Latest NewsDevotional

അയ്യപ്പഗാനങ്ങളുടെ മണ്ഡലകാലം

പി. അയ്യപ്പദാസ്

വൃശ്ചികം, കാതോര്‍ത്താല്‍ കേള്‍ക്കുന്ന ശരണമന്ത്രജപങ്ങളുടെ മണ്ഡലകാലം. പൂക്കാലവും ഇളംവെയിലും ചാറ്റല്‍മഴയുമൊക്കെയായി പ്രകൃതിപോലും ഭക്തനെ വരവേല്‍ക്കുന്ന നോമ്പുകാലം. ഇനി ഒന്നുകൂടി കാതോര്‍ത്താല്‍ കേള്‍ക്കാം അടുത്തുള്ള ക്ഷേത്ര പറമ്പിലെ ആല്‍മരത്തിനു മുകളിലുള്ള കോളാമ്പിയില്‍ നിന്നു ഉയര്‍ന്നു കേള്‍ക്കുന്ന അയ്യപ്പഗീതങ്ങള്‍. മലയാളിയുടെ സംഗീത പാരമ്പര്യത്തിന്റെ ശ്രീകോവിലിലെ എക്കാലത്തെയും അനശ്വരഗാനങ്ങളാണ് ഈ ശ്രേണിയില്‍ നിന്നും നമുക്കായി പിറന്നത്. ഭക്തിയും സംഗീതവും ഒരു രാഗത്തില്‍ കോര്‍ത്തിണക്കിയ കീര്‍ത്തനം പോലെയാണല്ലോ. ഭക്തന്റെ മനസിനെ ഈശ്വരനിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നതിലും ഭക്തിയുടേതായ അനുഭൂതിതലം സൃഷ്ടിക്കുന്നതിലും സംഗീതം വഹിക്കുന്ന പങ്ക്ചെറുതൊന്നുമല്ല.അതുകൊണ്ടു തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ വര്‍ണിച്ചിറങ്ങുന്ന ഗാനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതും.


മലയാളത്തിലെ ഭക്തിഗാന ചരിത്രം പരിശോധിച്ചാല്‍ അവിടെ അയ്യപ്പഭക്തിഗാനങ്ങള്‍ കുറച്ചൊന്നുമല്ല ഭക്തരേയും സംഗീതപ്രേമികളേയും പിടിച്ചിരുത്തിയത്. ജാതിമത ഭേദമെന്യേ ഒരുകാലത്ത് മലയാളികള്‍ ഇത്തരം ഗാനങ്ങള്‍ പാടി നടന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ ഇത്തിരി പ്രയാസം തോന്നിയേക്കാം. എച്ച്.എം.വിയും തരംഗണിയുമൊക്കെ മത്സരിച്ച് അയ്യപ്പഭക്തിഗാനങ്ങള്‍ ഇറക്കിയ ഒരു കാലമുണ്ടായിരുന്നു. കേരളത്തിലെ കാസറ്റ് വിപണി സജീവമായ മണ്ഡലകാലം.

മലയാളത്തിലെ ആദ്യ അയ്യപ്പഭക്തിഗാന കാസറ്റിന്റെ പിറവി വി. ദക്ഷിണാമൂര്‍ത്തിയിലൂടെ 1968ലായിരുന്നു. ഇതിനിടയില്‍ ചില കാസറ്റുകള്‍ വന്നു പോയെങ്കിലും കാസറ്റു വിപണി സജീവമായതോടെ ജയവിജയന്‍മാര്‍ രംഗത്തിറങ്ങി. 1972ല്‍ ജയവിജയന്‍മാരുടെ സംഗീതത്തില്‍ സ്വാമി നിര്‍മലാനന്ദജി, ശ്രീകുമാരന്‍ തമ്പി, എം. പി. ശിവം എന്നിവര്‍ ഗാനങ്ങള്‍ രചിച്ച പൊന്നമ്പലവാസന്‍ എന്ന അയ്യപ്പഭക്തിഗാനം ശ്രദ്ധിയ്ക്കപ്പെട്ടു. പി. ലീലയും ഈ കാസറ്റില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു. 1974ല്‍ ജയവിജയന്‍മാരുടേതായി പുറത്തിറങ്ങിയ നെയ്യഭിഷേകം എന്ന കാസറ്റിലെ ഗാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമായി. നല്ലതു വരുത്തുക നമുക്കു നിലവയ്യ എന്ന ഹിറ്റ് ഗാനം ഈ ആല്‍ബത്തില്‍ നിന്നുള്ളതായിരുന്നു. ജയവിജയന്‍മാരുടെ സംഗീതത്തിലെന്നപോലെ ശബ്ദത്തിലുമുള്ള പ്രത്യേകത ആസ്വാദകരുടെ മനം കവര്‍ന്നു. മലയാള ഭക്തിഗാന സംഗീതശാഖയില്‍ ജയവിജയന്‍മാരുടെ സംഭാവനകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും ഇങ്ങനെയായിരുന്നു. അയ്യപ്പഭക്തിഗാനരംഗത്തെ ആദ്യ സൂപ്പര്‍മെഗാഹിറ്റ് ആല്‍ബമായിരുന്നു 1975ല്‍ പുറത്തിറങ്ങിയ ഗംഗയാറ്. മലയാളത്തിന്റെ ഗന്ധര്‍വനാദം കെ. ജെ. യേശുദാസിന്റെ മാസ്മരിക സംഗീതവും ആലാപനുമായിരുന്നു ഇതിലെ മുഖ്യ ആകര്‍ഷണം. ഗംഗയാറു പിറക്കുന്നു, മനസിനുള്ളില്‍ ദൈവം ഇരുന്നാല്‍, ഒരേ ഒരു ലക്ഷ്യം, പമ്പയാറിന്‍, ശങ്കരചലം, സുപ്രഭാതം പൊട്ടിവിടര്‍ന്നു എന്നീ ഗാനങ്ങള്‍ യേശുദാസിന്റെ സംഗീതത്തിലും ഖേദമേകും, മകരവിളക്കേ, നീലനീലമലയുടെ, പൊന്നും പതിനെട്ടാം പടി എന്നീ ഗാനങ്ങള്‍ ബി. എ. ചിദംബരനാഥിന്റെ സംഗീതത്തിലും പിറന്നു. ടി. കെ. ആര്‍. ഭദ്രനായിരുന്നു ഗാനരചന. വര്‍ഷങ്ങള്‍ കഴിഞ്ഞുപോകുമ്പോഴും ഇന്നും മലയാളിയുടെ നിത്യഹരിത ഗാനങ്ങളുടെ പട്ടികയില്‍ ഈ ഗാനങ്ങള്‍ മുന്‍പന്തിയില്‍ തന്നെ എന്നതും ഈ ഗാനങ്ങളുടെ മാറ്റു കൂട്ടുന്നു. സ്വാമിഭക്തന്റെ മനസറിഞ്ഞൊരുക്കിയ ഈ ആല്‍ബം വിപണിയില്‍ വലിയ വിപ്ലവം സൃഷ്ട്ടിച്ചു. ചലച്ചിത്ര ഗാനരംഗത്ത് മലയാളിയുടെ സംഗീതസ്പന്ദനമായി മാറിയ യേശുദാസ് ഈ കാസറ്റുകൂടി ഭക്തിഗായകന്‍ എന്ന നിലയിലും മുന്നേറ്റം കുറിച്ചു.


ഭക്തിഗാനരംഗത്തെ ഹിറ്റുകളുടെ രചയിതാവായിരുന്നു ടി. കെ. ആര്‍. ഭദ്രന്‍. ഭക്തിയും സാഹിത്യവും ലളിതഭാഷയിലൂടെ സംയോജിപ്പിച്ച് ഭക്തമനുസുകളിലേക്ക് ആഴത്തില്‍ പതിക്കാന്‍ ടി. കെ. ആര്‍. ഭദ്രന്റെ വരികള്‍ക്കായി. വി. ദക്ഷിണാമൂര്‍ത്തി – ടി. കെ. ആര്‍. ഭദ്രന്‍ – യേശുദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആ ദിവ്യനാമം മറ്റൊരു സൂപ്പര്‍ഹിറ്റായിരുന്നു. ആ ദിവ്യനാമം അയ്യപ്പാ, ആനകേറാമല ആളുകേറാമല, അഭിരാമ ശൈലമേ, ഏഴാഴികള്‍ ചൂഴും, കാശി രാമേശ്വരം, കാട്ടിലുണ്ട് വന്യമൃഗങ്ങള്‍, നിന്നെ കണ്ടു കൊതി തീരാത്ത, സത്യമായ പൊന്നു പതിനെട്ടാം പടി തുടങ്ങി കാസറ്റിലെ മുഴുവന്‍ ഗാനങ്ങളും സൂപ്പര്‍ ഹിറ്റിലേക്ക് വഴിതെളിയിച്ചു. പൂര്‍ണമായും രാഗനിബന്ധമായാണ് ദക്ഷിണാമൂര്‍ത്തി സ്വാമി അയ്യപ്പഗാനങ്ങള്‍ ഒരുക്കിയത്.

Sabarimala: Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

1976ല്‍ പുറത്തിറങ്ങിയ ശരണമയ്യപ്പ എന്ന കാസറ്റിലൂടെയാണ് ശ്രീകോവില്‍ നട തുറന്നു എന്ന ഗാനം പിറക്കുന്നത്. കൈപ്പള്ളി കൃഷ്ണപിള്ളയുടെ ഭക്തിസാന്ദ്രമായ വരികള്‍ക്ക് സംഗീതം ഒരുക്കിയതാകട്ടെ ജയവിജന്‍മാരും. ഇതേ കാസറ്റില്‍ പി. കുഞ്ഞിരാമന്‍നായരുടെ മണ്ഡലമാസ പുലരികള്‍ എന്ന ഗാനവും എം. കെ. അര്‍ജുനന്റെ സംഗീതത്തില്‍ പിറന്നു. കെ. പി. ഉദയഭാനു, എം. എസ്. വിശ്വനാഥന്‍ എന്നിവരും ഇതേ കാസറ്റില്‍ മറ്റു ഗാനങ്ങള്‍ ഒരുക്കി എന്നത് മറ്റൊരു ചരിത്രം.

1976ല്‍ പുറത്തിറങ്ങിയ ജയവിജയന്‍മാരുടെ അയ്യപ്പസുപ്രഭാതവും സൂപ്പര്‍ഹിറ്റ് വിജയം നേടി. ബിച്ചു തിരുമലയുടെ വരികളില്‍ പിറന്ന അയ്യപ്പതിന്തക്കത്തോം, വിഷ്ണുമായായില്‍ പിറന്ന….തുടങ്ങിയ ഗാനങ്ങളും തിരുവാര്‍ത്ത് പുരുഷോത്തമന്‍ രചിച്ച മലമുകളില്‍വാഴും തുടങ്ങിയ ഗാനങ്ങളും ഭക്തരുടെ ചുണ്ടുകളില്‍ ഇടം നേടി.

1980ല്‍ പുറത്തിറങ്ങിയ ദീപം, മകരദീപം എന്ന കാസറ്റിലൂടെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അയ്യപ്പഭക്തിഗാനരംഗത്തെ വിജയം പിടിച്ചടക്കി. രവീന്ദ്രന്‍ – ബിച്ചുതിരുമല കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റായി മാറി. ദീപം മകരദീപം, കുളത്തൂര്‍ പുഴയിലെ ബാലകനെ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു.
1981ല്‍ പുകഴേന്തിയുടെ സംഗീത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങളിലൂടെ കെ.വീരമണിയും കെ. പി. ബ്രഹ്മാനന്ദനും എസ്. ജാനകിയുടെ ഭക്തമനസില്‍ ഇടം പിടിച്ചു.

 

തരംഗണിയിലൂടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ ഏതുമാകട്ടെ ആസ്വാദകര്‍ക്ക് കണ്ണുമടച്ചു വാങ്ങാം എന്നതായിരുന്നു സ്ഥിതി. യേശുദാസെന്ന മാന്ത്രികശബ്ദം തന്നെയായിരുന്നു അതിനു പിന്നിലെ പ്രധാന ഉറപ്പ്. ആ ഉറപ്പ് അയ്യപ്പഭക്തിഗാന രംഗത്തും അവര്‍ മുറുകെ പിടിച്ചു. മുപ്പതിലധികം വാല്യങ്ങളിലായി നിരവധി ഹിറ്റുകളാണ് യേശുദാസിലൂടെ തരംഗണി മലയാളിക്ക് സമ്മാനിച്ചത്. ഗന്ധര്‍വഗായകനു ഹിറ്റൊരുക്കാന്‍ മലയാളത്തിലെ മുഴുവന്‍ സംഗീത പ്രതിഭകള്‍ക്കും തരംഗണി അവസരമൊരുക്കി. 1982ല്‍ തരംഗണിയിലൂടെ പുറത്തിറങ്ങിയ ഭക്തിഗാനത്തിനു പിന്നില്‍ ആലപ്പി രംഗനാഥായിരുന്നു. അദ്ദേഹത്തിന്റെ രചന, സംഗീതത്തില്‍ പിറന്ന സ്വാമി സംഗീതമാലപിക്കും, എന്‍ മനം പൊന്നമ്പലം, വൃശ്ചിക പൂംപുലരി തുടങ്ങിയ ഗാനങ്ങള്‍ തലമുറകള്‍ ഏറ്റുപാടി. 1983ല്‍ തരംഗണിക്കു വേണ്ടി ഗാനങ്ങളൊരുക്കിയത് എം. കെ. അര്‍ജുനന്‍ – ചുനക്കര രാമന്‍കുട്ടി കൂട്ടുകെട്ടായിരുന്നു. പര്‍വത മുകളില്‍, നീല നീലമലകളെ, വൃശ്ചികമാസം പിറന്നേ തുടങ്ങിയ ഗാനങ്ങള്‍ ഈ വാല്യത്തില്‍ ഉള്‍പ്പെട്ടതാണ്. വി. ദക്ഷാണാമൂര്‍ത്തി – എസ്. രമേശന്‍നായര്‍, വിദ്യാധരന്‍ – കുടപ്പനക്കുന്ന് ഹരി, സമ്പത്ത് സെല്‍വ്വം – ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ടി. എസ്. രാധാകൃഷ്ണന്‍ – ആര്‍. കെ. ദാമോദരന്‍, എസ്. പി. വെങ്കിടേഷ് – പി. സി. അരവിന്ദാക്ഷന്‍, എം. എസ്. വിശ്വനാഥന്‍ -എം. വി. വാസുദേവന്‍ പോറ്റി, കൈതപ്രം വിശ്വനാഥ് – കൈതപ്രം തുടങ്ങിയ പ്രതിഭകളുടെ രചനാ സംഗീതം തരംഗണിയുടെ ഗാനങ്ങളെ ജനഹൃദയത്തിലേക്കു ചേര്‍ത്തു നിര്‍ത്തി. തരംംഗണിയുടേതായി 1986ല്‍ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങളുടെ ആറാം വാല്യത്തിലൂടെയാണ് ഗംഗൈ അമരന്‍ മലയാളത്തിലേക്കെത്തുന്നത്. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ രചനയില്‍ പിറന്ന ഗംഗൈ അമരന്റെ ഗാനങ്ങള്‍ മലയാളിയുടെ അടുത്ത സൂപ്പര്‍ ഹിറ്റായി മാറി. ആനയിറങ്ങും മാമലയില്‍, അഖിലാണ്ഡബ്രഹ്മത്തിന്‍, കാനനവാസ, മാനത്ത് മകരവിളക്ക്, മഹാപ്രഭോ, മകരനിലാകുളിര്‍, മകരസംക്രമ, മന്ദാരം മലര്‍മഴ, മണ്ഡല ഉത്സവകാലം, ഉദിച്ചുയര്‍ന്നു, ഉണര്‍ന്നെത്തിടാം, വൃശ്ചികപുലര്‍വേള എന്നീ മുഴുവന്‍ ഗാനങ്ങളും സൂപ്പര്‍ഹിറ്റായി മാറി. മലയാളിയുടെ ഭക്തി അറിഞ്ഞുള്ള സംഗീതത്തിന് യേശുദാസെന്ന ഗായകന്റെ ശബ്ദമാധുരിയും, വരികളിലെ കവിത്വവും അതായിരുന്നു ആറാം വാല്യത്തിലെ ഗാനങ്ങള്‍. എട്ടാം വാല്യത്തിലൂടെ ടി. എസ്. രാധാകൃഷ്ണന്‍, ആര്‍. കെ. ദമോദരന്‍ കൂട്ടുകെട്ട് അടുത്ത സൂപ്പര്‍ഹിറ്റിന് തിരിതെളിയിച്ചു. ഹരിവരാസനം കേട്ട്, ഹരിഹരപുത്രനാം തുടങ്ങിയ ഗാനങ്ങള്‍ ഈ കാസറ്റിലേതാണ്.

വി. ദക്ഷിണാമൂര്‍ത്തി, എസ്. രമേശന്‍നായര്‍, ദക്ഷിണാമൂര്‍ത്തി – ഒ. എന്‍. വി, ദേവരാജന്‍ – ഒ. എന്‍. വി, എം. കെ. അര്‍ജുനന്‍ – മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കെ. രാഘവന്‍ – പി. ഭാസ്‌ക്കരന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് – ആര്‍. കെ. ദാമോദരന്‍ തുടങ്ങിയ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ എണ്‍പതുകളേയും തൊണ്ണൂറുകളേയും സമ്പന്നമാക്കി. ഗാനങ്ങള്‍ നല്ലതാണെങ്കില്‍ വിപണനം ഉറപ്പ് എന്ന അവസ്ഥ വന്നതോടെ നിരവധി കമ്പനികളാണ് ഭക്തിഗാന രംഗത്തേക്ക് ഇക്കാലയളവില്‍ കടന്നെത്തിയത്.
രണ്ടായിരത്തിന് ശേഷം പുതിയ തലമുറയിലെ സംഗീതഞ്ജരും ഗായകരും അയ്യപ്പഭക്തിഗാന രംഗത്ത് കടന്നെത്തി. ഈസ്റ്റ് കോസ്റ്റ്, എം.സി ഓഡിയോസ്, മാരുതി കാസറ്റ്‌സ് തുടങ്ങിയ ആയിരുന്നു ഇക്കാലയളവിലെ പ്രധാന കാസ്റ്റ് വിതരണ കമ്പനികള്‍. ഇവിടെ നിന്നും പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. അക്കാലത്തെ ഏറ്റവും സൂപ്പര്‍ഹിറ്റ് ആല്‍ബം എം. ജി. ശ്രീകുമാറിന്റെ ആലാപനത്തില്‍ എസ്. കുമാര്‍ – ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടില്‍ പിറന്ന പമ്പ ആയിരുന്നു. കണ്ണാടി ചില്ലോലും കണി പമ്പ, പൊന്നു പമ്പയില്‍, ആരാണ് അയ്യപ്പന്‍, പൊന്നേ ആരാണ് അയ്യപ്പന്‍ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റുകളായി മാറി. ശബരി, സ്വാമി അയ്യപ്പന്‍, പുണ്യമല, പൂങ്കെട്ട് തുടങ്ങിയ നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ എം. ജി. ശ്രീകുമാറിന്റെ ആലാപനത്തില്‍ പിറന്നു. ഇക്കാലയളവില്‍ ആസ്വാദകര്‍ കാത്തിരുന്നതും എം. ജി. ശ്രീകുമാറിന്റെ പാട്ടുകള്‍ക്കായി ആയിരുന്നു. നാടന്‍പാട്ടുകളില്‍ തിളങ്ങി നിന്ന കലാഭവന്‍ മണിയും അയ്യപ്പഗാനങ്ങളിലൂടെ ഭക്തമനസുകളില്‍ ഇടം നേടി. 2011ല്‍ എം. ജി. ശ്രീകുമാറിന്റെ സംഗീതത്തില്‍ രാജീവ് ആലുങ്കല്‍ രചിച്ച അയ്യപ്പത്തോം എന്ന ആല്‍ബത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഗായകനായി അയ്യപ്പഭക്തി ഗാനരംഗത്തെത്തി.

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം എല്ലാ ഗായകരും അവരുടെ ആല്‍ബങ്ങളില്‍ ഉള്‍പ്പെടുത്തിയെങ്കിലും മലയാളിക്കിന്നും പ്രിയം യേശുദാസിന്റെ സ്വരമാധുരിയില്‍ നിന്നു കേള്‍ക്കുന്നതു തന്നെ. കുമ്പക്കുടി കുളത്തൂര്‍ അയ്യരാണോ, കോന്നകത്ത് ജാനകിയമ്മയാണോ ഹരിവരാസനം രചിച്ചതെന്ന കാര്യത്തില്‍ ഇന്നും തര്‍ക്കങ്ങള്‍ ബാക്കി. 1953 മുതലാണ് ശബരിമല സന്നിധാനത്ത് ഹരിവരാസനം പാടിതുടങ്ങുന്നത്. 1975ല്‍ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന ചലച്ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയതോടെയാണ് ഹരിവരാസനം ജനകീയമാകുന്നത്. ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനം വലിയ ഹിറ്റായി മാറി.

നവമാധ്യമങ്ങളിലൂടെ വിപണിയിലെത്തുന്ന പാട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കാസറ്റ് വിപണിയ്ക്ക് മങ്ങലേല്‍ക്കാന്‍ തുടങ്ങിയത്. എങ്കിലും സംഗീതാരാധകരായ വലിയ ഒരു വിഭാഗം ഇപ്പോഴും പ്രതീക്ഷയോടെ ഭക്തിഗാനങ്ങള്‍ക്കായി കാത്തിരിക്കുന്നതാണ് വലിയ ആശ്വാസം. വിപണിയില്‍ ഇപ്പോഴും അയ്യപ്പഭക്തിഗാനങ്ങള്‍ പുതിയ തലമുറയില്‍ നിന്നടക്കം വന്നു പോകുമ്പോഴും പ്രിയം പഴയ അയ്യപ്പന്‍പാട്ടുകള്‍ക്കു തന്നെ. ഈ വര്‍ഷവും പത്തിലധികം അയ്യപ്പഭക്തിഗാന സിഡികളാണ് വിപണിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button