Latest NewsKerala

നവമാധ്യമങ്ങളിലെ സുരക്ഷ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍- നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

 

നവമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചു ധാരാളം പരാതികൾ ഉയരുന്ന കാലഘട്ടമാണ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും (Identity Theft) അധിക്ഷേപിക്കുന്നതും വഞ്ചിക്കപെടുന്നതുമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചില സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചാൽ ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങൾ തടയാനാകുമെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോലീസിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ.

ഫെയ്‌സ്‌ബുക്കിൽ നിങ്ങളുടെ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് നിങ്ങൾക്ക് നിയന്ത്രിക്കാവുന്ന തരത്തിൽ പ്രൈവസി സെറ്റിംഗ്സ് ക്രമീകരിക്കാവുന്നതാണ്. അപരിചിതരെയും ശല്യക്കാരെയും ഒഴിവാക്കാൻ ഇത് സഹായകമാണ്.

പരിചയമുള്ളവരുടെ friend റിക്വസ്റ്റ് മാത്രം accept ചെയ്യുക. അപരിചിതരുടെ ചാറ്റിംഗ് ഒഴിവാക്കുക,

യാത്ര പോകാൻ ഉദ്ദേശിക്കുന്ന വിവരങ്ങൾ, അന്നന്നത്തെ പ്ലാനുകൾ തുടങ്ങിയ സ്റ്റാറ്റസ് മുഖേന പരസ്യപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ആരൊക്കെ എവിടെയൊക്കെ ഇരുന്ന് നമ്മുടെ പ്രൊഫൈലുകൾ നിരീക്ഷിക്കുന്നു എന്ന് നമുക്കറിയില്ല.

പാസ്സ്‌വേർഡ് ഇടയ്ക്കിടെ മാറ്റുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിൻ്റെ പേര് തുടങ്ങിയവ പാസ്സ്‌വേർഡ് ആയി ഉപായിഗോക്കാതിരിക്കാൻ ശ്രമിക്കുക. ഓർക്കുക നമ്മുടെ വീടിൻ്റെ താക്കോൽ പോലെയാണ് നമ്മുടെ പാസ്സ്‌വേർഡും. പാസ്‌വേഡ് സുരക്ഷക്കായി “two factor authentication” പോലുള്ള സംവിധാനം ഉപയോഗിക്കുക.

ഫെയ്‌സ്‌ബുക്കിൽ ഒട്ടനവധി പ്രൊഫൈലുകളും വ്യാജമാണ്. ശരിയായ വിവരങ്ങൾ മറച്ചുവെച്ച ശേഷം കുറ്റകൃത്യങ്ങൾ ലാക്കാക്കി സൃഷ്ടിക്കപ്പെടുന്ന ഇത്തരം പ്രൊഫൈലുകൾ നിങ്ങളുടെ വിവരങ്ങൾ ഹാക്ക് ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കൾ എന്ന രീതിയിൽ മറ്റുള്ളവർക്ക് തെറ്റായ മെസ്സേജുകളും മറ്റും വ്യാജന്മാർ കൈമാറുന്നതിന് ഇടയാക്കുന്നു. മറ്റൊരാൾ നമ്മുടെ പേരിൽ അക്കൗണ്ടുകൾ (Identity Theft) ഉണ്ടാക്കുന്നതു ശ്രദ്ധയിൽപെട്ടാൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്തു അക്കൗണ്ട് ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ, വീട് അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ ഒന്നും തന്നെ നിങ്ങളുടെ പ്രൊഫൈൽ വഴി പരസ്യപ്പെടുത്താതിരിക്കുക. ചാറ്റിൽ വ്യക്തിപരമായ വിശേഷങ്ങൾ കുറച്ച് പൊതുവായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക.

ചാറ്റ്‌റൂമിൽ നിങ്ങളുടെ ഫോട്ടോകൾ, വിഡിയോകൾ കൈമാറാതിരിക്കുക. പിന്നീട് നിങ്ങളുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്താൽ പോലും കൈമാറിയ, നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്തേക്കാം.

ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട്സ് പബ്ലിക് വൈ ഫൈ മുഖേനെ ഉപയോഗിക്കാതിരിക്കുക. അധികാരികമല്ലാത്ത തേർഡ് പാർട്ടി ടൂൾസ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

ഫെയ്സ്ബൂക്കിലൂടെയോ മെയിലിലൂടെയോ അപരിചിതർ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കാതിരിക്കുക. മറ്റു വെബ്‌സൈറ്റുകൾ മുഖേനെയോ അപരിചിതർ അയക്കുന്ന മെയിൽ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇൻ ചെയ്യാതിരിക്കുക.

സോഷ്യൽ നെറ്റ്‌വർക്കിങ് ഏജന്റുകൾക്ക് നിങ്ങളുടെ മെയിലിലെ അഡ്രസ് ബുക്ക് സ്കാൻ ചെയ്യുന്നതിനുള്ള അനുമതി നൽകാതിരിക്കുക. ഹാക്കർമാർക്ക് നിങ്ങളുടെ അഡ്രസ് ബുക്കിലെ സുഹൃത്തുക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയക്കാൻ അത് ഇടയാക്കും.

നവമാധ്യമങ്ങളിലെ ഇടപെടലുകൾ ശ്രദ്ധയോടെ വേണം… സൂക്ഷിച്ചാൽ ദുഖിക്കേണ്ട!

shortlink

Related Articles

Post Your Comments

Related Articles


Back to top button