ശബരിമല: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സി.പി.എം പുനര്‍ ചിന്തനത്തിനൊരുങ്ങുന്നു. വിഷയത്തിൽ പൊലീസ് നിലപാടിലും മാറ്റം. യുവതികളെ പ്രവേശിപ്പിച്ചാല്‍ നിലവിലുള്ള സമാധാനാന്തരീക്ഷം കലുഷിതമാകുമെന്ന തിരിച്ചറിവാണ് ജാഗ്രത പുലര്‍ത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം എരുമേലിയില്‍ നാല് ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് മടക്കി അയച്ചത് ഇക്കാരണത്താലാണ്.
എന്നാല്‍ തന്ത്രിയും പന്തളം കൊട്ടാരവും ട്രാന്സ്ജെന്ഡറുകള് പ്രവേശിക്കുന്നതില്‍ ആചാരലംഘനമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അവര്‍ ഇന്ന് ദര്‍ശനത്തിനെത്തിയത്. ട്രാന്സ്ജെന്ഡറുകള് മുന്‍കാലങ്ങളിലും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. അന്നൊന്നും എതിര്‍പ്പുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇക്കൂട്ടര്‍ക്ക് ദര്‍ശനം നടത്തി പോകാനായി.
എരുമേലിയില്‍ പൊലീസ് കാട്ടിയ ജാഗത്ര നിലയ്ക്കലും തുടരുകയാണ്. വിവിധ ഡിപ്പോകളില്‍ നിന്ന് വരുന്ന ബസുകളിലെ യാത്രക്കാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ബോംബ് സ്ക്വാഡിനൊപ്പം വനിതാ പൊലീസും ബസിനുള്ളില്‍ കയറി പരിശോധന നടത്തുകയും സംശയം തോന്നുന്ന സ്ത്രീകളുടെ പ്രായം സംബന്ധിച്ച രേഖ പരിശോധിക്കുകയും ചെയ്തശേഷമാണ് പമ്ബയിലേക്ക് കടത്തിവിടുന്നത്.
എന്നാല്‍ ചെന്നൈയില്‍ നിന്ന് വരുന്ന യുവതികളില്‍ കൂടുതല്‍ പേരുണ്ടാകുമെന്നാണ് സൂചന. ഇവര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചുവെന്ന് പറയുമ്ബോഴും സര്‍ക്കാരോ പൊലീസോ ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സര്‍ക്കാരിനെതിരെ അഭിപ്രായം ശക്തമായതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ശബരിമലയില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍ 42 ശതമാനത്തിലെ കുറവും തിരിച്ചടിയായി. ഇതേ അവസ്ഥ തുടര്‍ന്നാല്‍ കെ.എസ്.ആര്.ടി.സിയെപ്പോലെ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാര്‍ സംരക്ഷിക്കേണ്ടിവരുമെന്ന സൂചനയാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments