ന്യൂഡല്‍ഹി: ക്രിസ്തുമസ് അവധിക്കായി നിര്‍ത്തിവെച്ച ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഡിസംബര്‍ 15 തുടങ്ങിയ സമ്മേളനം ജനുവരിഅഞ്ചിനാണ് അവസാനിക്കുന്നത്. മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്‍ പാസാക്കുന്നതിനായി എന്‍.ഡി.എ അംഗങ്ങള്‍ക്ക് വിപ് നല്‍കിയിട്ടുണ്ട്. റഫാല്‍, കമ്പ്യൂട്ടര്‍ നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും.
റഫാല്‍ ഇടപാടിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ സഭ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. ഇന്നും വിഷയത്തില്‍ ഭരണപ്രതിപക്ഷ ബഹളം പ്രതീക്ഷിക്കാം. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെയും രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷത്തിന്റെയും അവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടാതെ രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ 10 അന്വേഷണ ഏജന്‍സികള്‍ക്ക് നിരുപാധിക അനുമതി നല്‍കിയ ഉത്തരവിനെതിരെയും വന്‍ പ്രതിഷേധം ഉയരുന്നു. ഈ കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ അംഗം ബിനോയ് വിശ്വം രാജ്യസഭ ചെയര്‍മാന് നോട്ടീസ് നല്‍കി.
Post Your Comments