അബുദാബി : ലോക്‌സഭയില്‍ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ പങ്കെടുത്തിലെന്ന കാരണത്താല്‍ വിവാദത്തില്‍ അകപ്പെട്ട മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
ചര്‍ച്ച ബഹിഷ്‌കരിക്കാനായിരുന്നു ആദ്യം പാര്‍ട്ടിയെടുത്ത തീരുമാനം. കോണ്‍ഗ്രസിനോടൊപ്പം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. പാര്‍ട്ടി സംബന്ധമായ ചില ആവശ്യങ്ങള്‍ക്കാണ് വിദേശത്ത് പോകേണ്ടി വന്നത്. എന്നാല്‍ പിന്നീട് ചില പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്യാം എന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ലീഗും അതില്‍ പങ്കാളിയാവുകയായിരുന്നു.
താനും ഇ.ടി മുഹമ്മദ് ബഷീറും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പൂര്‍ണ്ണമായ വോട്ടെടുപ്പല്ല തീര്‍ത്തും പ്രതിഷേധ സൂചകമായ വോട്ടെടുപ്പാണ് അവിടെ നടന്നതെന്നും തനിക്ക് നേരെ ചില കേന്ദ്രങ്ങളില്‍ നിന്ന് കുപ്രചരണങ്ങള്‍ അഴിച്ച് വിടുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
Post Your Comments