KeralaLatest News

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കൂട്ട കോപ്പിയടി: പരീക്ഷ റദ്ദാക്കി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.  അവസാന വര്‍ഷ എംബിബിഎസ് മെഡിസിന്‍ ഇന്റേണ്‍ല്‍ പരീക്ഷയ്ക്കിടെയായിരുന്നു കൂട്ട കോപ്പിയടി. പരീക്ഷക്കിരുന്ന 92 പേരില്‍ 34 വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.

പരീക്ഷാ ഹാളില്‍ ഒരു വിദ്യാര്‍ത്ഥി മൊബൈലില്‍ നോക്കി കോപ്പിയടിക്കുന്നത് പുറത്തായതോടെയാണ് അധികൃതര്‍ കോപ്പിയടിയെ കുറിച്ച് അറിയുന്നത്. ഒരു വിദ്യാര്‍ത്ഥി മൊബൈലില്‍ പകര്‍ത്തിയ കോപ്പിയടി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുക്കുകയും രക്ഷിതാക്കള്‍ ഇ മെയില്‍ വഴി പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ 34 മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇന്റേണല്‍ പരീക്ഷയാണെങ്കിലും ഇതില്‍ ലഭിക്കുന്ന മാര്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലേക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്.

അതേസമയംപരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ഇത് തടയുന്നതിനായി മൊബൈല്‍ ജാമര്‍ സ്ഥാപിക്കണമെന്നും ആരോഗ്യ സര്‍വകലാശാല കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരം കോപ്പിയടി പിടിച്ചപ്പോഴാണ് അധികൃതര്‍ മനസ്സിലാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. ജെ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button