തിരുവനന്തപുരം : വനിതാ മതിലിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. വനിതാ മതിലില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന കെ.മുരളീധരന്റെ ഭീഷണിക്കെതിരെ കെപിസിസി നിര്‍വാഹക സമിതിയംഗം തന്നെ പരസ്യമായി രംഗത്തെത്തി. കെപിസിസി നിര്‍വാഹക സമിതിയംഗവും കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായ രാമഭദ്രനാണ് മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്.
ഒരു സ്വകാര്യ ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു രാമഭദ്രന്റെ വാക്കുകള്‍.
നാല്‍പ്പത് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നയാണ് ഞാന്‍. എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. ഇത് നവോത്ഥാനത്തിനു വേണ്ടിയുള്ള മതിലാണ്. കേരള ദളിത് ഫെഡറേഷന്റെ പ്രവര്‍ത്തകരും അതില്‍ പങ്കെടുക്കുമെന്നതില്‍ സംശയം വേണ്ട. ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കുന്ന പ്രശ്‌നമില്ലെന്നും പി രാമഭദ്രന്‍ പറഞ്ഞു.
അതുകൊണ്ട് തന്നെ അത്തരമൊരു ഭീഷണി തന്നോട് വേണ്ടെന്നും പുറത്താക്കണോ വേണ്ടെയോ എന്ന് കോണ്‍ഗ്രസുകാരും ജനങ്ങളും തീരുമാനിക്കുമെന്നും രാമഭദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലത്തു ചേര്‍ന്ന വനിതാ മതില്‍ രൂപീകരണ യോഗത്തില്‍ രാമഭദ്രനും മറ്റൊരു കോണ്‍ഗ്രസ് നേതാവായ മോഹന്‍ ശങ്കറും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് കൊല്ലത്ത് വെച്ചു നടന്ന ഒരു ചടങ്ങില്‍ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments