ബോവിക്കാനം•മകന് ചായയുമായി കയറുന്നതിനിടെ പിതാവ് തീവണ്ടിയിൽ നിന്നും വീണു മരിച്ചു. വിവരമറിയാതെ മകൻ 13 കിലോമീറ്റർ യാത്രചെയ്തു. മുളിയാർ പഞ്ചയാത്ത് മുസ്ലിംലീഗ് അംഗവും കരാറുകാരനുമായ മുണ്ടക്കൈ നെടുവോട്ട് മഹമൂദ് (63 ) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.30 ഓടെ മംഗളൂരു റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. എൻഡോസൾഫൻ ദുരിദബാധിതനും ഭിന്നശേഷിക്കാരനുമായ മകൻ ഹാരിസ്നെ ആശുപത്രിയിൽ കാണിച്ചു മടങ്ങവെയാണ് അപകടം നടന്നത്. വിവരമറിയാതെ മുന്നോട്ട് യാത്രതുടർന്ന ഹാരിസ് കാസർഗോഡിറങ്ങി. പിതാവിനെ കാണാതെ 13 കിലോമീറ്റർ നടന്ന് ഞായറാഴ്ച പുലർച്ചെയാണ് ഹാരിസ് വീട്ടിൽ എത്തിയത്.
ശനിയാഴ്ച മംഗളൂരുവിൽ എത്തിയ ഇരുവരും ഡോക്ടറെക്കണ്ട ശേഷം തിരികെ വരവെ മകനെ ട്രെയിനിൽ ഇരുത്തി ചായവാങ്ങാൻ ഇറങ്ങി മഹമൂദ്. ചായ വാങ്ങി തിരികെ വരും വഴി മുന്നോട്ടെടുത്ത ട്രെയിനിൽ ചാടിക്കയറവെയാണ് അപകടം പറ്റിയത്. പാളത്തിലേക്ക് വീണ മഹമൂദിന്റെ രണ്ടു കാലുകളും അറ്റു പോവുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അർബുദബാധിതനായ മഹ്മൂദിന് സംസാരശേഷി കുറവായിരുന്നു. പോക്കറ്റിൽ കണ്ട തിരിച്ചറിയാൽ കാർഡിലെ നമ്പർ വഴിയാണ് ആശുപത്രി അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചത്. ഇതിനിടെ ഹാരിസ് പുലർച്ചയോടെ വീട്ടിൽ എത്തുകയായിരുന്നു.
മഹ്‌മൂദിന്റെ മൃതദേഹം മുണ്ടക്കൈ ജുമാമസ്ജിദിൽ വാൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. ഭാര്യ ഉമ്മാലി. മറ്റുമക്കൾ:ഷെരീഫ്, നഫ്‌റീസ,സഫാന,സഹ്ല, മരുമക്കൾ:യൂസഫ് തളങ്കര,നൗഫല, സഹോദരങ്ങൾ:മുഹമ്മദ്,അബ്ദുല്ല, അബ്ദുൽഖാദർ, അബ്ദുൽ റഹിമാൻ, ഇബ്രാഹീം, ഷാഫി, ആയിഷ, പരേതയായ ആയിസുമ്മ,ഖദീജ.
Post Your Comments