ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിള്ളല്‍ കൂടുന്നു : ആഫ്രിക്ക രണ്ടായി പിളരാന്‍ അധിക നാളുകള്‍ എടുക്കില്ല
കെനിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലായി കിലോമീറ്ററുകള്‍ നീണ്ട ഒരു വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ഈ വര്‍ഷം മധ്യത്തിലാണ്. ഈ വിള്ളല്‍ പെട്ടെന്നുണ്ടായതല്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ പ്രത്യക്ഷ തെളിവുകളില്‍ ഒന്നാണ്. ആഫ്രിക്ക എന്ന ഭൂഖണ്ഡം വൈകാതെ രണ്ടായി പിളരാന്‍ പോകുകയാണ് എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
ഭൂമിയിലെ വന്‍കരകളും സമുദ്രങ്ങളുമൊന്നും ഇന്നു കാണുന്ന രൂപത്തിലോ സ്ഥാനത്തോ ആയിരുന്നില്ല. ഇനിയും അങ്ങനെ തുടരുകയുമില്ല. വരും കാലത്ത് ഇന്നു കാണുന്ന വന്‍കരകളെല്ലാം ആദികാലത്തെ പാന്‍ജിയ എന്ന ഒറ്റ ഭൂഖണ്ഡം പോലെ വീണ്ടും ഒന്നു ചേരുമെന്നും ഗവേഷകര്‍ ഉറപ്പു പറയുന്നു. ഇങ്ങനെ ഭാവിയിലെപ്പോഴോ നടക്കാനിരിക്കുന്ന ആ കൂടിച്ചേരലിന്റെ ആദ്യപടിയാണ് ആഫ്രിക്കന്‍ വന്‍കരയുടെ ഈ പിളര്‍പ്പ്.
കെനിയയിലുണ്ടായ വിള്ളലിലേക്കു തിരിച്ചു വന്നാല്‍, ഈ വിള്ളല്‍ അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണെന്നു കാണാം. വിള്ളല്‍ ഏതാനും കിലോമീറ്റര്‍ കൂടി നീണ്ടാല്‍ അത് കെനിയയിലെ ഏറ്റവും വലിയ പാതയായ നെയ്‌റോബി – നാക്‌റോക് ദേശീയ പാതയെ തന്നെ തകര്‍ക്കും. മേല്‍ത്തട്ടിലെ മണ്ണിടിഞ്ഞു താഴ്ന്നാണ് ഈ നീണ്ട ഗര്‍ത്തം രൂപപ്പെട്ടത്. ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത് അടിഭാഗത്തെ മണ്ണിനു സ്ഥാനചലനം സംഭവിച്ചു എന്നതാണ്. ഇതിലേക്കു നയിച്ചതാകട്ടെ ഭൂമിയുടെ പ്ലേറ്റുകളുടെ സ്ഥാനചലനവും.
ഭൂമിയിലെ വന്‍കരകളും സമുദ്രവുമെല്ലാമടങ്ങുന്ന മേല്‍ത്തട്ട് അഥവാ ലിത്തോസ്ഫിയര്‍ സ്ഥിതി ചെയ്യുന്നത് വിവിധ പ്ലേറ്റുകള്‍ക്കു മുകളിലാണ്. ഉദാഹരണത്തിന് ഇന്ത്യയുടെ വലിയൊരു ഭാഗവും സ്ഥിതി ചെയ്യുന്നത് ഇന്തോ ഓസ്‌ട്രേലിയന്‍ പ്ലേറ്റിലാണ്. വടക്കന്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ യൂറേഷ്യന്‍ പ്ലേറ്റിലും. ഈ രണ്ട് പ്ലേറ്റുകളും എപ്പോഴും നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയാണ്. യൂറേഷ്യന്‍ പ്ലേറ്റിലേക്ക് ഇന്തോ ഓസ്‌ട്രേലിയന്‍ ഇടിച്ചു കയറുകയാണ്. ഈ പ്ലേറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഭാഗമായി ഉണ്ടായ പര്‍വ്വതമാണ് ഹിമാലയം . ഈ പ്ലേറ്റുകള്‍ തമ്മിലുള്ള ഉരസല്‍ ഇപ്പോഴും തുടരുന്നതിനാലാണ് ഹിമാലയത്തിന്റെ ഉയരം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നതും, ഹിമാലയന്‍ മേഖല അതീവ ഭൂകമ്പ സാധ്യതാ പ്രദേശമായി തുടരുന്നതും.
സമാനമായ പ്രതിഭാസമാണ് ആഫ്രിക്കയില്‍ സംഭവിക്കുന്നതും. പക്ഷെ ഇവിടെ ആഫ്രിക്കന്‍ പ്ലേറ്റ് മറ്റൊരു പ്ലേറ്റുമായി ഉരസുകയല്ല ചെയ്യുന്നത്. മറിച്ച് ആഫ്രിക്കന്‍ പ്ലേറ്റ് തന്നെ രണ്ടായി പിളരുകയാണ്. ആഫ്രിക്കന്‍ പ്ലേറ്റിനും ഇന്ത്യന്‍ പ്ലേറ്റിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ആഫ്രിക്കയുടെ പിളര്‍പ്പിന്റെ ആരംഭവും ഇവിടെ നിന്നാണ്.
വടക്ക് ഏദന്‍ കടലിടുക്കു മുതല്‍ തെക്ക് സിംബാബ്വെ വരെയാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി വ്യാപിച്ചു കിടക്കുന്നത്. ഇന്ത്യന്‍ പ്ലേറ്റും ആഫ്രിക്കന്‍ പ്ലേറ്റും തമ്മിലുണ്ടായ ഉരസല്‍ സൃഷ്ടിച്ച ശക്തിയിലാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി രൂപപ്പെട്ടത്. ക്രമേണ ഈ പിളര്‍പ്പിന്റെ താഴ്വര പുതിയൊരു പ്ലേറ്റിന്റെ രൂപം കൊള്ളലിനു കാരണമാവുകയായിരുന്നു. ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയിലെ പിളര്‍പ്പു പൂര്‍ണ്ണമാകുന്നതോടെ ആഫ്രിക്കന്‍ പ്ലേറ്റ് രണ്ടായി പിളര്‍ന്നു മാറും. കിഴക്കു സൊമാലി പ്ലേറ്റും, പടിഞ്ഞാറ് നൂബിയാന്‍ പ്ലേറ്റും. ഇതില്‍ സൊമാലിയന്‍ പ്ലേറ്റാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അകന്നുപോയി സ്വതന്ത്രമാകുന്നത്.
മുകളില്‍ പറഞ്ഞതു പോലെ ഭൂമിയുടെ മേല്‍ത്തട്ടു മുഴുവന്‍ ചെറുതും വലുതുമായി നിരവധി പ്ലേറ്റുകളാല്‍ നിറഞ്ഞതാണ്. ഇവ നീങ്ങിക്കൊണ്ടിരിക്കുകയും പരസ്പരം ഉരസുകയും അകലുകയുമൊക്കെ ചെയ്യും. വന്‍ പ്ലേറ്റുകള്‍ തമ്മിലുള്ള ഇത്തരം ഉരസലിന്റെ ശക്തിയില്‍ പലപ്പോഴും ചെറിയ പ്ലേറ്റുകളും പുതുതായി രൂപപ്പെടാന്‍ കാരണമാകാറുണ്ട്. എന്നാല്‍ ഈ ഉരസല്‍ മാത്രമല്ല, മേല്‍ത്തട്ടിന് അടിയില്‍ നിന്നുള്ള ശക്തിയുടെ സഹായം കൂടി ഉണ്ടെങ്കിലെ ഈ പിളര്‍പ്പ് സാധ്യമാകൂ. ഈ ശക്തി ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയില്‍ സജീവമാണ്.
Post Your Comments