ചങ്ങനാശേരി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പങ്കെടുത്തില്ല. ജ്യോതി നടക്കുമ്പോള്‍ മന്നം സമാധിയില്‍ ദീപം തെളിയിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസമാണ് വലുത്, വിശ്വാസികള്‍ക്ക് ഈ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, സമുദായ അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സുകുമാരന്‍ നായര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല. പകരം മന്നം സമാധിക്ക് മുന്നിലുള്ള പെരുന്ന ജംഗ്ഷനില്‍ അയ്യപ്പ ജ്യോതി നടക്കുന്ന സമയത്തു തന്നെ സുകുമാരന്‍ നായര്‍ മന്നം സമാധിയില്‍ ദീപം തെളിയിച്ചു.
പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ജ്യോതിയില്‍ വ്യാപകമായി പങ്കാളികളായി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ അയ്യപ്പജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു.
Post Your Comments