KeralaLatest News

ക്രിസ്തുമസ് പെൻഷൻ വിതരണം ആരംഭിച്ചു, പുതുതായി മൂന്നേകാൽ ലക്ഷം പേർക്ക് പെൻഷൻ

പുതുതായി ചേർത്ത മൂന്നേകാൽലക്ഷം പേരടക്കം നാൽപത്തഞ്ചു ലക്ഷം പേർക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻകാരിൽ രണ്ടര ലക്ഷവും ക്ഷേമപെൻഷൻകാരിൽ എഴുപത്തയ്യായിരവുമാണ് ഇത്തവണ വർദ്ധിച്ചു.

ഓഗസ്റ്റ്‌ മുതൽ നവംബർ വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ബാങ്ക് അക്കൌണ്ടിൽ പെൻഷൻ ആവശ്യപ്പെട്ടവർക്ക് ഇന്നു മുതൽ തുക അക്കൌണ്ടിൽ ലഭിക്കും. മറ്റുള്ളവർക്ക് സഹകരണബാങ്കുകൾ വഴിയുള്ള വിതരണം പൂർത്തിയായി വരുന്നു. സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ 1893 കോടി രൂപയും ക്ഷേമബോർഡുകൾക്ക് 253 കോടി രൂപയും അനുവദിച്ചു.

കുടിശികയൊന്നുമില്ലാതെയാണ് ഈ സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണം പൂർത്തിയാകുന്നത്.
ഇരുപത്തി മൂന്നു ലക്ഷത്തോളം പേർക്കാണ് ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ ലഭിക്കുക. ഇരുപതു ലക്ഷത്തോളം പേർക്ക് പെൻഷൻ തുക വീടുകളിലെത്തും. ഓണക്കാലത്തുണ്ടായിരുന്നതിനെക്കാൾ 2.5 ലക്ഷം പേര്‍ക്കാണ് ഇത്തവണ അധികമായി സാമൂഹ്യ സുരക്ഷ പെന്‍ഷൻ വിതരണം ചെയ്യുന്നത്.
സർക്കാർ സഹായത്തോടെ വെല്‍ഫെയര്‍ബോര്‍ഡുകള്‍വഴിയുള്ള പെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു. ഏഴുലക്ഷത്തിലധികം പേർക്ക് ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ട്. മൂന്നുലക്ഷത്തോളം കർഷക പെൻഷനും ഇതിൽ ഉൾപ്പെടുന്നു. പെന്‍ഷന്‍വിതരണം ചെയ്യുന്നതിനായി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 253 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായമില്ലാതെ ക്ഷേമബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷന്‍വിതരണവും ആരംഭിച്ചിട്ടുണ്ട്. 3.5 ലക്ഷം പേരാണ് ഈ പെൻഷന് അർഹതയുള്ളത്.

വാര്‍ഷിക അര്‍ഹത വെരിഫികേഷന്‍ (മസ്റ്ററിംഗ്) പൂര്‍ത്തിയായില്ല എന്ന കാരണത്താൽ പെന്‍ഷന്‍വിതരണം തടഞ്ഞു വെയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശവും സർക്കാർ നൽകിയിട്ടില്ല. പെന്‍ഷന്‍വിതരണം കൃത്യമായി നടക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഉറപ്പു വരുത്തും. വാര്‍ഷിക അര്‍ഹത വെരിഫികേഷന്‍ (മസ്റ്ററിംഗ്) അടുത്ത പെന്‍ഷന്‍വിതരണത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയാല്‍മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button