ഹൈദരാബാദ്: ഒട്ടേറെ സിനിമകളില്‍ നായകനായി എത്തിയിട്ടുണ്ടെങ്കിലും ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ പതിനായിരക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് പ്രഭാസ്. എന്നാല്‍ ഇപ്പോള്‍ പ്രഭാസിന്റെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖപ്രദമല്ല. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചതിനാല്‍ പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്തിരിക്കുകയാണ് സര്‍ക്കാര്‍.
ഹൈദരാബാദിലെ റായദുര്‍ഗാം മേഖലയിലുള്ള പ്രഭാസിന്റെ ഗസ്റ്റ് ഹൗസാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി പിടിച്ചെടുത്തത്. ഈ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിനാലാണ് ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
മൂന്നു മാസം മുമ്പ് റായദുര്‍ഗാം മേഖല മുഴുവനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഇതേ മേഖലയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗസ്റ്റ് ഹൗസില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഗസ്റ്റ് ഹൗസ് അടച്ചുപൂട്ടി മുദ്രവെക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തോട് പ്രഭാസും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments