തൂത്തുക്കുടി: തൂത്തുക്കുടിയിലെ ചെമ്പ് സംസ്‌കരണശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടയിലുണ്ടായ പോലീസ് വെടിവെയ്പ്പിന്റ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വെടിവെക്കാമെങ്കിലും കൊല്ലാന്‍ വേണ്ടി വെടിവെക്കരുതെന്ന ചട്ടം പാലിക്കാതെയായിരുന്നു പോലീസിന്റെ അഴിഞ്ഞാട്ടം.
വിവിധ ആശുപത്രികളിലെ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധറുടെ റിപ്പോര്‍ട്ടുകള്‍ ഏകോപനം ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രണ്ടു പേരുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ വെടിയാണ്. കൂടാതെ കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായ ജെ സ്നോലിന്റെ(17)തലയ്ക്ക് പിന്നില്‍ വെടിയേറ്റ ശേഷം വായിലൂടെ വെടിയുണ്ട പുറത്ത് വന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 മെയിലാണ് പ്രതിഷേധകാര്‍ക്കു നേരം പോലീസ് വെടിവെയ്പ്പ് നടത്തിയത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അരയ്ക്കു താഴെയാണ് വെടിവെക്കേണ്ടതെന്നും ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ആള്‍ക്കൂട്ടത്തിനു നേരെ മാത്രമേ അത് പ്രയോഗിക്കാവൂ എന്നുമാണ് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കരുതലുകളെല്ലാം മറികടന്നുകൊണ്ടുള്ള നരഹത്യയായിരുന്നു തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇത്രയ്ക്കു ക്രൂരമായൊരു നടപടി പോലീസ് ചെയ്‌തെങ്കിലും ഇതില്‍ ഉള്‍പ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ മരിച്ച 13ല്‍ 11പേരുടെ വീട്ടുകാരുമായും റോയിട്ടേഴ്സ് ലേഖകര്‍ ബന്ധപ്പെട്ടു. ഇതില്‍ 10 വീട്ടുകാരും നിയമനടപടിക്കൊരുങ്ങുന്നില്ല. ഒരാള്‍ നിയമം വഴി നീതി ലഭിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
Post Your Comments