ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ യുപിഎ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ദത്ത്. തമിഴ്നാടിന്റെ ഡിഎന്‍എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കമല്‍ ഹാസന്‍ അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് സഞ്ജയ് ദത്ത്. ഇരുപാര്‍ട്ടികളുടെയും ആശയങ്ങള്‍ സമാനമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കോണ്‍ഗ്രസിന്റെ പടയാളി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധിയും എം.കെ.സ്റ്റാലിനും ജനാധിപത്യ മതേതരമുന്നണിക്ക് വേണ്ടിയാണ് പടനയിക്കുന്നത് എന്നാണ്. കമല്‍ഹാസന്റെ പ്രസ്താവനകള്‍ തെളിയിക്കുന്നത് അദ്ദേഹം ഫാസിസത്തിനും സാമുദായികശക്തികള്‍ക്കും എതിരാണെന്നാണ്. മതേതരജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും ദത്ത് പറഞ്ഞു.
നേരത്തേ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. അതേസമയം ഇതിനായി ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഡിഎംകെയുമായുള്ള ദീര്‍ഘകാലബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
Post Your Comments