ശബരിമലയില്‍ ഇന്ന് വീണ്ടും സംസ്ഥാന സര്‍ക്കാരും പോലീസും നാണം കെട്ടു. അതിനൊപ്പം തീര്‍ത്ഥാടകരുടെ, അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിന്റെ ആഴം ശരിയാംവണ്ണം തിരിച്ചറിയാന്‍ പോലീസിനായി…… പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഒറ്റക്കെട്ടായി, ഒരേ മനസോടെ സന്നിധാനത്ത് അണിനിരക്കുന്നത് കണ്ടപ്പോള്‍ സര്‍ക്കാരിന് നിലപാട് മാറ്റേണ്ടിവരുന്നു. ആ തീര്‍ത്ഥാടകാരില്‍ രാഷ്ട്രീയമില്ലായിരുന്നു, ജാതിയില്ലായിരുന്നു, സംസ്ഥാനമേതെന്ന പ്രശ്‌നമില്ലായിരുന്നു; അവരിലേറെയും കേരളത്തിന് പുറത്തുനിന്നുള്ളവരായിരുന്നു എന്നതുമോര്‍ക്കേണ്ടതുണ്ട് . അതാണ് യഥാര്‍ഥത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മുന്‍കാലങ്ങളില്‍ ആര്‍എസ്എസ്, ബിജെപി, വിശ്വഹിന്ദുപരിഷത് നേതാക്കള്‍ സന്നിധാനത്തും മറ്റും ക്യാമ്പ് ചെയ്ത് കുഴപ്പമുണ്ടാക്കുന്നു എന്ന് ആക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ അങ്ങനെയൊരാളെ ചൂണ്ടിക്കാണിക്കാനില്ല. അതേസമയം തീര്‍ത്ഥാടകര്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍- സിപിഎം കുല്‍സിത നീക്കത്തെ ചെറുക്കുന്നു. എന്ത് പ്രതിസന്ധി നേരിടാനും അവര്‍ തയ്യാറായി. അത് യഥാര്‍ഥത്തില്‍ അയ്യപ്പ വികാരമാണ്; ഹിന്ദുത്വ വികാരമാണ്. അത് കാണാനാണ് സര്‍ക്കാരിനും ഭരണകക്ഷിക്കും ഇതുവരെ കഴിയാതെ വന്നത്. കോടതി വിധി നടപ്പിലാക്കാന്‍ തങ്ങള്‍ ശ്രമിച്ചു എന്ന് പോലീസ് പറയുന്നത് മറ്റൊരു നാടകമാണ്; പൊലീസിന് എന്ത് കോടതി നിര്‍ദ്ദേശമാണുള്ളത്; സംസ്ഥാന സര്‍ക്കാരിന് പോലും സുപ്രീം കോടതി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നതോര്‍ക്കുക. എന്തായാലും ഇപ്പോള്‍ സര്‍ക്കാരും പോലീസും ചെയ്തുവെച്ചത് സിപിഎമ്മിന്റെ ‘വനിതാ മതില്‍’ പരിപാടിയെപ്പോലും ബാധിക്കുമോ എന്നതാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. മാത്രമല്ല, ആരോരും പറയാതെ, ഈ ‘സ്ത്രീപ്രയോഗങ്ങള്‍’ 26 -ലെ ‘അയ്യപ്പജ്യോതി’ക്ക് കരുത്തും ആവേശവും പകരുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരും ഇവിടെ ഭരണം കയ്യാളുന്നവരും വളരെ ലാഘവത്തോടെയാണ് ആദ്യമേ മുതല്‍ ഹിന്ദു സമൂഹത്തെ കണ്ടത്. ഹിന്ദു പ്രസ്ഥാനങ്ങള്‍ എന്നാല്‍ കണക്കിലെടുക്കേണ്ടതില്ല എന്ന് അവര്‍ കരുതി. ഹിന്ദു സമൂഹത്തിലെ യോജിപ്പില്ലായ്മയും തര്‍ക്കങ്ങളുമൊക്കെ അവരെ ബാധിച്ചിരുന്നു എന്നത് കുറെയൊക്കെ ശരിയാണ് താനും. എന്നാല്‍ ‘ശബരിമല’യില്‍ കാര്യങ്ങള്‍ സിപിഎമ്മിനെ കൈവിട്ടുപോയി ……..സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പം അനവധി ഹിന്ദു സംഘടനകള്‍ അണിനിരന്നു. അതില്‍ എന്‍എസ്എസും പന്തളം രാജ കുടുംബവും അണിനിരന്നതാണ് സുപ്രധാനമായത്. പട്ടികജാതി സംഘടനകള്‍, ബ്രാഹ്മണ സഭയും യോഗക്ഷേമ സഭയും തന്ത്രി സമാജവും മറ്റും; എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളിയെയും ഒരു കൂട്ടരെയും, ചില കേസുകള്‍ ചൂണ്ടിക്കാട്ടിയാവണം, വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാരിനായി. പക്ഷെ, ശ്രീനാരായണീയരില്‍ വലിയൊരു ഭാഗം ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണല്ലോ കണ്ടത്. എസ്എന്‍ഡിപിയില്‍ ചിലര്‍ കൈക്കൊണ്ട സമീപനമൊന്നും ഹിന്ദു മൂവ്‌മെന്റിനെ ഒരുതരത്തിലും ബാധിച്ചില്ല. മാത്രമല്ല സംസ്ഥാനത്തും പുറത്തുമൊക്കെ വലിയ തോതില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും അവര്‍ക്കായി. 26- ന് കന്യാകുമാരി മുതല്‍ മഞ്ചേശ്വരം വരെ നടക്കുന്ന അയ്യപ്പ ജ്യോതി ആ കരുത്തിന്റെ, ഐക്യത്തിന്റെ മറ്റൊരു തെളിവായിമാറുകയും ചെയ്യും.
ഇന്നലെ, ഞായറാഴ്ച, തമിഴ് നാട്ടില്‍നിന്നുമെത്തിയ ആക്ടിവിസ്റ്റുകള്‍ക്ക് എന്തൊക്കെ സഹായമാണ് പോലീസ് ചെയ്തത് എന്നതോര്‍ക്കുക. തമിഴ്നാട്ടില്‍ നിന്ന് ശബരിമല വരെ സംരക്ഷണം ഉറപ്പാക്കി; കേരളത്തില്‍ എത്തിയശേഷം രഹസ്യ മാര്‍ഗത്തിലൂടെ പമ്പയിലേക്ക്. പിന്നീട് മുന്നോട്ട് കൊണ്ടുപോകാനായി വലിയ തയ്യാറെടുപ്പ്. എന്നാല്‍ അപ്പോഴും ഒരു സംഘടനയോ നേതാവോ ഇല്ലാതെതന്നെ ഭക്തര്‍ ആചാരസംരക്ഷണത്തിനായി അണിനിരന്നു. അവസാനം ആക്ടിവിസ്റ്റുകളെയും കൊണ്ട് ഓടി രക്ഷപ്പെടേണ്ട ഗതികേട് കേരളാ പോലീസിനുണ്ടായി. ഇത്രക്ക് കേരളം പോലീസ് നാണം കേട്ടത് അടുത്തെങ്ങും കണ്ടതായി ഓര്‍മ്മയിലില്ല. അപ്പോഴെങ്കിലും പൊലീസിന് കാര്യങ്ങള്‍ ബോധ്യപ്പെടേണ്ടതായിരുന്നില്ലേ. എന്നാല്‍ ഇന്ന് , തിങ്കള്‍, വീണ്ടും അതെ നീക്കം അവര്‍ നടത്താന്‍ തയ്യാറായി. വരുന്നവര്‍ യഥാര്‍ഥ ഭക്തരാണ് എങ്കില്‍ ഇത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാവുമായിരുന്നോ ആവൊ; എന്നാല്‍ വരുന്നവരൊക്കെ വെറും ആക്ടിവിസ്റ്റുകളാണ്; ജാതിയില്ല മതമില്ല ഈശ്വരനില്ല ക്ഷേത്രമെന്തിന് എന്നൊക്കെ പറഞ്ഞുനടക്കുന്നവര്‍ ഒരു വലിയ ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ ലംഘിക്കാനായി, ക്ഷേത്ര മഹിമ തകര്‍ക്കാനായി എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വരുമ്പോള്‍ സര്‍ക്കാര്‍ കരുതലെടുക്കേണ്ടതായിരുന്നു. യഥാര്‍ഥത്തില്‍ കേരളത്തിലെ മത സൗഹാര്‍ദ്ദവും ഭക്തരുടെ വിശ്വാസപ്രമാണങ്ങളും മത വികാരവുമൊക്കെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അതൊക്കെ തകര്‍ക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ക്കായി ചൂട്ട് പിടിക്കുകയായിരുന്നു. അതൊരു ‘വിപ്ലവകരമായ നീക്ക’മാണ് എന്നതാണ് സിപിഎം പറഞ്ഞിരുന്നത് എന്നതോര്‍ക്കുക. അതാണ് മുഖ്യമന്ത്രിയുംമന്ത്രിമാരും ആവര്‍ത്തിച്ചിരുന്നത്. അതൊക്കെ തന്നെയാണ് ഇക്കൂട്ടര്‍ക്ക് പ്രചോദനമായത് എന്നതും മറന്നുകൂടാ.
ഇവിടെ നാം മറന്നുകൂടാത്ത ചില കാര്യങ്ങളുണ്ട്. നേരത്തെ ശബരിമലയിലേക്ക് പുറപ്പെട്ട ഒരാള്‍ക്കെതിരെ പത്തനംതിട്ട പോലീസ് നടപടിയെടുത്തത് ഓര്‍മ്മിക്കുക. ഒരു യുവതിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയായിരുന്നില്ലേ?. ആ ആക്ടിവിസ്റ്റും ഇക്കൂട്ടരും തമ്മില്‍ എന്താണ് വ്യത്യാസം; ആ ബിഎസ്എന്‍എല്‍ ജീവനക്കാരിക്കെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ടാണ് ഇവരെ രക്ഷിച്ചത്?. ഒന്നുകൂടി; അന്ന് ആ യുവതി ഹൈക്കോടതിയില്‍ പോയിരുന്നു ………… കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് . എന്നാല്‍ കോടതി അനുവദിച്ചില്ല. അതായത് പ്രഥമദൃഷ്ട്യാ കാര്യങ്ങള്‍ ശരിയായിരുന്നു എന്നതല്ലേ കോടതി കണ്ടത്. അത് പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍ക്കെതിരെയും നടപടി വേണ്ടതല്ലേ?. എന്നാല്‍ കേരള സര്‍ക്കാര്‍, പോലീസ് ഇത്തരക്കാരെ രക്ഷിക്കുകയാണ്, സംരക്ഷിക്കുകയാണ്.
എന്തൊക്കെയായാലും യുവതികള്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിക്കുമായിരുന്നു എന്ന് കരുതുകവയ്യ. ഏതെങ്കിലും വിധത്തില്‍ ഇന്ന് സ്ത്രീകളെ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നുവെങ്കില്‍ തന്നെ തന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമായിരുന്നു എന്നത് വ്യക്തം. അത് തന്റെ അധികാര പരിധിയില്‍ വരുന്നതാണ് എന്ന് തന്ത്രി വ്യക്തമാക്കിയതാണ്. അതായത് സ്ത്രീപ്രവേശനം എന്ന സിപിഎമ്മിന്റെ സ്വപ്നം അപ്പോഴും നടക്കുമായിരുന്നില്ല. പക്ഷെ ഒന്ന് സാധിച്ചെടുക്കുമായിരുന്നു….. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍. അത് ഉണ്ടാവുമായിരുന്നു എന്നും അതിന്റെ സാധ്യതയെക്കുറിച്ചും സിപിഎമ്മുകാരും അവരുടെ മാധ്യമങ്ങളും ഇന്നിപ്പോള്‍ പറയുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് അവര്‍ അങ്ങിനെ കരുതിയത്?. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അവിടെ ഒരൊറ്റ അറിയപ്പെടുന്ന ആര്‍എസ്എസ് – ബിജെപി നേതാവുമില്ല. മനപ്പൂര്‍വം സംഘര്ഷമുണ്ടാക്കാനായി ഒരാളും ഇറങ്ങിപ്പുറപ്പെട്ടിരുന്നുമില്ല. ആര്‍എസ്എസ് – ഹിന്ദു നേതാക്കളെയൊക്കെ കേസില്‍ കുടുക്കിയും മറ്റും അകറ്റി നിര്‍ത്തി എന്നതാണല്ലോ സര്‍ക്കാര്‍ വിലാസം പത്രങ്ങളും ചാനലുകളും പറഞ്ഞുനടന്നത്. എന്നിട്ടും ഇത്തരത്തിലൊരു പ്രതിഷേധമുണ്ടായത് എന്തുകൊണ്ടാണ് എന്നാണ് സര്‍ക്കാര്‍ കാണുന്നത്?. അവിടെ കണ്ടതാണ്യ യഥാര്‍ഥ ഹിന്ദു വികാരം; അതാണ് അയ്യപ്പ ഭക്തരുടെ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരാണ്, തീര്‍ത്ഥാടകരാണ് അവിടെ ഉണ്ടായിരുന്നത് എന്നതോര്‍ക്കുക. അവര്‍ക്കിടയില്‍ ഒരു വികാരം മാത്രമാണുണ്ടായിരുന്നത്…………. അയ്യപ്പ വികാരം. അവരുടെ നാവില്‍ ഒരേയൊരു നാമം മാത്രമേ ഉണ്ടായിരുന്നുള്ളു, ‘സ്വാമിയേ ശരണം’. അവര്‍ അവിടെ ഒന്നിച്ചു ………… ശബരിമല അയ്യപ്പന്റെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍. അവരാണ് ഇന്ന് നടപ്പന്തലിലും സന്നിധാനത്തേക്കുള്ള കാനന പാതയിലും നാമജപവുമായി പ്രതിഷേധിച്ചത്. അതാണ് അയ്യപ്പനെ കുറച്ചുകണ്ടവര്‍ തിരിച്ചറിയേണ്ടിയിരുന്നത്.
ഇവിടെ അതുപോലെ ഒരു തീര്‍ഥാടക പ്രവാഹം ഉണ്ടെന്നത് കൊണ്ടുകൂടിയാണ് ഇന്നിപ്പോള്‍ സര്‍ക്കാര്‍ ആചാരലംഘന നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയത്. സന്നിധാനത്ത് മുന്‍പ് പോലീസ് ബലം പ്രയോഗിച്ചിരുന്നുവല്ലോ; നാമജപവുമായി കഴിഞ്ഞിരുന്നവരെ ആക്ഷേപിച്ചതും പിടിച്ചിറക്കിയതും കേസില്‍ കുടുക്കിയതും മറക്കാനാവുമോ. എന്നാല്‍ ഇന്ന് അവര്‍ അതിനൊക്കെ മുതിര്‍ന്നുവെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരിക സംഘ പരിവാറുകാരെ ആവില്ല, അല്ലെങ്കില്‍ സംഘ്പരിവാറുകാര്‍ മാത്രമാവില്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അയ്യപ്പന്മാരെകൂടിയാണ്. അതുണ്ടാക്കിയേക്കാവുന്ന പ്രതികരണത്തെക്കുറിച്ച് ഈ ഭരണകൂടത്തിലെ ആരോ ചിന്തിച്ചു എന്നുവേണം കരുതാന്‍; നല്ല ബോധവു മുണ്ടായിട്ടുണ്ടാവണം …… ഭാഗ്യം. അന്യസംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകരെ ‘കൈകാര്യം ചെയ്താല്‍’ അത് കേരളത്തിന് പുറത്തു ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഭരണകര്‍ത്താക്കള്‍ ചിന്തിച്ചിരിക്കണം. അത് ഭാവിയില്‍ ശബരിമലയെ ബാധിക്കുന്നത് എങ്ങിനെയാണ് എന്നതൊക്കെ സാധാരണ നിലക്ക് തന്നെ ചിന്തിക്കാനാവുമല്ലോ. അതാണ് ഇന്നിപ്പോള്‍ ‘ ആചാര ലംഘന പദ്ധതി’യില്‍ നിന്ന്
സര്‍ക്കാര്‍ പിന്‍വാങ്ങിയത് എന്നുവേണം കരുതാന്‍. എന്നാല്‍ ഇതൊക്കെ പൊലീസിന്, ഭരണകൂടത്തിന്, നേരത്തെ അറിയാമായിരുന്നില്ലേ ?. പിന്നെ എന്തുകൊണ്ട് ഇതുപോലെ സംഘര്ഷമുണ്ടാക്കി ?. അതിനൊക്കെ പോലീസും സര്‍ക്കാരും മറുപടി പറയേണ്ടതുണ്ട്.
കോടതിവിധി നടപ്പിലാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നു എന്നുള്ള പോലീസിന്റെയും സര്‍ക്കാരിന്റേയും നിലപാടില്‍ ഒരു കഴമ്പുമില്ല. മുന്‍പും ഞാന്‍ അതൊക്കെ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി സര്‍ക്കാരിനോ പോലീസിനോ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. വെറുതെ സ്വയം കയറി ഏറ്റുപിടിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചതോടെ യഥാര്‍ഥത്തില്‍ സര്‍ക്കാരിന് പോസിറ്റീവ് ആയ ഒരു നിലപാടെടുക്കാമായിരുന്നു. പക്ഷെ അവര്‍ ഹിന്ദുവികാരങ്ങളെ ആക്ഷേപിക്കാനുള്ള സന്ദര്‍ഭമായി ഇതിനെ കാണുകയായിരുന്നുവല്ലോ.
അതെന്തായാലും ഇന്നത്തോടെ കാര്യങ്ങള്‍ സര്‍ക്കാരിന് കുറേക്കൂടി വ്യക്തമായി എന്നുവേണം കരുതാന്‍. ഈ കളികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ അവര്‍ സമൂഹത്തില്‍ ഏതാണ്ടൊക്കെ ഒറ്റപ്പെടുമെന്ന തോന്നല്‍ ഉണ്ടായിരിക്കുന്നു എന്നര്‍ത്ഥം. അതാണ് ഈ പ്രക്ഷോഭത്തിന്റെ വലിയ നേട്ടം. മാത്രമല്ല, ഇത് ഹിന്ദു സമൂഹത്തിന് പകര്‍ന്നു നല്‍കിയ കരുത്ത്, ആത്മവിശ്വാസം, ചെറുതല്ല. ഒരു പുതിയ ഹിന്ദു സമൂഹം ഇവിടെ വളര്‍ന്നുവരുന്നു എന്നതാണ് യാഥാര്‍ഥ്യം……. കരുത്തോടെ തെറ്റിനെതിരെ തലയുയര്‍ത്തി നില്‍ക്കാന്‍ പട്ടികജാതിക്കാര്‍ മുതല്‍ ബ്രാഹ്മണര്‍ വരെ കൈകോര്‍ക്കുന്ന ചങ്ങല. അത് അയ്യപ്പന്‍ ഹിന്ദു സമൂഹത്തിന് സമ്മാനിച്ചതാണ്……. അതാണ് ഏവരും ഓര്‍മ്മിക്കേണ്ടത്.
Post Your Comments