Latest NewsUAE

7.5 കോടി രൂപ മോഷണം നടത്തിയവരെ ദുബായ് പൊലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കം

ദുബായ്: 40 ലക്ഷം ദിര്‍ഹം (ഏകദേശം 7.5 കോടിയിലധികം രൂപ) പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് മോഷ്ടിച്ച സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടി ദുബായ് പൊലീസ്. വാഹനത്തിലെ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള മൂന്ന് ആഫ്രിക്കന്‍ പൗരന്മാരായിരുന്നു കൊള്ളയ്ക്ക് പിന്നില്‍. പൊലീസിന്റെ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതികളെ വലയിലാക്കിയ ക്രിമിനല്‍ റിസര്‍ച്ച് ടീമിനെ ദുബായ് പൊലീസ് സിഐഡി അസിസ്റ്റന്റ് കമാന്റന്റ് മേജര്‍ ജനറല്‍ ഖലീം ഇബ്രാഹീം അല്‍ മന്‍സൂരി അഭിനന്ദിച്ചു.

സ്ഥാപനങ്ങളിലേക്ക് പണം എത്തിക്കുന്ന വാഹനത്തില്‍ നിന്നായിരുന്നു മോഷണം. രണ്ട് ഏഷ്യക്കാരും ഒരു ആഫ്രിക്കകാരനുമായിരുന്നു ഈ വാഹനങ്ങളിലെ ജീവനക്കാര്‍. അല്‍ റാഷിദിയ്യയില്‍ വെച്ചാണ് മോഷണം നടന്നത്. സംഭവസമയത്ത് രണ്ട് കോടിയിലധികം ദിര്‍ഹം വാഹനത്തിലുണ്ടായിരുന്നു. ഏഷ്യക്കാരായ രണ്ട് ജീവനക്കാര്‍ ടോയ്‍ലറ്റില്‍ പോയിരുന്ന സമയത്ത് വാഹനത്തില്‍ നിന്ന് 40 ലക്ഷം ദിര്‍ഹവുമെടുത്ത് ആഫ്രിക്കക്കരനായ പ്രതി ഇറങ്ങിയോടുകയായിരുന്നു.

സഹായികളൊടൊപ്പം മാസങ്ങളായി ആസുത്രണം ചെയ്തതായിരുന്നു മോഷണമെന്ന് പൊലീസ് പറ‌ഞ്ഞു. പണം ഒളിപ്പിക്കാനും ഒളിവില്‍ പോകുനുമുള്ള സ്ഥലങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലാക്കാണ് പ്രതികള്‍ രക്ഷപെട്ടത്. സംഭവം അറിഞ്ഞതിന് പിന്നാലെ ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്റര്‍ പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ആഫ്രിക്കക്കാരില്‍ സംശയമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ക്രോഡീകരിച്ചായിരുന്നു തട്ടിപ്പുകാര്‍ക്കായി അന്വേഷണം. വ്യാപകമായ അന്വേഷണത്തിനൊടുവില്‍ സംഭവവുമായി ബന്ധമുള്ള ഒരാളുടെ ഒളിസ്ഥലം പൊലീസ് കണ്ടെത്തി. പണം താല്‍കാലികമായി സൂക്ഷിക്കാന്‍ സംഘം ചുമതലപ്പെടുത്തിയ ആളായിരുന്നു ഇയാള്‍.

ആദ്യം തിരിച്ചറിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തതോടെ പൊലീസിന് മറ്റുള്ളവര്‍ ആരൊക്കെയെന്ന വിവരം ലഭിച്ചു. വിവിധ എമിറേറ്റുകളിലായിരുന്ന പ്രതികളെ അവിടങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫലപ്രദമായി ഉപയോഗിക്കുന്ന ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണ്ണായക സംഭവന നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button