Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കം

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊച്ചി : കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കമെന്ന് കണ്ടെത്തല്‍. ഇതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പുതിയ കണ്ടെത്തലോടെ നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി ‘ക്രൈം സിന്‍ഡിക്കറ്റ്’ രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇവരുടെ നീക്കം.

സലൂണ്‍ വെടിവയ്പില്‍ കൊച്ചിയിലെ പ്രാദേശിക ഗുണ്ടാത്തലവന്റെ സഹകരണം രവി പൂജാരിക്കു ലഭിച്ചതായും പൊലീസിനു വിവരം ലഭിച്ചു. വെടിവയ്പു നാടകത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ ലീനയുടെ ബ്യൂട്ടി സലൂണ്‍ സന്ദര്‍ശിച്ചവരുടെ നീക്കങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ പരാതിക്കാരിയായ നടി ലീന അവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊലീസിനോടു വെളിപ്പെടുത്താത്തതാണ് അന്വേഷണത്തിനുള്ള പ്രധാന തടസ്സം. മുബൈ പൊലീസിന്റെ കുറ്റാന്വേഷണ രേഖകള്‍ പ്രകാരം രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒളിവിലാണ്.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയെ ഭയപ്പെട്ടാണു രവി പൂജാരി ഇന്ത്യ വിട്ടതെന്നും സൂചനയുണ്ട്. ദാവൂദിനെതിരായ നീക്കങ്ങളില്‍ മുംബൈ പൊലീസ് ഇയാളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെയാണു രവി പൂജാരി ഡി-കമ്പനിയുടെ നോട്ടപ്പുള്ളിയായത്. കേരളത്തിലെ മുന്‍നിര വ്യാപാരി, സിനിമാ സംവിധായകന്‍ എന്നിവരെ മാസങ്ങള്‍ക്കു മുന്‍പു ഫോണില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ രവി പൂജാരിയെന്ന പേരില്‍ ശ്രമം നടന്നിരുന്നു. ഇയാളുമായി സഹകരിക്കാന്‍ സാധ്യതയുള്ള കൊച്ചിയിലെ ക്രിമിനല്‍ സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

അന്വേഷണസംഘം നാലായി പിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. സലൂണിലെ വെടിവയ്പു നാടകത്തിനു പിന്നില്‍ രവി പുജാരിയുടെ സംഘമാണെങ്കില്‍ അവരെ പിടികൂടാന്‍ തന്നെയാണു കൊച്ചി സിറ്റി പൊലീസിന്റെ നീക്കം. അതിനാവശ്യമായ സഹായം മറ്റു സംസ്ഥാന പൊലീസ് മേധാവികളോടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ തേടിയിട്ടുണ്ട്.

അതേസമയം, അധോലോക കുറ്റവാളി രവി പൂജാരിയെന്നു പരിചയപ്പെടുത്തി നടി ലീന മരിയ പോളിനേയും സ്വകാര്യ വാര്‍ത്താ ചാനലിലേക്കും ഫോണില്‍ വിളിച്ചത് 50 വയസു പിന്നിട്ട ശാരീരിക അവശതകളുള്ള ഒരാളാണെന്നാണു പ്രാഥമിക നിഗമനം. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി അപഗ്രഥിച്ചാണു പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button