ദമ്മാം: ജോലി ചെയ്തിരുന്ന സ്ഥലത്തെ പ്രയാസങ്ങൾ കാരണം വീടുപേക്ഷിച്ചു തെരുവിൽ കഴിയേണ്ടി വന്ന തമിഴ്‌നാട് സ്വദേശിയെ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.
തമിഴ്നാട് മധുരൈ മറവമംഗലം സ്വദേശിയായ അളഗപ്പൻ ജയരാമൻ എന്ന പ്രവാസിയാണ് നവയുഗത്തിന്റെ സഹായത്തോടെ ദുരിതക്കയങ്ങൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.
ഒന്നര വർഷം മുൻപാണ് ജയരാമൻ ദമ്മാമിലെ ഒരു സൗദിയുടെ വീട്ടിൽ ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. ജോലിസ്ഥലത്ത് ആദ്യമൊന്നും യാതൊരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ ക്രമേണ ഡ്രൈവർ ജോലിയ്ക്ക് പുറമെ വീടിന്റെ പരിസരം തൂത്ത് കഴുകി വൃത്തിയാക്കുക, തോട്ടത്തിലെ ചെടികൾ നനയ്ക്കുക മുതലായ പുറം പണികളും ചെയ്യിയ്ക്കാൻ തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ, ആ വീടിലെ ജോലിയ്ക്ക് പുറമെ, അയൽപക്കത്തുള്ള സ്‌പോൺസറുടെ സഹോദരിമാരുടെ രണ്ടു വീട്ടിലെ പുറംജോലികളും ജയറാമിനെകൊണ്ട് ചെയ്യിയ്ക്കാൻ തുടങ്ങി. സ്‌പോൺസറുടെ വീട്ടിലെ പണിയ്ക്ക് പുറമെ, സഹോദരിയുടെ വീട്ടിലെ ഡ്രൈവർ ജോലിയും ചെയ്യേണ്ടി വന്നതോടെ, ജയരാമന് ഭക്ഷണം കഴിയ്ക്കാനോ, വേണ്ടത്ര ഉറങ്ങാനോ സമയം കിട്ടാതെയായി. ഭക്ഷണവും, വിശ്രമവുമില്ലാതെ ജയറാമിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി. ഒരേ സമയം ഒന്നിലധികം വീടുകളിൽ ജോലി ചെയ്യുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് സ്പോൺസറോട് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ജയരാമന്റെ ജീവിതം ദുരിതമയമായി മാറി.
സഹികെട്ട അയാൾ ഒരു ദിവസം ആ വീട് വിട്ടിറങ്ങി അടുത്തുള്ള പള്ളിയിൽ അഭയം തേടി. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ ഒരു മലയാളി, അവിടെ ക്ഷീണിച്ചു കിടന്നുറങ്ങുകയായിരുന്ന ജയരാമന്റെ അവസ്ഥ മനസ്സിലാക്കി,നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബു കുമാറിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഷിബുകുമാർ സ്ഥലത്തെത്തി ജയകുമാറിനോട് സംസാരിച്ചു വിവരങ്ങൾ മനസ്സിലാക്കി. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ജയകുമാറിന് താത്ക്കാലികഅഭയം നൽകി.
നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ ജയകുമാർ ലേബർ കോടതിയിൽ സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച ആദ്യത്തെ സിറ്റിങ്ങിൽ സ്പോൺസർ ഹാജരായില്ല. തുടർന്ന് സൗദി അധികാരികൾ വഴി സ്‌പോൺസറെ സമ്മർദ്ദത്തിലാക്കിയപ്പോൾ പിന്നീട് കേസ് വിളിച്ചപ്പോൾ, അയാൾ ഹാജരായി. വാദങ്ങൾക്ക് ഒടുവിൽ സത്യം മനസ്സിലാക്കിയ കോടതി, ജയരാമന് ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസറോട് ഉത്തരവിട്ടു.
എന്നാൽ കോടതിവിധി വന്നിട്ടും,സ്പോൺസർ എക്സിറ്റ് നൽകാതെ നീട്ടികൊണ്ടു പോയി. തുടർന്ന് ഷാജി മതിലകവും, ഷിബുകുമാറും സ്‌പോൺസറെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തി. അവരുടെ സമ്മർദ്ദഫലമായി സ്പോൺസർ പിറ്റേന്ന് തന്നെ ഫൈനൽ എക്സിറ്റും, കുടിശ്ശികയുണ്ടായിരുന്ന ശമ്പളവും ജയരാമന് നൽകി.
ഷിബുകുമാറിന്റെ സുഹൃത്തായ തമിഴ്‍നാട് സ്വദേശി സായിഅരുൺ വാസൻ, ജയരാമന് വിമാനടിക്കറ്റ് നൽകി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു ജയരാമൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments