെയാണ് യാത്രയെന്നും തിരിച്ചെത്തിയാലേ എത്തി എന്ന് പറയാനാകൂ എന്നും അന്ന് ഞങ്ങള്‍ കുട്ടിപ്പടയും അടക്കം പറഞ്ഞിരുന്നു.മലയ്ക്ക് പോയവര്‍ തിരിച്ചെത്തി കെട്ടഴിക്കാനുള്ള കാത്തിരിപ്പാണ് അടുത്തത്. നെയ്യിന്റെ മണമാണ് ഇരുമുടിക്കെട്ടിന്. മാലയൂരി അപ്പവും പൊരിയും അവിലും മലരുമൊക്കെ ചേര്‍ത്തിളക്കിയ പ്രസാദം ചെറിയ ചെറിയ പൊതികളാക്കി വിതരണം നടത്തുന്നതോടെയാണ് അയ്യപ്പന്‍മാരുടെ തീര്‍ത്ഥയാത്രക്ക് സമാപനമാകുന്നത്. പെണ്‍കുട്ടികള്‍ക്ക് പപ്പായക്കുരുപോലുള്ള മുത്തുകള്‍ കൊണ്ട് കോര്‍ത്തെടുത്ത പല നിറത്തിലുള്ള മാലകളാകും മലയ്ക്ക് പോയിവരുന്നവര്‍ കരുതുന്നത്. ആണ്‍കുട്ടികള്‍ക്ക് കറുത്ത ചരടില്‍ കോര്‍ത്ത പുലിനഖം. മലയ്ക്ക് പോകാന്‍ മാലയിട്ട് വരുന്ന കുട്ടികള്‍ക്ക് സ്‌കൂളിലും പ്രത്യേക പരിഗണനയുണ്ട്. കുട്ടിഅയ്യപ്പന്‍മാര്‍ വികൃതി കാണിച്ചാല്‍, മാഷിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കില്‍, എന്തിന് ഹോംവര്‍ക്ക് ചെയ്തില്ലെങ്കില്‍പ്പോലും ശിക്ഷയില്ല. അയ്യപ്പനെ അടിക്കാനോ നുള്ളാനോ പാടില്ലെന്ന അലിഖിതനിയമം ജാതിമതഭേദമില്ലാതെ അന്ന് എല്ലാ സ്‌കുൂളിലെയും അധ്യാപകര്‍ കൃത്യമായി പാലിച്ചിരുന്നു. ഉച്ചപ്പാട്ടിന് കൊട്ടുമ്പോള്‍ ക്ഷേത്രത്തിനടുത്തുളള്ള ആശാന്‍ പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. ഓടിപ്പോയി പഴംനുറുക്കും പായസവും വാങ്ങിവരാം.

അങ്ങനെ പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ ഒരുപാടുണ്ട് മണ്ഡലകാലഓര്‍മകള്‍. സ്‌കൂളില്‍ നിന്ന് കോളേജിലേക്ക് കടന്നിട്ടും ഈ പതിവുകളൊക്കെ തുടര്‍ന്നു. പക്ഷേ ഇതിനിടയില്‍ പതുക്കെ പതുക്ക പണ്ടുണ്ടായിരുന്നതില്‍ ചിലതൊക്കെ ഇല്ലാതായിത്തുടങ്ങി. അതില്‍ അന്നും ഇന്നും സങ്കടമുള്ളത് പരസ്പരം കുശലം പറഞ്ഞ് വെളിച്ചം വിതറിയിരുന്ന മരവട്ടിക്കായ ദീപങ്ങള്‍ ഒഴിവാക്കപ്പെട്ടതാണ്. പകരം ചുവപ്പും പച്ചയും നീലയും വെളിച്ചം വിതറുന്ന ഇലക്ട്രിക് വിളക്കുകള്‍ അമ്പലക്കവാടങ്ങളില്‍ തൂങ്ങിക്കിടക്കാന്‍ തുടങ്ങി. നിര്‍മാല്യത്തിനും ദീപാരാധാനയ്ക്കും പതിവായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. വൈകുന്നേരങ്ങളില്‍ കുളിച്ചീറന്‍മുടിയും ചിക്കി ദീപാരാധനക്കൊട്ട് തുടങ്ങിയെന്ന് ധൃതിപ്പെട്ട് പോയിരുന്ന പെണ്ണുങ്ങളെ ഇന്ന് കാണാനേയില്ല. ദീപാരാധനയ്ക്ക് ശേഷം പൊട്ടാത്ത പടക്കങ്ങള്‍ തിരയാന്‍ കുട്ടികളൊന്നുമില്ലാതെ അമ്പലപ്പറമ്പ് ഒഴിഞ്ഞു കിടപ്പായി.

ഓര്‍മയിലാകുന്ന ചില ജീവിതരീതികളും സംസ്‌കാരവും അവശേഷിപ്പിച്ച് ഓരോ കാലഘട്ടവും കടന്നുപോകുകയാണ്. ഓണത്തിനും വിഷുവിനും വന്ന മാറ്റങ്ങള്‍ മണ്ഡലകാലത്തിനും ബാധകമായി. ശബരിമലയെ ചുറ്റപ്പറ്റിത്തന്നെയാണ് കേരളത്തിലെ മണ്ഡലകാലസംസ്‌കാരത്തിന്റെ നിലനില്‍പ്പ്. മാറ്റങ്ങള്‍ ഒരുപാട് വന്നെങ്കിലുംം സങ്കല്‍പ്പം കൊണ്ടും ആചാരാനുഷ്ടാനങ്ങള്‍ കൊണ്ടും ശബരിമല മണ്ഡലകാല സംസ്‌കാരത്തിന്റെ എക്കാലത്തേയും പ്രതീകമാണ്. അവിടുണ്ടായ ക്രമക്കേടുകള്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കുമെന്നെതിന് ഇത്തവണത്തെ മണ്ഡലകാലം തെളിവായി. പ്രതിഷേധിക്കാനാണെങ്കിലും നാട് മുഴുവന്‍ നാമസങ്കീര്‍ത്തനം മുഴങ്ങി എന്നത്് ആശ്വാസകരം. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നാമജപത്തോളം പോന്ന മറ്റൊരു മാര്‍ഗമില്ലെന്ന് ചൊല്ലിയവര്‍ക്കും കേട്ടവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. രാഷ്ട്രീയമായും സാമുദായികമായും ജാതീയമായും ശബരിമല പ്രശ്‌നം ഏറ്റെടുത്തവരുണ്ടാകും. പക്ഷേ ഇതൊന്നുമില്ലാതെ കലിയുഗവരദന് എന്തോ ദോഷം വരുന്നു എന്ന നിഷ്‌കളങ്കമായ സങ്കല്‍പ്പത്തില്‍ ശരണം വിളിച്ച് തെരുവിലറങ്ങിയവരാണ് അധികവും. അവരുടെ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തിയാകണം അനിഷ്ടങ്ങളില്ലാതെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിപ്പിച്ചത്.

ക്ഷേത്രസംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും പോറല്‍പോലുമേല്‍ക്കാതെ ഇനിയും ഒരുപാട് മണ്ഡലമാസങ്ങള്‍ കടന്നുവരട്ടെ. പരിഷ്‌കാരങ്ങളുടെ വറുതിയില്‍ നിന്ന് ഇന്നലെകളുടെ നല്ല സംസ്‌കാരങ്ങളില്‍ നമ്മുടെ ക്ഷേത്രങ്ങള്‍ ഉറച്ചുനില്‍ക്കണം. കഴിയുമെങ്കില്‍ പൊയ്‌പ്പോയ വൃശ്ചികസംസ്‌കാരത്തെ പുതിയ തലമുറയിലേക്ക് വ്യാപിപ്പിക്കാന്‍ ഓരോ ക്ഷേത്രകമ്മിറ്റികളും തീരുമാനമെടുക്കണം. ആചാരാനുഷ്ഠാനങ്ങളില്‍ കൈകടത്തല്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നവര്‍ മാര്‍ബിള്‍ത്തറകളും ടൈല്‍സ് പാകിയ മുറ്റങ്ങളും ഒഴിവാക്കി അമ്പലങ്ങളില്‍ ഗ്രാമീണത നിറയ്ക്കണം. ബിസിനസിനായി ഉത്സവങ്ങളും വഴുപാടുകളും നടത്തുന്നതിന് അറുതിവരുത്തണം. പായല്‍പിടിച്ച് നികന്നുപോകുന്ന അമ്പലക്കുളങ്ങള്‍ക്ക് ജീവശ്വാസം നല്‍കണം. ക്ഷേത്രാങ്കണത്തിന് യോജിച്ച കലാവിഷ്‌കാരങ്ങള്‍ മാത്രം ഉത്സവങ്ങളില്‍ തൈരഞ്ഞെടുക്കണം. കോടതി വിധിയോടും സര്‍ക്കാര്‍ നിലപാടിനോടും കാണിച്ച വിയോജിപ്പ് വിശ്വാസികള്‍ അമ്പലങ്ങളിലെ അരുതാത്ത പരിഷ്‌കാരങ്ങളിലും തുറന്നു കാട്ടണം. ഈ മണ്ഡലകാലം നല്‍കുന്ന സന്ദേശമാണത്. അനിവാര്യമായ ഒരു മാറ്റത്തിനായി കലിയുഗവഗവരദനായ അയ്യപ്പന്‍ അറിഞ്ഞു നല്‍കിയ അവസരമായി ശബരിമല പ്രശ്‌നത്തെ കാണാന്‍ കഴിഞ്ഞാല്‍ അതൊരു നല്ല തുടക്കമാകും. ക്ഷേത്രസംസ്‌കാരത്തെ നശിപ്പിക്കുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ ദുര്‍നടപടികളും ചോദ്യം ചെയ്യപ്പെടട്ടെ. അതിനായി ഇനിയും നാമജപഘോഷയാത്രകള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഉയരട്ടെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button