Latest NewsArticle

അയ്യപ്പജ്യോതി….വേര്‍തിരിവുകളുടെ വന്‍മതിലുകളെ ഇരുട്ടിലാക്കിയ ലക്ഷപ്രഭ

ഒരു മഹാജ്യോതിയുടെ ആശ്ചര്യത്തിലാണ് കേരളം. ജാതി മതവര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ സ്വാമിയോ ശരണമയ്യപ്പാ എന്ന മന്ത്രമുരുവിട്ട് ലക്ഷക്കണക്കിനാളുകള്‍ വിളക്കും കയ്യിലേന്തി അണിനിരന്നപ്പോള്‍ അടിയുറച്ച ഹൈന്ദവ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും നേര്‍ക്കാഴ്ച്ചയായി അത്. വന്‍മതിലുകള്‍ തകര്‍ക്കപ്പെടേണ്ടതാണെന്നും അന്ധാകരമകറ്റാന്‍ വെളിച്ചം തന്നെ വേണമെന്നും ഉറപ്പിച്ചുപറഞ്ഞ അയ്യപ്പജ്യോതി പ്രോജ്ജ്വലമായ ഒരു സന്ദേശം കൂടിയാണ് നല്‍കിയിരിക്കുന്നത്.

795 കിലോമീറ്റര്‍ നീണ്ട അയ്യപ്പജ്യോതി ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പോരാടുന്നവര്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. കാസര്‍കോട്ടു നിന്നും തെളിഞ്ഞ ജ്യോതി അതിര്‍ത്തിയായ കളിയിക്കാവിളയും കടന്ന് കന്യാകുമാരിവരെ നീണ്ടു. ശബരിമലയില്‍ അയ്യപ്പസ്വാമിക്ക് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്ന അതേസമയം തന്നെയാണ് സ്വാമിയേ ശരണമയ്യപ്പാ എന്നുറക്കെ വിളിച്ച് ലക്ഷകണക്കിന് ദീപങ്ങള്‍ കേരളത്തില്‍ തെളിയിക്കപ്പെട്ടത്. കലികാലത്ത് നാമസങ്കീര്‍ത്തനത്തിനാണ് പ്രാധാന്യമെങ്കില്‍ കേരളത്തെ ഏത് അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കാനുതകുന്ന നാമസങ്കീര്‍ത്തനം ഈ കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതൊരു മഹാനിയോഗമായി കണക്കാക്കാം. പരമോന്നത കോടതിയുടെ വിധിയുടെ പേരിലായാലും പിണറായി സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കെതിരെയാണെങ്കിലും ഇത്തരത്തില്‍ കേരളം നാമസങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമായ ഒരു കാലം ഇതിന് മുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല.

നാമജപ പ്രതിഷേധം പോലെതന്നെ അയ്യപ്പജ്യോതിയും കേരളവും കടന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ഏറ്റെടുത്തു. അയ്യപ്പജ്യോതിയില്‍ കേരളം തിളങ്ങിയപ്പോള്‍ സിംഗപ്പൂരിലും ബ്രിട്ടണിലും ആസ്ട്രേലിയയിലും അമേരിക്കയിലും അയ്യപ്പനാത്തില്‍ ദീപങ്ങള്‍ കണ്‍തുറന്നു. സിംഗപ്പൂരില്‍ യിഷുണ്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് പ്രവാസികളായ അയ്യപ്പഭക്തര്‍ ഒത്ത് ചേര്‍ന്ന് ദീപം തെളിയിച്ചത്. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അയ്യപ്പജ്യോതി നടന്ന അതേസമയത്ത് തന്നെയാണ് സിംഗപ്പൂരിലും ദീപങ്ങള്‍ തെളിഞ്ഞത്. അയ്യപ്പഭക്തരുടെ കൂട്ടായ്മയായ ‘അയ്യപ്പ ധര്‍മ്മ പരിഷത്ത്, സിംഗപ്പൂറിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ അയ്യപ്പജ്യോതി സംഘടിപ്പിക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അയ്യപ്പഭക്തര്‍ അയ്യപ്പജ്യോതി തെളിയിച്ച് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിയ്ക്കുമന്നെുള്ള വിശ്വാസികളുടെ പ്രതിജ്ഞയ്ക്ക് പിന്തുണനല്‍തി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിയ്ക്കുന്ന ഭക്തര്‍ വീട്ടിനുള്ളില്‍ ജ്യോതി തെളിയിച്ച് ആ ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കലിയുഗവരദനോടുള്ള അചഞ്ചലമായ വിശ്വാസവും ഭക്തിയും തെളിയിച്ചു. ചുരുക്കത്തില്‍ ലോകം മുഴുവന്‍ സ്വാമി അയ്യപ്പന്റെ പേരില്‍ ജ്യോതി തെളിയിച്ചാണ് ഇത്തവണത്തെ മണ്ഡലകാലം അവസാനിക്കുന്നത്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെപ്പിടിച്ച് ജീവിക്കുന്ന ഹിന്ദുവിനെ അടയാളപ്പെടുത്താന്‍ സാക്ഷാല്‍ കലിയുഗവരദനൊരുക്കിയ മഹാനിയോഗമാണ് അയ്യപ്പജ്യോതിയെന്നാണ് അയ്യപ്പഭക്തരുടെ വിശ്വാസം. ശബരിമലയെ ശബരിമല ആക്കുന്നത് അവിടത്തെ ആചാരങ്ങളും വിശ്വാസങ്ങളുമാണ്. താത്കാലികമായ ചില ക്രമക്കേടുകള്‍ ഉണ്ടായെങ്കിലും വിശ്വാസികള്‍ക്ക ്ഒരുവിധത്തിലും തടസങ്ങള്‍ സൃഷ്ടിക്കാതെ ശബരിമല തീര്‍ത്ഥാടനം പൂര്‍വ്വസ്ഥിതിയിലെത്തിയാണ് മണ്ഡലകാലം അവസാനിക്കുന്നത്. മുമ്പൊരിക്കലുമില്ലാത്തവിധം ലോകമെങ്ങും ശബരിമല ഇത്തവണ ചര്‍ച്ച ചെയ്യപ്പെട്ടു. ആ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും അയ്യപ്പന്റെ പൂങ്കാവനത്തിലെത്തണമെന്ന ആഗ്രഹമാണ് അതുണ്ടാക്കുന്നത്.ഓരോ മനുഷ്യനും അവന്റെ വ്യത്യസ്തമായ യാത്രകള്‍ക്കൊടുവില്‍ എത്തപ്പെടേണ്ടത് ഈശ്വരസന്നിധിയില്‍ തന്നെയാണ്. ആ സന്നിധിയിലേക്കുള്ള ആഹ്വാനമായി ശബരിമല ഇത്തവണ മാറിയെന്ന് വ്യാഖ്യാനിക്കാം. അതാണ് ശരിക്കുമുള്ള നവോത്ഥാനം. തകര്‍ക്കപ്പെടാന്‍ പ്രത്യേകിച്ച് വലിയ അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ ഇല്ലാത്ത ഒരു നാട്ടിലല്ല തുടച്ചുമാറ്റാനാകാത്തവിധം അനാചാരങ്ങള്‍ ് വേരൂന്നിനില്‍ക്കുന്ന എത്രയോ സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. നവോത്ഥാനനായകര്‍ സഞ്ചരിക്കേണ്ടത് അത്തരം ചില നാടുകളിലേക്കാണ്. അവിടെ മതില്‍ പണിഞ്ഞോ പൊളിച്ചോ മനുഷ്യനെ മനുഷ്യനാക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോഴാണ് നവോത്ഥാനം സാധ്യമാകുക.

പുരാണേതിഹാസങ്ങളും വേദങ്ങളും ഉപനിഷത്തുകളും രാമായണവും ഭഗവത് ഗീതയും ഭാഗവതവും യോഗയും ക്ഷേത്രവും ക്ഷേത്ര സംസ്‌കാരങ്ങളും തെളിച്ചു തരുന്നത് നവോത്ഥാനത്തിന്റെ പാതകളാണ്. ഇവയൊന്നും അഭിനവ നവോത്ഥാനക്കാരുടെ സൃഷ്ടിയല്ല. ഋഷീശ്വരന്‍മാര്‍ തപം ചെയ്തു നേടി നമ്മുടെ പൂര്‍വികന്മാര്‍ ആചരിച്ച് അനുഷ്ടിച്ച് ഉപദേശിച്ച് വരുംതലമുറയ്ക്ക് പകര്‍ന്നു തന്ന സംസ്‌കാരമാണ് നവോത്ഥാനത്തിന്റെ പിന്നില്‍. ഗ്രഹിക്കേണ്ടത് ഗ്രഹിക്കാതെ പുരാണേതിഹാസങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത ശീലിച്ചവര്‍ക്ക് അത് മനസിലാകില്ല. ലോകത്തിന് മുഴുവന്‍ വെളിച്ചം നല്‍കേണ്ട ആ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യപ്രഖ്യാപനങ്ങളില്‍ തള്ളിപ്പറയപ്പെടേണ്ടവയല്ല സാംസ്‌കാരിക മൂല്യങ്ങള്‍. അതിന്റെ സത്ത ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ പഠിച്ച് പഠിപ്പിച്ച പ്രചരിപ്പിച്ച വരും തലമുറയിലേക്ക് കൈമാറേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവും ധര്‍മ്മവുമാണ്. ആ തിരിച്ചറിവില്‍ ജീവിക്കുന്നവരാണ് മാനവരാശിക്ക് പ്രകാശവും അതുവഴി ശാന്തിയും സമാധാനവും പകരുന്നത്. ശബരിമല വിഷയത്തിലും പ്രതിഫലിക്കുന്നത് ഇത്തരത്തിലുള്ള ചില ചിന്തകളും ആദര്‍ശങ്ങളുമാണ്. ആ മൂല്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ട് നടന്നതാണ് അയ്യപ്പജ്യോതി. മുദ്രാവാക്യമില്ല, പ്രതിഷേധമില്ല ആരോടും പരിഭവമില്ല…പകരം നിറഞ്ഞ ഭക്തിയും വെളിച്ചവും നിറച്ച മനസുകൊണ്ട് അധികാരം കൊണ്ടും അജ്ഞാനം കൊണ്ടുംം അന്ധരായവരുടെ മനസില്‍ വെളിച്ചമേകാനുള്ള പ്രാര്‍ത്ഥനയായിരുന്നു അത്. അതുകൊണ്ടാണ് വരാന്‍ പോകുന്ന മന്‍മതിലുകളെ ഇന്നേ നിഷ്പ്രഭമാക്കി കേരളം മുഴുവന്‍ അയ്യപ്പജ്യോതിയില്‍ ജ്വലിച്ചുനിന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button