കാസര്‍ഗോഡ് : കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരിലാണ് രക്ഷിതാക്കളെ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചത്. കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രഭാരവാഹികളുടെ പേരില്‍ പട്ടികവര്‍ഗ്ഗമായ മാവിലന്‍ സമുദായത്തില്‍പ്പെട്ട മൂന്നാട് ചുള്ളിവീട്ടില്‍ കെ പ്രസാദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ഒക്ടോബര്‍ 20നായിരുന്നു സംഭവം. പെരിയ കൂടാനത്ത് താമസിക്കുന്ന പ്രസാദ് മകള്‍ നൈദികയ്ക്ക് ചോറൂണ് നടത്താന്‍ ഭാര്യ കുമാരി, ഇളയമ്മ കാര്‍ത്ത്യായനി, മക്കളായ സജിത, സരിത എന്നിവര്‍ക്കൊപ്പമാണ് ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങിന് ശേഷം അവിടെ അടിച്ചുവൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യാന്‍ ഓഫീസ് സെക്രട്ടറി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ നിര്‍ബന്ധമായും ചെയ്തിട്ടുപോകണമെന്ന് പറഞ്ഞു.
ഇത്തരം അനാചാരം നടപ്പാക്കാന്‍ തീരുമാനിച്ച ക്ഷേത്രഭാരവാഹികളുടെ പേരില്‍ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഒരുതരത്തിലുള്ള വിവേചനവും ക്ഷേത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ബലിക്കല്ലിന് മുന്നിലാണ് ചോറൂണ് നടക്കാറ്. അവിടെ അവശിഷ്ടം വീഴുന്നതിനാല്‍ ആചാരം എന്ന നിലയ്ക്ക് ചാണകവെള്ളം തളിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. അത് എല്ലാവിഭാഗക്കാരോടും ആവശ്യപ്പെടുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments