മലപ്പുറം: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി മലപ്പുറത്തെ കിളിനക്കോട്ടില്‍ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വേങ്ങര പൊലിസ് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് ലൈവിലൂടെ തങ്ങളുടെ നാടിനെയും തങ്ങളെയും അധിക്ഷേപിച്ചെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ യുവാക്കള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഈ സദാചാരവാദികള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടികളെ ഫെയ്സ്ബുക്ക് ലൈവിലൂടെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും ഇവരെ അധിക്ഷേപിക്കുകയും ചെയ്തെന്നും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിയെന്നുമായിരുന്നു ഫെയസ്ബുക്ക് ലൈവില്‍ പെണ്‍കുട്ടികള്‍ ആരോപിച്ചത്.
എന്നാല്‍ അതിനുശേഷം പെണ്‍കുട്ടികള്‍ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസില്‍ പരാതി നല്‍കിയെന്നും ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആണെന്നും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചിരുന്നു. വിഷയം നാട്ടില്‍ ഒരു വിഷയമായതോടെ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടികള്‍ വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍ക്കുകയായിരുന്നു.
Post Your Comments