Latest NewsPrathikarana Vedhi

റഫാലും മിഷേലും കോൺഗ്രസിന്റെ ഉറക്കം കെടുത്തുമ്പോൾ എ.കെ ആന്റണി എന്തുകൊണ്ട് സത്യം പറയുന്നില്ല – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

കോൺഗ്രസ് നേതൃത്വം വല്ലാതെ പരിഭ്രാന്തിയിലാണ്; ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ദല്ലാൾ ക്രിസ്ത്യൻ മിഷേൽ ഇന്ത്യയിലെത്തപ്പെട്ടത് മുതൽ ആരംഭിച്ചതാണ് ആ വിഭ്രാന്തി. മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോഡി സർക്കാരിന് കഴിയുമെന്ന് സോണിയ പരിവാർ കരുതിയിരുന്നതേയില്ല; ബൊഫോഴ്‌സ് കേസിലെ ദല്ലാൾ ഒട്ടാവിയോ ക്വത്തറോക്കിയെ സംരക്ഷിച്ചത് പോലെ മിഷേലിനേയും സംരക്ഷിക്കാനാവും എന്ന വിശ്വാസമാണ് ഇവിടെ പരാജയപ്പെട്ടത്. അതിനിടെയാണ് റഫാൽ ഇടപാടിനെ സംബന്ധിച്ച് കോൺഗ്രസുകാരും കൂട്ടാളികളും ഉയർത്തിയ ആക്ഷേപങ്ങൾ സുപ്രീം കോടതി തള്ളിക്കളഞ്ഞത്. അത് തീർത്താൽ തീരത്തെ വേദനയാണ് കോൺഗ്രസിനും കൂട്ടാളികൾക്കും ഉണ്ടാക്കിയത്. മാത്രമല്ല, ആ സുപ്രീം കോടതി വിധി നാളെകളിൽ വല്ലാതെ വിഷമത്തിലേക്ക് കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും നയിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതാണിപ്പോൾ നാട്ടിലെങ്ങും കാണുന്ന കോൺഗ്രസുകാരുടെ ബഹളത്തിന് അടിസ്ഥാനം.

റഫാൽ കേസിൽ സർക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. അറ്റോർണി ജനറൽ ( എ ജി) ആണ് കേസിൽ സർക്കാരിന് വേണ്ടി ഹാജരായത്. ഇന്ത്യയിലെ തന്നെ പ്രഗത്ഭ അഭിഭാഷകനായ കെകെ വേണുഗോപാൽ ആൺ എജി. അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാം, സത്യത്തിന് നിരക്കാത്തത് കോടതിയിൽ പറയുകയോ സമർപ്പിക്കുകയോ ഇല്ലെന്ന്. കോൺഗ്രസ് വാക്കേലന്മാരെപ്പോലെ കള്ളക്കടത്ത്കാർക്കും കള്ളപ്പണക്കാർക്കും കൊള്ളക്കാർക്കും വേണ്ടി ഇറങ്ങിത്തിരിക്കുന്ന പാരമ്പര്യം അദ്ദേഹത്തിനുള്ളതായി കേട്ടിട്ടുമില്ല. ഇവിടെ ആകെ സർക്കാർ പക്ഷത്ത് നിന്ന് ചെയ്തത്, സർക്കാർ നടത്തുന്ന സർവ സാമ്പത്തിക ഇടപാടുകളും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ( സിഎജി) പരിശോധിക്കുമെന്ന യാഥാർഥ്യം ബോധിപ്പിച്ചു എന്നതാണ്. “റഫാൽ സംബന്ധിച്ച രേഖകൾ സിഎജിക്ക് കൊടുത്തുകഴിഞ്ഞു; അത് അവർ പരിശോധിക്കട്ടെ; അവരുടെ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും; പിന്നീട് അത് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും…… “. ഇത് വിധിന്യായത്തിൽ തെറ്റായി സൂചിപ്പിക്കപ്പെട്ടു. സിഎജി അത് പരിശോധിച്ചുവെന്നും റിപ്പോർട്ട് പിഎസി പരിശോധിച്ചുവെന്നും സൂചിപ്പിച്ചു. അങ്ങിനെ ഒരു കാര്യം സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. അത് വിധിന്യായത്തിലെ ‘ടൈപ്പിംഗ് എറർ’ ആവണം . ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത് എന്നതോർക്കുക. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന് ചെയ്യാനാവുന്നത്, “അത് തിരുത്തണം” എന്ന അഭ്യർത്ഥന കോടതിയോട് നടത്തുക എന്നതാണ്. അതിനുള്ള അപേക്ഷ കഴിഞ്ഞ ശനിയാഴ്ച തന്നെ സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇനി കോടതി അത് പരിശോധിക്കട്ടെ. വേണ്ടതായ തീരുമാനമെടുക്കട്ടെ. ഇവിടെ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല.

ഇവിടെ ഒന്നുകൂടി പറയേണ്ടതുണ്ട്. സുപ്രീം കോടതി മുൻപാകെ സർവ രേഖകളും സർക്കാർ സമർപ്പിച്ചിരുന്നു. വില സംബന്ധിച്ചും വിമാനങ്ങളുടെ വിശദാംശങ്ങളുമായി ബന്ധപ്പെട്ടതുമെല്ലാം. എന്നിട്ട് കോടതി എത്തിച്ചേർന്ന ഒരു നിഗമനം, ആദ്യം യുപിഎ നടത്തിയ ഇടപാടുമായി താരതമ്യം ചെയ്യുമ്പോൾ, സാങ്കേതിക വിദ്യയിലെ മികവ് കൂടി കണക്കിലെടുക്കുമ്പോൾ, മോഡി സർക്കാർ വിലകുറച്ചാണ് വിമാനങ്ങൾ വാങ്ങുന്നത് എന്നത് കോടതിക്ക് ബോധ്യപ്പെട്ടു എന്നതാണത്. അത് മോഡി സർക്കാർ വിലകുറച്ചാണ് വാങ്ങുന്നത് എന്നത് മാത്രമല്ല, യുപിഎ നടത്തിയ ഇടപാടിൽ എന്തൊക്കെയോ ദുരൂഹതയുണ്ട് എന്നത് കോടതിക്ക് ബോധ്യപ്പെട്ടു എന്നതിന്റെ കൂടി സൂചനയല്ലേ. അത് യഥാർഥത്തിൽ കോൺഗ്രസിന് നാളെ തലവേദനയാകും എന്നതിൽ സംശയമുണ്ടോ?. വേറൊന്ന്, കോടതി വിധിയോടെ അനിൽ അംബാനിക്കെതിരെ കോൺഗ്രസ് നടത്തിയ ആരോപണങ്ങൾ തകർന്നു തരിപ്പണമായി. അംബാനി കോൺഗ്രസുകാർക്കെതിരെ കൊടുത്ത മാനനഷ്ട കേസുകളിൽ ഈ വിധി നിർണ്ണായകമാവുകയും ചെയ്യും. അതും ചെറിയ പ്രശ്നമല്ല ഉണ്ടാക്കാൻ പോകുന്നത്.

ഇവിടെ സുപ്രീം കോടതിയിൽ ഹർജി കൊടുത്തത് കോൺഗ്രസുകാരാണ് അല്ലെങ്കിൽ അവരുടെ ദല്ലാളന്മാരാണ് എന്നതോർക്കണം. പ്രശാന്ത് ഭൂഷണും അരുൺ ശൗരിയും യശ്വന്ത് സിൻഹയുമൊക്കെ ഇന്നിപ്പോൾ ആരുടെയൊപ്പമാണ് എന്നത് പറയേണ്ടതില്ലല്ലോ. തീർച്ചയായും കോടതി നടപടിക്രമങ്ങൾ അനുസരിച്ച് അവർക്ക് റിവ്യൂ ഹർജി കൊടുക്കാം. അതാണ് കോടതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തിന്റെ കാര്യത്തിൽ നിയമാനുസൃതം ചെയ്യാനാവുന്നത്. അതൊന്നും അറിയാത്തവരല്ല കോൺഗ്രസ് നേതാക്കൾ. പക്ഷെ, അവർ പറയുന്നത് എന്താണ്?. അതാണ് രസകരമായി തോന്നിയത്. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടത് ‘കോടതി വിധിന്യായം തിരിച്ചുവിളിക്കണം’ എന്ന് . അങ്ങിനെയൊരു നടപടിക്രമം ഇന്ത്യൻ നീതിന്യായ സംവിധാനത്തിലുണ്ടോ?. അറിയില്ല. എന്നാൽ അത് ഇതുവരെ കേട്ടിട്ടില്ല എന്നത് പറയാതിരിക്കാനും വയ്യ. ഒരു വിധി വന്നാൽ അത് അംഗീകരിക്കണ്ടേ; സുപ്രീം കോടതി വിധി ആവുമ്പോൾ അത് നാട്ടിലെ നിയമവുമാണ്. അതെങ്ങനെയാണ് തിരികെവിളിക്കുക ? കോൺഗ്രസുകാർക്ക് ചെയ്യാനാവുന്നത്, അവരുടെ വിശ്വസ്തരായ ഹർജിക്കാരോട്, റിവ്യൂ പെറ്റീഷൻ സമർപ്പിക്കാൻ നിർദ്ദേശിക്കുകയാണ്. അത് അതിന്റെതായ മട്ടിൽ കോടതി കാണട്ടെ. അതല്ലേ നീതി നിർവഹണത്തിൽ വിശ്വാസമുണ്ടെങ്കിൽ ഇക്കൂട്ടർ ചെയ്യേണ്ടത്. എന്തായാലും ഇത്തരമൊരു പുതിയ ആവശ്യമുന്നയിക്കാൻ കോൺഗ്രസിലെ വക്കീലന്മാർ രംഗത്ത് വരാതിരുന്നത് വിവരക്കേടാണ് അതെന്ന് അറിയുന്നത് കൊണ്ടുമാവണം.

കോൺഗ്രസ് നേതാക്കളുടെ മുഖഭാവം ശ്രദ്ധിച്ചോ, വാർത്താസമ്മേളങ്ങളിലും മറ്റും; ഒരുതരം ഭീഷണിയുടെ ഭാവം. വിധി കോടതി പിൻവലിക്കണം എന്നൊക്കെ പറയാനുള്ള ചങ്കൂറ്റം ഇക്കൂട്ടർക്ക് എവിടെനിന്ന് വന്നു?. അതാണ് അവരുടെ പതിവ് സ്വഭാവം എന്നത് മറക്കുകയല്ല. അടിയന്തരാവസ്ഥക്കാലത്ത് അവർ എന്തൊക്കെയാണ് ചെയ്തത്?. വഴങ്ങാത്ത ജഡ്‌ജിമാരെ “നിലക്ക് നിർത്താൻ ” നെഹ്‌റു പരിവാർ സ്വീകരിച്ച നടപടികൾ ചരിത്രത്തിന്റെ ഭാഗമാണല്ലോ?. പിന്നീട് ഈ സർക്കാരിന്റെ കാലഘട്ടത്തിൽ മുൻ ചീഫ് ജസ്റ്റിസിനെതിരെ ഇന്പീച്ച്മെന്റ് നീക്കം നടത്തിയതുമൊരുക്കുക. തങ്ങളാണ് ഇന്ത്യ ഭരിക്കുന്നത് എന്ന തോന്നലിൽ ആണോ ഇക്കൂട്ടർ എന്നതറിയില്ല. അതുകൊണ്ട് തങ്ങൾ പറയുന്നത് പോലെ ജഡ്ജിമാർ കേൾക്കണം എന്ന സന്ദേശമാണോ നൽകുന്നത്?. ആനന്ദ് ശർമ്മയുടെ വാർത്താസമ്മേളനം യഥാർഥത്തിൽ കോടതിയോടുള്ള അവരുടെ നിലപാടാണ് വ്യക്തമാക്കുന്നത്; ” ഞങ്ങൾ പറയുന്നു, നിങ്ങൾ കേൾക്കണം” എന്ന്. ഇത് ജഡ്ജിമാരിൽ, കോടതിയിൽ സമ്മർദ്ദം ചെലുത്താലാണ്. മറ്റൊരർഥത്തിൽ കോടതിയെ ഭീഷണിപ്പെടുത്തുന്നതിന് സമാനമാണ്.

എനിക്ക് തോന്നുന്നു, കോൺഗ്രസിനെ അലട്ടുന്നത് റഫാൽ അല്ല മറിച്ച്‌ ക്രിസ്ത്യൻ മിഷേൽ ആണ്. മിഷേൽ കുറെ ദിവസമായി സിബിഐ കസ്റ്റഡിയിലുണ്ട് . എന്താവാം അയാൾ സിബിഐക്ക് നൽകിയ മൊഴികൾ എന്നത്, സ്വാഭാവികമായും, സോണിയ- രാഹുൽ- വാദ്രമാരെ വല്ലാതെ അലട്ടുന്നുണ്ടാവണം. മടിയിൽ കനമില്ലാത്തവർക്ക് ബേജാറാവേണ്ട കാര്യമില്ലല്ലോ; പലതും മറച്ചുവെക്കുന്നവർക്ക് ഭയപ്പെടേണ്ടതായുമുണ്ട്‌. ഇന്നലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ഓൺലൈനിൽ ഇത് സംബന്ധിച്ച ഒരു വാർത്ത വന്നത് ഓർമ്മിക്കുക. മിഷേലിന് കിട്ടിയ പണത്തിന്റെ കണക്ക്, അത് സംബന്ധിച്ച് ആഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ വൈസ് പ്രസിഡണ്ട് ( ഓഡിറ്റ്) ആയ ജിർജിയോ കസാന നൽകിയ വിവരങ്ങൾ; മിഷേലും ആഗസ്റ്റ വെസ്റ്റ്‌ലാൻഡുമായി നടത്തിയ ഇമെയിൽ ഇടപാടുകൾ, കത്തുകൾ, ഫാക്സ് സന്ദേശങ്ങൾ ……… അത്തരം വലിയൊരു ശേഖരം ഇപ്പോൾ തന്നെ സിബിഐയുടെ കയ്യിലുണ്ട് എന്നാണ് വാർത്തയിൽ പറയുന്നത്. ക്രിസ്ത്യൻ മിഷേൽ 276 കോടിരൂപ പലർക്കായി കൊടുത്തത്, ചെലവിട്ടത് കാണിക്കുന്നതാണ് ആ ഓഡിറ്റ് റിപ്പോർട്ട്. അത് ചെറിയ തുകയല്ലല്ലോ. അതായത്, ഏതാണ്ടൊക്കെ കേസ് തെളിയിക്കുന്നതിന് ആവശ്യമായതെല്ലാം കയ്യിൽ വെച്ചുകൊണ്ടാണ് സിബിഐ മിഷേലിനെ നേരിടുന്നത്. മാത്രമല്ല, ഇറ്റാലിയൻ കോടതി തെളിവായി ശേഖരിച്ച നോട്ടുകൾ (കുറിപ്പുകൾ ) മിഷേലിന്റെ കൈപ്പടയിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ സിബിഐ തയ്യാറായതും കോൺഗ്രസുകാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ആ കുറിപ്പുകളിൽ ആണല്ലോ “എപി, ഫാമിലി. പൊളിറ്റിക്കൽ ” തുടങ്ങിയ പരാമർശങ്ങൾ ഉള്ളത്. അത് മിഷേലിന്റെ കൈപ്പടയാണ് എന്ന് ഈ വിമാനനിർമ്മാണ കമ്പനിയുടെ ഇംഗ്ലണ്ടിലെ ദല്ലാൾ സിബിഐ-ക്ക് നേരത്തെ മൊഴി നൽകിയിരുന്നു എന്നതും പ്രധാനമാണ്. അതിലെല്ലാമുപരി, ഇറ്റാലിയൻ കോടതി ഒരിക്കൽ ആ കുറിപ്പുകളെ മുഖവിലക്കെടുത്തതുമാണല്ലോ.

ഇനി ഒന്നുകൂടി; റഫാൽ ആയാലും ആഗസ്റ്റ വെസ്റ്റ്ലാൻഡ് ആയാലും എല്ലാം അറിയുന്ന ഒരാളുണ്ട്; അതും കോൺഗ്രസിൽ തന്നെ. സാക്ഷാൽ എകെ ആന്റണി. അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെയാണ് എല്ലാം നടന്നത്. അദ്ദേഹമാണ് ഹെലികോപ്റ്റർ ഇടപാടിൽ അഴിമതി നടന്നു എന്ന് കണ്ടെത്തിയത്, അദ്ദേഹമാണ് ആ ഇടപാട് റദ്ദാക്കിയത്. എന്തുകൊണ്ടാണ് ആ ഇടപാട് റദ്ദാക്കിയത്, എന്താണ് അന്ന് തനിക്ക് ബോധ്യമായ അഴിമതി, ആരാണ് കാശ് വാങ്ങിയത്, ‘എപി, ഫാമിലി, പൊളിറ്റിക്കൽ’ എന്നിവയൊക്കെ അതിൽ പെടുമായിരുന്നോ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ വലിയൊരു പുകമറ മാറുമായിരുന്നല്ലോ. സോണിയ പരിവാറിനൊപ്പം കൂടിയതിന് ശേഷം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കുറെയൊക്കെ ഉലച്ചിൽ സംഭവിച്ചിട്ടുണ്ട് എങ്കിലും പലരും അദ്ദേഹത്തെ ‘കുറെ ഭേദപ്പെട്ടയാൾ’ എന്നാണ് ഇപ്പോഴും കരുതുന്നത്. എന്താണ് അദ്ദേഹം അക്കാര്യങ്ങൾ പുറത്തുപറയാത്തത് ?. നടന്നത് മുഴുവൻ കള്ളത്തരമാണ് എന്ന് ആന്റണിക്കും ബോധ്യമുള്ളത് കൊണ്ടാവണമല്ലോ ഈ മൗനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button