തിരുവനന്തപുരം•കാൻസർ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തിൽ ഊന്നൽ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിർണയത്തിന് ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.സി.സിയിലെ പുതിയ മന്ദിരം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കാൻസർരോഗത്തിന്റെ വ്യാപനത്തിനും ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിനും എതിരെ ബോധവത്കരണവും പ്രതിരോധനടപടികളും വേണം. രോഗത്തിനിടയാകുന്ന ഘടകങ്ങൾ സംബന്ധിച്ച് കൃത്യമായ അവബോധമുണ്ടാക്കണം.
കാൻസർ ചികിത്‌സയുമായി ബന്ധപ്പെട്ട് എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളുടെയും ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തി. നല്ല രീതിയിലെ ഒ.പി സൗകര്യവും വർധിപ്പിച്ചു.
താഴേത്തട്ടിൽ വില്ലേജ്തലത്തിൽ പരിശോധനാസംവിധാനം ഉണ്ടാകേണ്ടതുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്നതിനാൽ സംസ്ഥാനമാകെ വലിയതോതിൽ രോഗനിർണയം സാധിക്കുന്നുണ്ട്. 500 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യരംഗത്ത് ഇത് വലിയമാറ്റം സൃഷ്ടിക്കുന്നുണ്ട്.
കൂടുതൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ വന്നിട്ടും ആർ.സി.സിയിൽ തിരക്കിന് കുറവില്ല. പുതിയ മന്ദിരം പൂർത്തിയാകുന്നതോടെ സൗകര്യപ്രദമായ സേവനം ലഭിക്കുന്നതിനൊപ്പം സ്ഥലപരിമിതിയുടെ പ്രശ്‌നവും ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ 138 കോടി രൂപയോളം വിവിധ പദ്ധതികൾ ആർ.സി.സിയിൽ ചെലവാക്കിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശെശലജ ടീച്ചർ പറഞ്ഞു. ലീനിയർ ആക്‌സിലറേറ്റർ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. കൊച്ചിയിൽ കാൻസർ സെൻററിന് ശിലാസ്ഥാപനം കഴിഞ്ഞ് നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കാൻസറിനെതിരായ പോരാട്ടത്തിന് കാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന് രൂപം നൽകിയതായും മെഡിക്കൽ കോളേജുകളിൽ സർജിക്കൽ ഓങ്കോളജി പ്രത്യേക വിഭാഗമാക്കിയതായും മന്ത്രി പറഞ്ഞു.
സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, നഗരസഭാ കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു എന്നിവർ സംബന്ധിച്ചു. ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. എ. സജീദ് കൃതജ്ഞതയും പറഞ്ഞു.
സംസ്ഥാന സർക്കാരിൽനിന്ന് 187 കോടി രൂപ ചെലവഴിച്ചാണ് 14 നിലകളും 2,81,673 ചതുരശ്രഅടി വിസ്തീർണവുമുള്ള പുതിയ കെട്ടിടത്തിൽ ആധുനിക സേവന സൗകര്യങ്ങളുണ്ട്. റേഡിയോതെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ബ്‌ളഡ് ബാങ്ക്, ബോൺമാരോ ട്രാൻപ്ലാൻറ് യൂണിറ്റുകൾ, ലുക്കീമിയ വാർഡ്, മൈക്രോബയോളജി തുടങ്ങിയവ ഇവിടെ സജ്ജമാക്കും. രണ്ടുനിലകളിൽ വാഹനപാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും. രോഗികൾക്കായി നിലവിലുള്ള കിടക്കകൾക്കു പുറമേ 250 കിടക്കകൾ കൂടി ഇവിടെ സജ്ജീകരിക്കും. സൗരോർജം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും ഹരിതപ്രോട്ടോക്കോൾ പാലിച്ചുമായിരിക്കും പ്രവർത്തനങ്ങൾ. മലിനീകരണ നിയന്ത്രണ സംവിധാനവും സജ്ജമാക്കും.
Post Your Comments