ArticleLatest News

ശബരിമലയില്‍ ഒരു ഭരണകൂടവും പാര്‍ട്ടിയും നാണം കെടുമ്പോള്‍ ഇത് ചരിത്രത്താളുകളില്‍ എഴുതപ്പെടുമെന്ന് തീര്‍ച്ച

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

ശബരിമലയില്‍ കഴിഞ്ഞ രാത്രി മുതല്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഒരു കാലത്തും ഒരു ക്ഷേത്രത്തോടും ഒരു ദേവാലയത്തോടും ഒരു സര്‍ക്കാരും ഒരിക്കലും ചെയ്തുകൂടാത്തതായിരുന്നു. തികച്ചും സമാധാനപരമായി നടന്നുവന്നിരുന്ന മണ്ഡല തീര്‍ത്ഥാടനത്തെ അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു എന്നതാണ് അവിടെ കണ്ടത്. അതിന് പോലീസ് നല്‍കിയ സഹായവയും സഹകരണവും പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്തു. എന്നാല്‍ ഒന്ന് പറയാതെ വയ്യ; കേരളത്തിലെ ഹിന്ദു സമൂഹം നിരീശ്വര വാദികള്‍ക്കും കമ്മ്യുണിസ്റ്റുകള്‍ക്കുമെതിരെ നേടിയ വലിയ ഉജ്വല വിജയമായി ഇത് എക്കാലവും ഓര്‍മ്മിക്കപ്പെടും. അതേസമയം ഇതുപോലെ ഒരു സര്‍ക്കാര്‍, ഇതുപോലെ ഭരണത്തിന് നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രീയകക്ഷി നാണം കേട്ട മറ്റൊരു സംഭവവും അടുത്തകാലത്തൊന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല; അതുകൊണ്ട് അതും എക്കാലവും ഇവിടെ സ്മരിക്കപ്പെടും. വിശ്വാസികളോട് എന്തും ചെയ്യാമെന്ന ചിലരുടെ ദുഷിച്ച ചിന്തക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ സംഭവം.

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കാനായി തമിഴ്നാട്ടില്‍ നിന്നാണ് ഇത്തവണ യുവതികളെ കൊണ്ടുവന്നത്. അതാവട്ടെ സര്‍ക്കാരും സിപിഎമ്മും അറിഞ്ഞുകൊണ്ടായിരുന്നു എന്ന് വ്യക്തം. കേരളത്തിലെ കമ്മ്യുണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അവിടേക്ക് പോകാന്‍ തയ്യാറല്ലാത്ത സാഹചര്യത്തിലാവണം ഇത്തരമൊരു പദ്ധതി സിപിഎം തയ്യാറാക്കിയത്. എന്തൊക്കെ ബൃഹത്തായ തയ്യാറെടുപ്പാണ് അതിനായി നടത്തിയത് എന്നതും കാണാതെ പോയിക്കൂടാ. നിലക്കല്‍ വരെ എത്തുന്നവര്‍ക്ക് തങ്ങള്‍ സംരക്ഷണം കൊടുക്കുമെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത് എന്നതോര്‍ക്കുക. പക്ഷെ ഇപ്പോള്‍ വന്ന ആക്ടിവിസ്റ്റുകള്‍ക്ക് എന്തൊക്കെയാണ് സൗകര്യമൊരുക്കിയത്?. കേരള അതിര്‍ത്തി കടന്നത് മുതല്‍ അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കി; വഴിമുഴുവന്‍ മാര്‍ഗദര്‍ശികളായി വയര്‌ലെസ്സുമായി പോലീസുകാര്‍; പ്രതിഷേധത്തിന് മുതിര്‍ന്ന ഭക്തന്മാരെ തല്ലിച്ചതക്കാന്‍ എവിടെയും പൊലീസിനെ അണിനിരത്തി. ഏതാണ്ട് ഒരു വിവിഐപി എത്തുന്നത് പോലെയായിരുന്നു സന്നാഹങ്ങള്‍. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റുമുള്ള സുരക്ഷാ സൗകര്യങ്ങള്‍ അവര്‍ക്കായി കേരളം ഒരുക്കി. ഒരു മാധ്യമം പറയുന്നത് കേട്ടത് ഈ ആക്ടിവിസ്റ്റുകളെ അനുഗമിക്കാനായി രണ്ട് എസ്ഐ മാരെ കേരളാ പോലീസ് നേരത്തെ തന്നെ ചെന്നൈക്ക് അയച്ചിരുന്നുവത്രെ. അവരുടെ കൂടെയാണ് ഇവര്‍ വന്നതെന്ന് അവര്‍ പറയുന്നു; ശരിയാണോ എന്നതറിയില്ല; എന്തായാലും ഇതുവരെ പൊലീസോ സര്‍ക്കാരോ അത് നിഷേധിച്ചതായി കണ്ടില്ല. മുന്‍പ് രണ്ട് കേന്ദ്ര മന്ത്രിമാര്‍ വന്നപ്പോള്‍ അവരോട് കാറുകള്‍ നിലക്കല്‍ പാര്‍ക്ക് ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചവര്‍ ഈ വനിതകള്‍ക്ക് സ്വന്തം വാഹനത്തില്‍ പമ്പവരെ പോകാനും അനുമതി നല്‍കി. കേട്ടുകേള്‍വിയില്ലാത്ത പരിഗണകള്‍…… അതും അയ്യപ്പസ്വാമിയെ അധിക്ഷേപിക്കാനായിട്ട്, ധര്‍മ്മശാസ്താവിന്റെ ആചാരങ്ങള്‍ ലംഘിക്കാനായിട്ട്. ലജ്ജാകരം തന്നെ, സംശയമില്ല.

എന്നിട്ട് എന്തുണ്ടായി; ഇന്ന് അവിടെയുണ്ടായ സംഭവങ്ങള്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്നലെ ശനിയാഴ്ചയായിരുന്നുവല്ലോ; സന്നിധാനത്ത് വലിയ ഭക്തജന തിരക്കായിരുന്നു; ഇന്ന് ഞായറും……. ആയിരങ്ങളാണ് ഇന്ന് അവിടേക്ക് എത്തിയത്. ഇന്നലെ ദര്‍ശനം കഴിഞ്ഞവര്‍ താഴേക്ക് ഇറങ്ങുമ്പോഴാണ് ഈ യുവതികളുടെ വരവ്. ആദ്യമൊക്കെ എത്തിയ ഭക്തര്‍ പമ്പയില്‍ നാമജപവുമായി വഴിയില്‍ ഇരുപ്പ് തുടങ്ങി. അതോടെ പമ്പയില്‍നിന്നുള്ള കാനന പാത ഏറെക്കുറെ തടസപ്പെട്ടു. സന്നിധാനം മുതല്‍ പമ്പവരെ ആ പാതയിലെങ്ങും തീര്‍ത്ഥാടകര്‍ക്ക് നിന്നിടത്തു നില്‍ക്കേണ്ടതായി വന്നു; മുന്നോട്ട് ആര്‍ക്കും നീങ്ങാനായില്ല. രാവിലെ സന്നിധാനത്തേക്ക് പോകാനായി എത്തിയവരാവട്ടെ, പമ്പയില്‍ കുടുങ്ങി; അവര്‍ക്കും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയായി. അതിനൊക്കെയിടയില്‍ യുവതികള്‍ പമ്പയില്‍ നിന്ന് പുറപ്പെട്ടു, എന്നാല്‍ വഴിയില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥയിലായി. സന്നിധാനത്ത് നിന്ന് മടങ്ങുന്നവര്‍ക്കും സന്നിധാനത്തേക്ക് പോകുന്നവര്‍ക്കും ഇടയിലാണ് സ്ത്രീകള്‍ ചെന്നുപെട്ടത്. പോലീസിനും ആ സാഹചര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. നിരോധനാജ്ഞയും നിബന്ധനകളും മറ്റും കടലാസില്‍ ഒതുങ്ങി. വരുന്നവരൊക്കെ ഈ യുവതികള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും എതിരെ പ്രതിഷേധിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അവിടെ നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്തുനീക്കി; എന്നിട്ട് യുവതികളുമായി പോലീസ് മുന്നോട്ട് പോയി. അങ്ങിനെ ചെയ്യാന്‍ നിര്‍ദ്ദേശം മുകളില്‍ നിന്ന് വന്നു എന്നതാണ് വാര്‍ത്ത. പക്ഷെ കരിമല കയറുന്ന സ്ഥലമായപ്പോള്‍ മുന്നില്‍ യുവതികളുടെ മുന്നില്‍ ഭക്തരുടെ നീണ്ട നിരയാണ് എവിടെയും; അവര്‍ക്കൊക്കെ ശക്തമായ പ്രതിഷേധവുമുണ്ട്, സ്വാഭാവികമായും. എന്തും സംഭവിക്കാമെന്ന അവസ്ഥയും. അവിടെനിന്ന് ആ യുവതികള്‍ ഓടിപ്പോരുന്നതാണ് പീന്നീട് കണ്ടത്. ടിവി ചാനലുകള്‍ അത് ആഘോഷമാക്കുകയും ചെയ്തു. പക്ഷെ, ആ ഓടിപ്പോകല്‍ യഥാര്‍ഥത്തില്‍ ആരുടെ നെഞ്ചത്താണ് കൊണ്ടത്?

manithi sabarimala

ശരിയാണ്, അറിഞ്ഞിടത്തോളം ദിനം പ്രതി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറുകണക്കിന് പേര് സന്നിധാനത്ത് എത്തുന്നുണ്ട്; അവര്‍ നാമജപവും ദര്ശനവുമായി അവിടെ ഒരു നാള്‍ കൂടുന്നു; പിറ്റേന്ന് മടങ്ങുന്നു. അടുത്തദിവസവും അതുപോലെതന്നെ. അതുകൊണ്ട് ആചാരലംഘനത്തിന് ആരെങ്കിലും ശ്രമിച്ചാല്‍ അത് ശ്രദ്ധിക്കാന്‍ 24 മണിക്കൂറും ഭക്തര്‍ അവിടെയുണ്ടായിരുന്നു. അതിന് പുറമേയാണ് തിരക്കുള്ള ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തരും. അവര്‍ക്കാര്‍ക്കും സര്‍ക്കാര്‍ -സിപിഎം പദ്ധതിയോട് ഒരു യോജിപ്പുമില്ലല്ലോ. എന്നാല്‍ ഇതുവരെ ആചാര ലംഘനത്തിന് ശ്രമങ്ങള്‍ നടന്നിരുന്നില്ല; അതുകൊണ്ട് ഒരു പ്രശ്‌നവുമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരും പോലീസും സിപിഎമ്മുമൊക്കെ ചേര്‍ന്ന് ചില കളികള്‍ നടത്തിയപ്പോള്‍ പ്രശ്‌നങ്ങളായി. യഥാര്‍ഥത്തില്‍ അവിടെ കുഴപ്പമുണ്ടാക്കിയത് സര്‍ക്കാരാണ്, പൊലീസാണ്, സിപിഎമ്മാണ്.

shabarimala

ഇതിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത ദിവസമോ?. അതാണ് പ്രധാനം. മണ്ഡലപൂജക്കുള്ള തങ്കയങ്കിയുമായി യാത്ര തുടങ്ങുന്ന ദിവസമാണിത്. ആറന്മുളയില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് പമ്പയില്‍ ഈ ആചാരലംഘന ശ്രമങ്ങള്‍ക്ക് പോലീസ് കരുത്തുപകരുന്നത്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയായിരുന്നു; ഏതെങ്കിലും വിധത്തില്‍ ഈ വനിതകള്‍ സന്നിധാനത്ത് എത്തിപ്പെട്ടാല്‍ തന്നെ അവര്‍ക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ലായിരുന്നു. കാരണം അവര്‍ ചട്ടപ്രകാരം, ആചാരപ്രകാരം കെട്ട് നിറച്ചിരുന്നില്ല; അതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പമ്പ ഗണപതി ക്ഷേത്രത്തിലെ ശാന്തിക്കാര്‍ അതിന് കൂട്ടുനിന്നില്ല. അപ്പോള്‍ പവിത്രമായ പതിനെട്ടാം പടി അലങ്കോലമാക്കാനുള്ള പദ്ധതി നടക്കില്ലായിരുന്നു എന്ന് തീര്‍ച്ച. ഇനി വടക്കേ നടവഴി അവര്‍ സന്നിധാനത്ത് എത്തിയാല്‍ തന്നെ നടയടക്കാന്‍ തന്ത്രി നിര്‍ദ്ദേശിക്കുമായിരുന്നു എന്നതാണ് കേട്ടത്. ക്ഷേത്ര പൂജാരിമാര്‍ മുമ്പത്തേതു പോലെ പ്രതിഷേധവുമായി നാമജപത്തിന് മുതിരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടായിരുന്നു. ക്ഷേത്രകാര്യത്തില്‍ തന്ത്രിയാണ് പ്രധാനി എന്നത് കഴിഞ്ഞദിവസം സര്‍ക്കാരും പോലീസും ശരിവെച്ചിരുന്നു എന്നതോര്‍ക്കുക. ട്രാന്‌സ്‌ജെന്‌ഡേഴ്‌സ് വന്നപ്പോള്‍ അവരുടെ കാര്യത്തില്‍ എന്ത് വേണം എന്ന് പന്തളം കൊട്ടാരം, തന്ത്രി എന്നിവരുടെ അഭിപ്രായമാണ് പോലീസും സര്‍ക്കാരും തേടിയത്. ആ സംഭവം പന്തളം രാജ കുടുംബത്തിനും തന്ത്രിക്കും കരുത്തു പകരുകയും ചെയ്തു.

എന്നാല്‍ അതൊന്നുമല്ല അലട്ടുന്നത്; ആരാവും ഈ ഒരു നീക്കം ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി ചെന്നൈയില്‍ ചെന്നപ്പോള്‍ സംസാരിച്ചു എന്നും ഇമെയില്‍ അയച്ചിരുന്നു എന്നും അതിനുശേഷം എല്ലാ അനുമതിയും നല്‍കി; സംരക്ഷണം നല്‍കാമെന്ന ഉറപ്പും ലഭിച്ചു എന്നാണല്ലോ യുവതികളായ ആക്ടിവിസ്റ്റുകള്‍ പറയുന്നത്. അതൊക്കെ ശരിയായിരിക്കാം. നേരത്തെ പൂനയില്‍ നിന്ന് കൊച്ചിയിലെത്തിയ യുവതികളുടെ കാര്യത്തിലും ഇതൊക്കെ കണ്ടതാണ്, കേട്ടതാണ്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് കരുതാന്‍ ഞാന്‍ തല്ക്കാലം തയ്യാറാവുന്നില്ല. എത്രയോ വര്‍ഷത്തെ പൊതു പ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് അദ്ദേഹം. വിവരക്കേടിന്റെ പാരമ്യത്തിലല്ലേ ഇത് എത്തിപ്പെട്ടത്. ഇത്രക്ക് അദ്ദേഹം ചെന്നുപെടും എന്ന് കരുതാന്‍ മനസ് അനുവദിക്കുന്നില്ല. അതുകൊണ്ട് ഒന്നുകില്‍ ഇത് പോലീസില്‍ ആരെങ്കിലും ഏറ്റെടുത്തത് നടപ്പിലാക്കിയതാവണം; അല്ലെങ്കില്‍ സൂത്രധാര സ്ഥാനത്ത് ഉള്ളത് ദേവസ്വം മന്ത്രിയാവണം……എന്നൊക്കെ ചിന്തിക്കാനാണ് എനിക്കാഗ്രഹം.

ഒരു സര്‍ക്കാരും ഒരു കാലത്തും ചെയ്യാത്ത വിവരക്കേടല്ലേ ഇന്നവര്‍ ചെയ്തത്. മാത്രമല്ല, ഇപ്പോള്‍ ശബരിമലയുടെ ദൈനം ദിന ഭരണത്തിന്റെ ചുമതല ഹൈക്കോടതി നിശ്ചയിച്ച മൂന്നംഗ സമിതിക്കാണ് . അത്തരമൊരു സാഹചര്യത്തില്‍ വിവേകത്തോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന ഒരു ഭരണകൂടവും ഇത്തരത്തില്‍ പെരുമാറില്ല. ഇവിടെ മറ്റൊന്നുണ്ട് ; പ്രശ്‌നം കീറാമുട്ടിയായപ്പോള്‍ ‘ഹൈക്കോടതി നിശ്ചയിച്ച സമിതി തീരുമാനിക്കട്ടെ’ എന്ന് ദേവസ്വം മന്ത്രി പറഞ്ഞതോര്‍ക്കണം. മാത്രമല്ല, കോടതി ഇടപെടല്‍ ഉണ്ടായത് മുതല്‍ ഈ മന്ത്രിയെ സന്നിധാനത്ത് കണ്ടതുമില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ വിശാലമനസില്‍ ഉയര്‍ന്നുവന്നതാവാം ഈ ‘യുവതി വിപ്ലവം’ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് അതൊക്കെയാണ്.

sabarimala

ഇങ്ങനെ ഒരു പതനം ഒരു സര്‍ക്കാരിന് എങ്ങിനെ സംഭവിച്ചു. പഴയ കഥകള്‍ ഒന്ന് ഓര്‍മ്മിച്ചു നോക്കൂ. ശബരിമലക്ക് പോകുന്ന ഭക്തരെ, വാഹനം തടഞ്ഞു അരിച്ചുപിറക്കി. നിലക്കലില്‍ കേന്ദ്ര മന്ത്രിമാരുടെ വാഹനം പോലും തടഞ്ഞു; അവര്‍ക്ക് റൂട്ട് ബസില്‍ യാത്രചെയ്യേണ്ടിവന്നു. പിന്നാക്ക വിഭാഗക്കാരനായ ഒരു ഹൈക്കോടതി ജഡ്ജിക്കും മോശമായ പെരുമാറ്റം നേരിടേണ്ടിവന്നു. തന്ത്രി, പന്തളം കൊട്ടാരം എന്നിവരെ എത്രമോശമായാണ് ഈ ഭരണകര്‍ത്താക്കളും സിപിഎമ്മുകാരും ആക്ഷേപിച്ചത്. തന്ത്രിക്കെതിരെ ചില മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുറത്തുപറയാന്‍ കൊള്ളുന്നതാണോ?. ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് നീങ്ങിയ ശശികല ടീച്ചറെ മരക്കൂട്ടത്ത് അര്‍ധരാത്രി കഴിഞ്ഞശേഷം മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തു ജയിലിലടക്കാന്‍ ശ്രമംനടന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനെ ഇരുമുടികെട്ടുമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. സന്നിധാനത്ത് സമാധാനപരമായി നാമം ജപിക്കാന്‍ ശ്രമിച്ചവര്‍ക്ക് പോലും തടസമുണ്ടാക്കി; നാമജപത്തിന്റെ പേരില്‍ കുറേപ്പേരെ അറസ്റ്റ് ചെയ്തു. സന്നിധാനത്ത് ഇതാദ്യമായി പോലീസ് ബൂട്ടിട്ട് കയറിയതും ഈ സര്‍ക്കാരിന്റെ വിപ്ലവം തന്നെ. എത്രയോ നിരപരാധികളെയാണ്, ഭക്തരെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് ……… ഇതൊക്കെ ഒരാള്‍ മുകളില്‍ ഇരുന്ന് കാണുന്നുണ്ട് എന്നതല്ലേ ഭക്തര്‍ വിശ്വസിക്കുന്നത്. ഓരോ വര്‍ഷവും കോടിക്കണക്കിന് അയ്യപ്പന്മാരെ ആകര്ഷിക്കുന്ന ദൈവത്തിന് ഇതൊക്കെ കണ്ടിട്ട് മിണ്ടാതെ ഇരിക്കാനാവുമോ…..?. അതെ സ്വാഭാവിക പ്രതികരണമാണിത്. അതുകൊണ്ടാണ് സര്‍ക്കാര്‍ തുറന്നുകാട്ടപ്പെട്ടത്.

ഓരോ ക്ഷേത്രത്തെയും രക്ഷിക്കുന്നത് ദേവസ്വം ബോര്‍ഡല്ല; അവിടത്തെ മൂര്‍ത്തിയാണ്. ആ മൂര്‍ത്തിയുടെ, ഈശ്വരന്റെ സ്വത്തുക്കള്‍ കൈമോശം വരാതെ നോക്കല്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല; ഒരു കാവല്‍ക്കാരന്റെ ദൗത്യം മാത്രം. അത്രത്തോളം പോലും സര്‍ക്കാരിന് അവിടെ റോളില്ല. എന്നാല്‍ അതിനപ്പുറം എല്ലാം തങ്ങളാണ് എന്ന് നിരീശ്വരവാദത്തില്‍ ഊന്നി നില്‍കുന്ന ഭരണകൂടം ചിന്തിച്ചുകൂടാത്തതാണ്. അനുഭവങ്ങളില്‍ നിന്ന് എല്ലാവരും പാഠം പഠിക്കും എന്നല്ലേ കരുതേണ്ടത്. സ്വാമിയേ ശരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button