ന്യൂഡല്‍ഹി: 2003ല്‍ മധ്യപ്രദേശിലെ നിമയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് നേടാനായത് വെറും 38 സീറ്റുമാത്രം. പാര്‍ട്ടിയുടെ ഈ തോല്‍വി മറ്റുള്ള നേതാക്കളേയും പോലെ ദുര്‍ഗ ലാല്‍ കിരാഡ് എന്ന പ്രവര്‍ത്തകനേയും ഏറെ വേദനിപ്പിച്ചു. തുടര്‍ന്ന് കിരാഡ് ഒരു പ്രതിജ്ഞ എടുത്തു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ എത്താതെ താന്‍ ഷൂ ധരിക്കില്ല. എന്നാല്‍ ആ പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ കിരാഡിന് പതിനഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
അങ്ങനെ 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിയെത്തി. കിരാഡ് തന്റെ പ്രതിജ്ഞയും പൂര്‍ത്തീകരിച്ചു. മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയില്‍ എത്തിയാണ് അയാള്‍ കാലങ്ങള്‍ക്ക് ശേഷം ഷൂ ധരിച്ചത്. പഴയ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും ഇതിനായി എത്തിയിരുന്നു. പിന്നീട് കിരാഡിനെ കുറിച്ച് കമല്‍നാഥ് ട്വിറ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് വിജയം ഉറപ്പാക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച കിരാഡിനെ പോലെയുള്ള പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം 2003ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തറപ്പറ്റിയപ്പോള് മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വര്‍ഷത്തെ വനവാസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാജസ്ഥാനിലും പിസിസി അധ്യക്ഷനായ സച്ചിന് പൈലറ്റും ഇതുപോലെ പരമ്പരാഗത തലപ്പാവായ സഫ ഉപേക്ഷിച്ചിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമാണ് അദ്ദേഹം സഫ ധരിച്ചത്.
Post Your Comments