തൃശൂര്‍: ബ്യൂട്ടിഷ്യന്‍ ജോലിവാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദുബായില്‍ കൊണ്ടുപോയി ലൈംഗീകമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വീട്ടമ്മ നല്‍കിയ പരാതിയിന്‍മേല്‍ രണ്ടുപേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ മണത്തല സ്വദേശികളായ അച്ഛനും മകനുമാണ് പ്രതികള്‍. ഇവര്‍ നാട്ടിലെത്തിയെങ്കിലും ഒളിവിലാണ്.
ഈ പ്രതികള്‍ ഭീഷണിപ്പെടുത്തിയത് മൂലം യുവതി ത്യശൂരിലെ ഒരു ഫ്‌ലാറ്റില്‍ രഹസ്യമായി കഴിയുകയാണ്. ഐ.പി.സി. 323, 354, 34 വകുപ്പുകളനുസരിച്ചും എമ്രിഗ്രേഷന്‍ നിയമം 24,10 വകുപ്പുകളനുസരിച്ചുമാണ് പോലീസ് കേസ് എടുത്തീട്ടുള്ളത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് പോലീസ് പറഞ്ഞു.
ഒന്നാം പ്രതിയും വീട്ടമ്മയും തമ്മിലുള്ള വര്‍ഷങ്ങളുടെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായില്‍ ബ്യൂട്ടീഷ്യന്‍ ജോലി ശരിയായിട്ടുണ്ടെന്ന് വീട്ടമ്മയെ ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. ആറര ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടതെങ്കിലും ഇതില്‍ ഒരുലക്ഷം രൂപ ബാങ്കില്‍നിന്നും വായ്പയെടുത്ത് വീട്ടമ്മ പ്രതിക്കു നല്‍കി. സെപ്റ്റംബര്‍ 21നു ഇരുവരും കൂടി ദുബായിലേക്ക് പോയി. പിന്നീട് ദുബായില്‍ കാത്തുനിന്ന പ്രതിയുടെ മകനോടൊപ്പം ദേരയിലെ ഫ്‌ലാറ്റിലെത്തി. സെപ്റ്റംബര്‍ 24 ന് ദുബായിലെ ദേരയിലാണ് പ്രതികള്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് വീട്ടമ്മ മൊഴിയില്‍ പറയുന്നു. പിന്നീട് പലയിടത്തുമായി ഇവരുടെ പീഡനം തുടര്‍ന്നു.
പിന്നീട് ജോലിക്കെന്നും പറഞ്ഞ് ദേരയില്‍ നിന്നും കുറച്ച് ദൂരെയുള്ള മസാജ് സെന്ററിലേക്ക് കൊണ്ടുപോയി. എട്ട് മുറികളുള്ള സെന്ററില്‍ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. ഇവിടെ റിസപ്ഷനില്‍ ഉണ്ടായിരുന്നതും ഒന്നാം പ്രതിയുടെ മറ്റൊരു മകനായിരുന്നു. എന്നാല്‍ അവിടെ മസാജിന്റെ മറവില്‍ പെണ്‍വാണിഭമാണ് നടക്കുന്നതെന്ന് വീട്ടമ്മക്ക് ബോധ്യമായി. വീട്ടമ്മയിരുന്നിരുന്ന മുറിയിലേക്ക് ഒന്നാം പ്രതി കടന്നുവന്ന് ഉപദ്രവിക്കുകയും ബലമായി ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു.
ഈ നിലയില്‍ അവിടെ കഴിയാനാകില്ലെന്ന് മനസിലാക്കിയ വീട്ടമ്മ പ്രതികളുടെ ഇംഗിതങ്ങള്‍ക്കും വഴങ്ങേണ്ടി വരികയും തുടര്‍ന്ന് വീട്ടമ്മയുടെ നിര്‍ബന്ധം മൂലം പ്രതികള്‍ പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കി നാട്ടിലേക്ക് ഇവരെ പറഞ്ഞയക്കുകയുമായിരുന്നു. പിന്നീട് ത്യശൂരിലെ ഫ്‌ലാറ്റില്‍ രഹസ്യമായി കഴിഞ്ഞ വീട്ടമ്മ ഒന്നാം പ്രതിയുടെ ഭാര്യയെ വിളിച്ചു വരുത്തി വിവരങ്ങളെല്ലാം പറഞ്ഞു.
എന്നാല്‍ അവരെയും ദുബായില്‍ കൊണ്ടുപോയി മസാജ് സെന്ററില്‍ പ്രതികള്‍ മറ്റുള്ളവര്‍ക്കു കാഴ്ച വച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിച്ചതത്രെ. പരാതി നല്‍കിയതിനാല്‍ പ്രതികളില്‍ നിന്നും വധ ഭീഷണിയുള്ളതിനാലാണ് ഒളിച്ചു താമസിക്കേണ്ടി വരുന്നതെന്നും വീട്ടമ്മ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
Post Your Comments