ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റ് മെഷീനുകളും കൃത്യമായി ഉപയോഗിക്കാൻ ജില്ലാതല ഓഫീസർമാർക്ക് പ്രായോഗികപരിശീലനം നൽകി. ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിലാണ് 14 ജില്ലകളിൽ നിന്നുള്ള 50 ഓളം ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് മെഷീനുകൾ നേരിട്ട് ഉപയോഗിച്ചുള്ള പ്രായോഗികപരിശീലനം നൽകിയത്. പരിശീലന പരിപാടി ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു. മെഷീനുകൾ കൃത്യമായി ഉപയോഗിക്കാനായി സമഗ്രവും വിദഗ്ധവുമായ പരിശീലനം ഉദ്യോഗസ്ഥർക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് മെഷീനും വിവി പാറ്റും പോലുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സാങ്കേതികമായ പ്രശ്നസാധ്യതകൾ മനസിലാക്കാനും ഒഴിവാക്കാനും ഇതു സഹായമാകും. വോട്ടിംഗ് മെഷീനുകൾ 100 ശതമാനം സുരക്ഷിതമാണെന്നും ക്രമക്കേടുകൾ നടത്താൻ കഴിയില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താൻ ജീവനക്കാർക്കുള്ള പരിശീലനം സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ തലത്തിലുള്ള 50 ഓളം ഉദ്യോഗസ്ഥരാണ് ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനത്തിൽ പങ്കെടുത്തത്. സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാരാണ് മെഷീനുകൾ കുറ്റമറ്റനിലയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വിദഗ്ധ പരിശീലനം നൽകിയത്. ഇപ്പോൾ പരിശീലനം ലഭിച്ച ജില്ലാതല മാസ്റ്റർ ട്രെയിനർമാർ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ജില്ലാതല തെരഞ്ഞെടുപ്പ് പ്രക്രിയയിലും പോളിംഗ് സ്റ്റേഷനുകളിലും പ്രവർത്തിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകും.
Post Your Comments