കണ്ണൂര്‍ : പുതിയ പദ്ധതികള്‍ ആരംഭിച്ച് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധ്യാനം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായി ഇരിട്ടി സബ് ഡിവിഷണല്‍ ജനമൈത്രി പോലീസ് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെയും വിവിധ തൊഴില്‍ പരിശീലനം പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആറളം ഫാമിന് ഹോമിയോ ആശുപത്രി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ആരോഗ്യ കാര്യത്തില്‍ പരീക്ഷണത്തിന് നില്‍ക്കരുത്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മന്ത്രി അറിയിച്ചു. രോഗം വരാതിരിക്കാനാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. ഇതിനായി നമ്മുടെ നാട്ടിലും പരിസരങ്ങളിലും ലഭിക്കുന്ന പോഷക ഗുണമുള്ള ആഹാരങ്ങള്‍ കഴിക്കേണ്ടതുണ്ട്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ തുകകള്‍ സ്വരൂപിച്ച് മാതൃകാപരമായ പ്രവര്‍ത്തങ്ങളാണ് കേരള പോലീസ് നടത്തുന്നത്. സമൂഹത്തിലെ പ്രശ്നങ്ങളും ഒരു പരിധിവരെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കുറ്റം ചെയ്തവനെ ജയിലിലടച്ചത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. അതിന് സമൂഹത്തില്‍ പോലീസിന്റെ ശാസ്ത്രീയമായ ഇടപെടല്‍ ആവശ്യമാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന തീരുമാനം യുവാക്കള്‍ സ്വയം എടുക്കേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി എസ് സി എസ് ടി വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ അദാലത്തിന്റെ തുടര്‍പ്രവര്‍ത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏഴ് അലോപ്പതി ഡോക്ടര്‍മാരും മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാരുമാണ് പരിശോധന നടത്തുന്നത്. സൗജന്യ മരുന്നും ഇവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പരിശോധനയില്‍ കണ്ണട ആവശ്യമാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കണ്ണടയും സൗജന്യമായി നല്‍കും. കായിക ശേഷി വികസനത്തിനായുള്ള കായിക പരിശീലനത്തിന്റെ ഉദ്ഘാടനവും പരിപാടിയില്‍ നടന്നു. 70 പുരുഷന്മാരും 10 സ്ത്രീകളുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കൂടാതെ മികച്ച രീതിയില്‍ ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവരെയും ഇവര്‍ക്ക് സൗജന്യമായി പരിശീലനം നല്കിയഡ്രൈവിങ് സ്കൂള്‍ അധികൃതരെയും ചടങ്ങില്‍ ആദരിച്ചു. 30 ഓളം പേരാണ് പദ്ധതിയുടെ ഭാഗമായി ലൈസെന്‍സ് നേടിയിരിക്കുന്നത്. 60 ഓളം പേര് തയ്യല്‍ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രമോട്ടര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.
അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്, ജില്ലാ പോലീസ് മേധാവി ജി ശിവ വിക്രം, ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments