Latest NewsArticle

ആരാണ് കെ.എസ്.ആർ.ടി.സി.യെ കൊല്ലുന്നത് ? . കെ.എസ്.ആർ.ടി.സി.ക്ക് രണ്ടാമൂഴം ഉണ്ടാകുമോ? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ആരും ജെസ്സിക്കയെ കൊന്നില്ല (No one Killed Jessicca) എന്ന വിദ്യ ബാലൻ ചിത്രം പറയുന്നത് ജെസ്സിക്ക ലാൽ എന്ന മോഡൽ വെടിയേറ്റു മരിച്ച കഥയാണ്. ഡൽഹിയിലെ ഒരു ബാറിൽ ജോലി ചെയ്യുകയായിരുന്നു ജെസ്സിക്ക. ബാർ അടക്കാറായ നേരത്ത് ഒരു കസ്റ്റമർ കൂട്ടുകാരുമായെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ ജെസ്സിക്ക മദ്യം വിളന്പിയില്ല. അയാൾ ഉടൻ തോക്കെടുത്ത് വെടിവച്ചു ജെസ്സിക്കയെ കൊന്നു. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്ന കേസായിരുന്നിട്ടും, കേസ് കോടതിയിലെത്തിയപ്പോൾ സാന്പത്തികമായും രാഷ്ട്രീയമായും വലിയ കഴിവും ബന്ധങ്ങളുമുള്ള പ്രതിയുടെ ബന്ധുക്കൾ സാക്ഷികളെ വിലക്കെടുത്തും മൊഴിമാറ്റിയും പ്രതിയെ കോടതി വെറുതെ വിടുന്ന സാഹചര്യമുണ്ടായ കഥയാണ്. കഥ അവസാനിക്കുന്പോൾ ഒരു വശത്ത് ഒരു പെൺകുട്ടി മരിച്ചു എന്ന സത്യം, മറുവശത്ത് അതിനാരും ഉത്തരവാദികൾ അല്ല എന്ന വിധി. സമൂഹത്തോട്, നീതിന്യായ വ്യവസ്ഥയോട്, രാഷ്ട്രീയത്തോട് ഒക്കെ വലിയ വെറുപ്പ് തോന്നാതെ ആ സിനിമ കണ്ടിറങ്ങാൻ പറ്റില്ല.

കെ എസ് ആർ ടി സി യുടെ ഇപ്പോഴത്തെ നില, എം പാനൽ കാരെ പിരിച്ചു വിട്ട് അത്രയും പേരെ പി എസ് സി ലിസ്റ്റിൽ നിന്നെടുക്കണം എന്നുള്ള വിധി, ഓരോ സമരത്തിനും ബസിനു കല്ലെറിയുന്ന സമൂഹം, ഇതൊക്കെ കാണുന്പോൾ എനിക്ക് ജെസ്സിക്കയുടെ കഥയാണ് ഓർമ്മ വരുന്നത്. സിനിമയിൽ ജെസ്സിക്ക മരിച്ചതിനു ശേഷമാണ് കഥ തുടങ്ങുന്നതെങ്കിൽ ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെ എസ് ആർ ടി സിയാണ് പ്രധാന കഥാപാത്രം. ഇക്കണക്കിന് പോയാൽ ഇനി ഒരു പത്തുവർഷം കൂടി ഈ പ്രസ്ഥാനം ജീവനോടെ ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ സംഭവിക്കുന്പോൾ അതിന്റെ ഉത്തരവാദിത്തം ആരുടേതായിരിക്കും?

തീർച്ചയായും പെൻഷൻകാരുടേതല്ലെന്ന് നമുക്കറിയാം. ജീവിതകാലം മുഴുവൻ പ്രസ്ഥാനത്തിനു വേണ്ടി ജോലി ചെയ്തവരാണവർ. വയസ്സുകാലത്ത് മറ്റുള്ള എല്ലാ സർക്കാർ ജോലിക്കാരെയും പോലെ പെൻഷനും മേടിച്ചു ശേഷിച്ച കാലം കൊച്ചുമക്കളേയും നോക്കി അല്ലലില്ലാതെ ജീവിക്കണമെന്നാണ് അവരുടേയും ആഗ്രഹം. ലോകത്തെല്ലായിടത്തും പെൻഷൻ പ്രായം അറുപത്തഞ്ചിൽ നിന്നും എഴുപതിലേക്ക് നീങ്ങുന്ന കാലത്ത്, അറുപത് വയസ്സിനു താഴെ റിട്ടയറായി വീട്ടിലിരിക്കേണ്ടി വന്നത് അവരുടെ കുറ്റമല്ല. പെൻഷൻ കൊടുക്കാൻ പണമില്ലാത്ത തരത്തിൽ പ്രസ്ഥാനം മുന്നോട്ടുപോകുന്പോൾ ഗാലറിയിലിരുന്നു സങ്കടപ്പെടാനല്ലാതെ അവർക്ക് ഒന്നിനും കഴിയുകയുമില്ല.

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നമ്മൾ ഇന്നലെ കണ്ടതാണ്. അഞ്ചും പത്തും വർഷം കേരളത്തിൽ ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന മറുനാട്ടുകാർക്ക് കിട്ടുന്ന വരുമാനത്തിലും കുറവ് ശന്പളം വാങ്ങി യാതൊരു ജോലി സ്ഥിരതയുമില്ലാതെ പ്രസ്ഥാനത്തിന് വേണ്ടി ജോലി ചെയ്തവരാണവർ. കെ എസ് ആർ ടി സി ആസന്ന മൃത്യുവായതിൽ അവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും?

എം പാനലുകാരെ മാറ്റി പുതിയതായി വരുന്ന കണ്ടക്ടർമാരെയും ഒരു കണക്കിനും കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ. പത്താം ക്‌ളാസ് മുതൽ പി എച്ച് ഡി വരെ പഠിച്ച്, മിടുക്കരായി പി എസ് സി പരീക്ഷ എഴുതി, ന്യായമായും അവർക്ക് കിട്ടേണ്ട നിയമനത്തിന് വേണ്ടി പോരാടി. പ്രസ്ഥാനം നന്നായാലേ ഭാവിയുള്ളെന്ന് അവർക്കറിയാം. അതിനുവേണ്ടി ജീവിതകാലം മുഴുവൻ ജോലി ചെയ്യാനും, ജോലിയിൽ റിട്ടയർ ചെയ്യാനും, പറ്റിയാൽ പെൻഷൻ മേടിക്കാനും അവരും തയ്യാറാണ്. സർക്കാർ ജോലിയുടെ അത്രയും ഗ്ലാമർ ഇല്ലെങ്കിലും സമൂഹത്തിൽ വിലയുള്ള ഒരു ജോലി തന്നെയാണ് ഇതും. വെറുതെയാണോ പി എച്ച് ഡി കഴിഞ്ഞവർ പോലും ഈ ജോലിക്ക് വരുന്നത്.

പി എസ് സി വഴി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലുള്ളവർ പുറത്തു നിൽക്കുന്പോൾ അഞ്ചും പത്തും വർഷം താൽക്കാലികമായി ആളുകളെ ജോലിക്ക് വെക്കുന്നത് ഒരിക്കലും ധാർമ്മികമായി ശരിയല്ല. നിയമത്തിന്റെ മുന്നിലും അത് ശരിയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. നിയമം നടപ്പിലാക്കുക എന്നതാണ് കോടതിയുടെ ജോലി. അല്ലാതെ കെ എസ് ആർ ടി സി ലാഭത്തിലോ നഷ്ടത്തിലോ നടത്തുകയോ നില നിർത്തുകയോ അല്ല. അതൊക്കെ കോർപ്പറേഷൻ മാനേജ്‌മെന്റിന്റെ ജോലിയാണ്. ഭരണഘടന ഓരോരുത്തർക്കും ഓരോ ജോലി കൊടുത്തിട്ടുണ്ട്.

ലാഭത്തിൽ പ്രസ്ഥാനം നടത്തുക എന്നത് തൊഴിലാളി യൂണിയനുകളുടെ ഉത്തരവാദിത്തമല്ല. തൊഴിലാളികളുടെ തികച്ചും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതാണ് പ്രധാനം. ആയിരക്കണക്കിന് പുതിയ തൊഴിലാളികൾ വരുന്നതോടെ യൂണിയനുകൾ കൂടുതൽ ശക്തി പ്രാപിക്കും, കൂടുതൽ സംഘടിതമായി കാര്യങ്ങൾ ചെയ്യും. ലാഭം ഉണ്ടാക്കേണ്ടതെല്ലാം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്.

വാസ്തവത്തിൽ ബസ് മാനേജ് ചെയ്യുക എന്നത് സർക്കാരിന്റെ ജോലിയല്ല. ഗതാഗതത്തിന് നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക ഇതൊക്കെയാണ് സർക്കാർ ചെയ്യേണ്ടത്. പക്ഷെ സ്വാതന്ത്ര്യത്തിന് മുൻപേ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ. ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്ന സ്ഥാപനമാണ്. പതിനായിരക്കണക്കിന് ആളുകൾ അംഗങ്ങളായ തൊഴിലാളി യൂണിയനുകളുണ്ട്. ഇങ്ങനെയുള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകേണ്ടത് വോട്ടു വാങ്ങി ഭരിക്കുന്ന ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയല്ലേ? മന്ത്രിമാർ നേരിട്ട് ബസോടിച്ചു വരെ കെ എസ് ആർ ടി സി യെ നയിച്ചിട്ടുണ്ട്. എം ഡി മാർ ആകുന്നവർ ജാക്കിവെച്ച് ടയർ മാറ്റിയിട്ടും കണ്ടക്ടറായി ടിക്കറ്റ് കൊടുത്തും പ്രസ്ഥാനത്തെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നു.

എന്നിട്ടും കെ എസ് ആർ ടി സി യുടെ കാര്യം അധോഗതി തന്നെയായതിനു കാരണം പലതാണ്. ആ പ്രസ്ഥാനം നടത്താൻ ആത്മാർത്ഥത മാത്രം പോരാ ലോജിസ്റ്റിക്സ് പ്രസ്ഥാനങ്ങൾ നടത്തി പരിചയം വേണം. കാലാകാലങ്ങളിൽ വരുന്ന സാങ്കേതിക വിദ്യകൾ എങ്ങനെ പ്രസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് മുന്നേ ആലോചിക്കുന്ന മാനേജ്‌മെന്റ്റ് വേണം. ആ മാറ്റങ്ങൾ നടപ്പിലാക്കാൻ മാനേജ്‌മെന്റിന് സ്വാതന്ത്ര്യം വേണം.

ഇപ്പോൾ വിഷയമായ കണ്ടക്ടർമാരുടെ കാര്യം എടുക്കുക. ലോകത്ത് എവിടെ പോയാലും സുരക്ഷ പ്രശ്നമല്ലാത്തിടത്തൊക്കെ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഒരു ബസിന് ഒരു കണ്ടക്ടർ എന്നൊരു ലോകം ഇപ്പോൾ ഞാൻ എവിടെയും കാണുന്നില്ല. ഇന്നലെ പറഞ്ഞതു പോലെ സ്വിറ്റ്സർലാൻഡിൽ ബസ് സ്റ്റോപ്പിൽ ഒരു മെഷീനാണ് ടിക്കറ്റ് കൊടുക്കുന്നത്. സീറ്റിനടുത്തുള്ള ഒരു സ്വിച്ച് അമർത്തിയാണ് ആളിറങ്ങണമെന്ന് ഡ്രൈവർക്ക് അറിയിപ്പ് കൊടുക്കുന്നത്. വർഷത്തിലൊരിക്കലാണ് ബസിൽ ചെക്കർമാർ വരുന്നത് ഞാൻ കാണുന്നത്. ഇംഗ്ലണ്ടിൽ ഡ്രൈവറുടെ അടുത്തുള്ള ഒരു സ്മാർട്ട് കാർഡ് റീഡറിൽ ക്രെഡിറ്റ് കാർഡോ ട്രാവൽ കാർഡോ സ്കാൻ ചെയ്ത് ടിക്കറ്റെടുക്കാം. അവിടെയുമില്ല കണ്ടക്ടർ. ഗൾഫിലും തായ്‌ലാന്റിലും ഉക്രൈനിലും കൊളംബിയയിലും ഒന്നും കണ്ടക്ടർ എന്ന തൊഴിൽ ഇല്ല. ജനീവയിൽ വർഷത്തിലൊരിക്കൽ പഴയ വേഷവും ടിക്കറ്റ് റാക്കും പീപ്പിയുമായി കണ്ടക്ടർ വരുന്നത് കുട്ടികളെ പഴമ കാണിച്ചു കൊടുക്കാനാണ്. ലോകം അങ്ങനെയായിരിക്കുന്ന കാലത്താണ് നാം ആയിരക്കണക്കിന് കണ്ടക്ടർമാരെ പുതിയതായി നിയമിക്കുന്നത്. ഇങ്ങനെ വരുന്നവരുടെ ശരാശരി പ്രായം മുപ്പതാണെന്ന് കരുതിയാൽ അവർ വിരമിക്കുന്ന കാലത്ത് റിട്ടയർമെന്റ് പ്രായം അറുപത് ആകുമെന്ന് ആശിക്കുക. അപ്പോൾ അടുത്ത മുപ്പതു കൊല്ലം കെ എസ് ആർ ടി സി നിന്ന നില്പിൽ നിൽക്കണമെന്നതാണ് വളരെ നിഷ്കളങ്കവും ന്യായവുമായി തോന്നുന്ന ഈ ആയിരക്കണക്കിന് കണ്ടക്ടർമാരുടെ നിയമനത്തിന്റെ അർത്ഥം. ഒരു കാര്യം ഞാൻ ഉറപ്പായും പറയാം. ഇന്നത്തെ കണ്ടക്ടർമാർ അന്നുമുണ്ടെങ്കിൽ കെ എസ് ആർ ടി സി എന്ന പ്രസ്ഥാനം ഉണ്ടാകില്ല. പുതിയ കണ്ടക്ടർമാരെ എങ്ങനെ നിയമിക്കാം എന്നതല്ല, പത്തുവർഷത്തിനകം ഡ്രൈവറില്ലാതെ ബസ് ഓടുന്ന കാലത്ത് ഇപ്പോഴത്തെ ഡ്രൈവർമാരെ എന്ത് ചെയ്യുമെന്നായിരിക്കണം നമ്മൾ ചിന്തിക്കേണ്ടത്.

തൊഴിലില്ലായ്മ ഇത്രയുമുള്ള ലോകത്ത് തൊഴിലില്ലാതാക്കുന്ന സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നത് ശരിയാണോ എന്നു തോന്നാം. കുറച്ചു നാളുകൾ സമരം ചെയ്തു പിടിച്ചു നിൽക്കുകയും ചെയ്യാം. പക്ഷെ ഒരു കാര്യം നാം അടിസ്ഥാനമായി മനസ്സിലാക്കിയേ പറ്റൂ. കെ എസ് ആർ ടി സി യുടെ അടിസ്ഥാന ലക്ഷ്യം കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുകയല്ല, കേരളത്തിലെ പൊതുഗതാഗതം കാര്യക്ഷമമാക്കുകയാണ്. അതറിഞ്ഞു പ്രസ്ഥാനം നടത്തിയില്ലെങ്കിൽ അത് ചത്തുപോകും. അന്ന് നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യവുമില്ല. മുകളിൽ പറഞ്ഞ ആരുമല്ല അതിനെ കൊന്നതെന്ന് തോന്നാം, അവരെല്ലാം കൂടിയാണെന്നും തോന്നാം, അവരിൽ ഒരു കൂട്ടർ ആണെന്ന് മറ്റുള്ളവർ പറയും. അതിലൊന്നും കാര്യമില്ല. ജെസ്സിക്കയെ ആരോ കൊന്നു എന്നത് സത്യമാണ്, അതുകഴിഞ്ഞ് എല്ലാവരും മറ്റുള്ളവരെ പരസ്പരം കുറ്റപ്പെടുത്തി എന്നുമാത്രം.

ജെസ്സിക്കയുടെ കാര്യത്തിൽ ഭാഗ്യത്തിന് ഒരു രണ്ടാമൂഴം ഉണ്ടായി. കേസ് രണ്ടാമത് അന്വേഷിച്ചു, വിചാരണ വന്നു, കുറ്റവാളി ജയിലിലുമായി. കെ എസ് ആർ ടി സി ക്ക് രണ്ടാമൂഴം ഉണ്ടാകുമോ?

( ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകന്‍ )

shortlink

Related Articles

Post Your Comments

Related Articles


Back to top button