കാബൂള്‍: അഫ്ഗാന് മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസ്. തീരുമാനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം
അമറുള്ള സലേയെ ആഭ്യന്തരമന്ത്രിയായും അസദുള്ള ഖാലിദിനെ പ്രതിരോധ മന്ത്രിയായും നിയമിച്ചുകൊണ്ട് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ഞായറാഴ്ച ഉത്തരവിറക്കി. അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്‍ മേധാവിമാരായ അമറുള്ളയും അസദുള്ളയും കടുത്ത താലിബാന്വിരുദ്ധ സമീപനം പുലര്‍ത്തുന്നവരാണ്.
അപ്രതീക്ഷിതമായി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് അഫ്ഗാന് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെ മുന്‍ ആഭ്യന്തരമന്ത്രിയായ വായിസ് അഹമ്മദ് ബര്മാക്കും പ്രതിരോധമന്ത്രിയായിരുന്ന താരിഖ് ഷാ ബറാമിയും മാസങ്ങള്‍ക്കുമുമ്പ് രാജി നല്‍കിയിരുന്നെങ്കിലും ഗനി അത് നിരസിച്ചിരുന്നു.
അഫ്ഗാനിസ്താനില്‍നിന്ന് ഏഴായിരത്തോളം യു.എസ്. സൈനികരെ തിരിച്ചുവിളിക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ചയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 14,000-ത്തോളം യു.എസ്. സൈനികരാണ് അഫ്ഗാനിലുള്ളത്.
Post Your Comments