തിരുവനന്തപുരം•റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി മാനേജര്‍ പിടിയില്‍. കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ് തിരുവനന്തപുരം പോലീസിന്റെ പിടിയിലായത്.
ഹൈപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങള്‍ മറിച്ചുവിറ്റു കോടികള്‍ തട്ടിപ്പ് നടത്തിയ ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. തുമ്പ പൊലീസും തിരുവനന്തപുരം സിറ്റിയിലെ ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
ലുലു ഗ്രൂപ്പിന്റെ റിയാദിലുള്ള ലുലു അവന്യൂ എന്ന സ്ഥാപനത്തില്‍ മാനേജരായിരുന്നു ഷിജു ജോസഫ്. ജോലിക്കിടയില്‍ ജോര്‍ദ്ദാന്‍ സ്വദേശി മുഹമ്മദ് ഹക്കീമുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഹക്കീമിന്റെ കമ്പനി വഴിയായിരുന്നു ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഇങ്ങിനെ വാങ്ങിയിരുന്ന സാധനങ്ങള്‍ ലുലുവിലെത്തിക്കാതെ മറ്റ് പലയിടത്തേക്കും മറിച്ചുവിറ്റായിരുന്നു പ്രധാന തട്ടിപ്പ്. സാധനം വാങ്ങാതെ തന്നെ വ്യാജബില്ലുണ്ടാക്കിയും പണം തട്ടിയെടുത്തു. തട്ടിപ്പ് കണ്ടെത്തിയതോടെ ലുലു അധികൃതര്‍ ഇരുവര്‍ക്കുമെതിരെ റിയാദില്‍ പരാതി നല്കി.
പരാതി നല്കിയ വിവരമറിഞ്ഞ ഷിജു സൗദിയില്‍ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് ലുലു ഗ്രൂപ്പ് തുമ്പ പോലീസിലും പരാതി നല്കി. സിറ്റി ഷാഡോ പൊലീസ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒളിയിടം കണ്ടെത്തിയത്. തുമ്പ എസ്.ഐ ഹേമന്ത് കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Post Your Comments