കണ്ണൂര് : ഇത് 24കാരി രഹ്നാസിന്റെ ജീവിത കഥ .. ഇതു പോലെ സ്വന്തം പിതാവ് മറ്റാര്‍ക്കും ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവള്‍.. ബലാത്സംഗത്തിനും കൂട്ട മാനഭംഗത്തിനു ഇരയാകേണ്ടിവന്നവള്‍. സ്വന്തം പിതാവിനാല്‍ മാനം നഷ്ടപ്പെട്ടു. പിന്നെ പിതാവിന്റെ ഒത്താശയോടെ 11 പേര്‍ക്ക് കാഴ്ചവെച്ചു. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട രഹ്നാസ് എന്ന പെണ്‍കുട്ടിയ്ക്ക് ഒന്നും നോക്കാനുണ്ടായിരുന്നില്ല.
രഹ്നാസ് പറയുകയാണ് താന്‍ അനുഭവിച്ച ആ കൊടുംക്രൂരതകള്‍. വെറും പതിന്നാലു വയസ്സുണ്ടായിരുന്ന എന്നെ ബലാത്സംഗം ചെയ്തതിനും മറ്റു പതിനൊന്ന് പേര്‍ക്ക് മാനഭംഗപ്പെടുത്താന്‍ അവസരമൊരുക്കിയതിനും ശിക്ഷിക്കപ്പെട്ട് പത്തു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണ് എന്റെ ബാപ്പ. ഇപ്പോള്‍ ഞാന്‍ അയാളെ വാപ്പ എന്നു വിളിക്കാറില്ല. അയാള്‍ തന്നെയാണ് ആ വിളി എന്റെ നാക്കിന്‍ത്തുമ്പില്‍ നിന്നു മുറിച്ചു മാറ്റിയത്.
മദ്യപിച്ചാണ് അയാള്‍ വരുന്നത്. പിന്നെ, എന്നെയും ഉമ്മയേയും ക്രൂരമായി അടിക്കും. അതു സഹിക്കാനാകാതെ ഞങ്ങള്‍ ഉറക്കെ നിലവിളിക്കും. അയല്‍വീടുകളില്‍ എല്ലാവരും അതു കേള്‍ക്കുന്നുണ്ടാകും. രക്ഷിക്കാന്‍ കെഞ്ചി യാലും ജനാലയുടെ പിന്നിലൊളിക്കുന്ന ആ മുഖങ്ങള്‍ ഒരിക്കലും വാതില്‍ തുറന്ന് ഞങ്ങള്‍ക്കടുത്തെത്താറില്ല.
അവര്‍ക്കും പേടിയായിരുന്നു അയാളെ. ഞങ്ങള്‍ക്കും ഭയമായിരുന്നു, അല്ല, അയാള്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. അതാണ് ശരി. ആരുമില്ലായിരുന്നു ഞങ്ങള്‍ക്ക്. അടുത്തുള്ളവരോട് ഒന്നു മിണ്ടാന്‍പോലും അനുവദിക്കാതെ ഉമ്മയെ അയാള്‍ വീടിനുള്ളിലെ ഇരുട്ടിലേക്ക് അടിച്ചിരുത്തി.
ഞാന്‍ ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേ ക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു അയാള്‍. മൈക്ക് അനൗ ണ്‍സ്‌മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോള്‍ സീസണില്‍ മാത്രമായി പണി.രാവിലെ യൂണിഫോമിട്ട് സ്‌കൂളില്‍ പോകാന്‍ തിടുക്കപ്പെടുമ്പോഴായിരിക്കും അയാള്‍ കുടിച്ചു വരുന്നത്. പിന്നീടു കാണുന്നത് ചോറ്റുപാത്രം അടുക്കളപ്പുറത്തേക്കു വലിച്ചെറിയുന്നതാണ്, ഉമ്മയെ തല്ലിച്ചതയ്ക്കുന്നതാണ്. അതോടെ ഞ ങ്ങളും ഓരോ മുറികളില്‍ ചുരുണ്ടു കൂടും. വല്ലപ്പോഴും മാത്രം ചെല്ലുന്നതു കൊണ്ട് സ്‌കൂളില്‍ ‘മാ വേലി’ എന്നായിരുന്നു എന്റെ വിളിപ്പേര്. ആരോടും അധികം കൂട്ടുകൂടാത്ത പഠിപ്പില്‍ അത്ര മിടുക്കിയല്ലാത്ത പെണ്‍കുട്ടി, അതായിരുന്നു ഞാന്‍.
ഉമ്മ പാവമായിരുന്നു. വിദ്യാഭ്യാസമൊന്നുമില്ലാത്ത വീട്ടമ്മ. അയാളുടെ തല്ലുകൊണ്ട് ചുരുണ്ടു കൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാള്‍ ഓരോ കാരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അയാളില്ലാത്ത പകലുകളില്‍ ഞങ്ങള്‍ കളിച്ചു തിമിര്‍ക്കുമ്പോള്‍ ഉമ്മ വിലക്കും. ‘അധികം ചിരിക്കരുത്. രാത്രി കരയാനുള്ളതാണ്.’
എനിക്ക് പ്രായപൂര്‍ത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്‌നേഹപ്രകടനം അയാള്‍ തുടങ്ങിയത്. ആദ്യം എനിക്കതു മനസ്സിലായില്ല. പിന്നെ, എന്റെയുള്ളിലെ പെണ്ണിരുന്ന് ‘ഇത് വാപ്പാന്റെ സ്‌നേഹമല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ഉമ്മാനോട് സംശയം പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാള്‍ കുടിക്കാതെ നില്‍ക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ കാരണവും പറഞ്ഞാണ് ഉമ്മയെ അടിച്ചത്. ഒരിക്കല്‍ ബലമായി എന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വീടു വിട്ടോടി. തിരിച്ചു വന്നപ്പോള്‍ അയാളെന്റെയും അനിയന്റെയും തലയില്‍ത്തൊട്ട് ഇതൊ ന്നും ആവര്‍ത്തിക്കില്ലെന്നു സത്യം ചെയ്തു.
ഒന്‍പതാം ക്ലാസ്സിന്റെ തുടക്കത്തില്‍ത്തന്നെ എന്റെ പഠിപ്പ് നിര്‍ത്തി. വീട്ടില്‍ പട്ടിണിയും കഷ്ടപ്പാടുമാണെന്നു പറഞ്ഞ് പപ്പടം പണിക്ക് പറഞ്ഞു വിട്ടു. പിന്നെ, തുണിക്കടയില്‍, വീടുകളില്‍ അടുക്കളപ്പണിക്ക്… ഒരിടത്തു നിന്നും ശമ്പളം എന്റെ കൈയില്‍ കിട്ടില്ല. അതു മുന്‍കൂറായി വാങ്ങി കൊണ്ടുപോയിട്ടുണ്ടാകും അയാള്‍. പണിയെടുത്ത് തളര്‍ന്ന് വരുന്ന എന്നെക്കണ്ട് ഉമ്മ പലപ്പോഴും ജോലിക്കു പോകാന്‍ മുതിര്‍ന്നിട്ടുണ്ട്. പക്ഷേ, ഉമ്മയെ അയാള്‍ വീടിനു പുറത്തേക്കിറക്കില്ലായിരുന്നു.
നമുക്ക് പൈസയില്ല, വീട് ബുദ്ധിമുട്ടിലാണ്, രഹ്നാസ് നീ ചാരിച്ചാല്‍ പൈസയുണ്ടാക്കാന്‍ സാധിക്കും’ എന്നൊക്കെ ഒരു ദിവസം പറഞ്ഞു. ഞാന്‍ വിചാരിച്ചാല്‍ ഇതില്‍ കൂടുതല്‍ പൈസ എങ്ങനെയുണ്ടാക്കാമെന്നു ചിന്തിച്ചിട്ട് എനിക്ക് ഉപായങ്ങളൊന്നും തോന്നിയില്ല. ഞങ്ങളുടെ നാട്ടില്‍ ചില ലൈംഗിക തൊഴിലാളികളുണ്ട്. അവരുടെ പേരെല്ലാം പറഞ്ഞ് ഞാന്‍ അങ്ങനെയാകണം എന്നൊരു ദിവസം അയാള്‍ പറഞ്ഞു. അന്നേരം ഞാനും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. അതു കേട്ട് ഞാന്‍ ഭയങ്കരമായി വഴക്കിട്ടു. വീട്ടില്‍ നിന്നിറങ്ങി നടന്നു, എവിടേക്കെന്നില്ലാതെ. പണ്ട് ഞാന്‍ അയാളുടെ കൂടെ അനൗണ്‍സ്‌മെന്റിന് പോകാറുണ്ടായിരുന്നു. അതിനുപോലും ഇനി വരില്ല എന്നു തീര്‍ത്തു പറഞ്ഞു.
വീണ്ടും അയാള്‍ ക്ഷമ പറഞ്ഞു. ഒരിക്കലും ഇങ്ങനെ ആ വര്‍ത്തിക്കില്ലെന്ന് ആണയിട്ടു. അപ്പോഴും എന്റെ മനസ്സിന്റെ കത്തലടങ്ങിയിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് വര്‍ക്കിന് എന്നോടും കൂടെ ചെല്ലാന്‍ പറഞ്ഞു. ചതിയായിരിക്കുമെന്ന് കരുതി ഞാന്‍ കൂട്ടാക്കിയില്ല. പിന്നീട് അതിന്റെ ആളുകളെ കൊണ്ടു വന്ന് നേരിട്ട് സംസാരിപ്പിച്ച് ബോധ്യപ്പെടുത്തി. അങ്ങനെ ആ വര്‍ക്കിനു പോയി.ഒരു ദിവസം ഞാന്‍ ജോലി ചെയ്യുന്ന തയ്യല്‍ക്കടയിലേക്ക് അയാളുടെ ഫോണ്‍ വന്നു. ‘ഒരു കാസറ്റ് റിക്കോര്‍ഡിങ്ങിന് കണ്ണൂര് പോണം’ എന്നു പറഞ്ഞ്. ഞാന്‍ െപട്ടെന്നു തയാറായി ഇരിക്കൂര്‍ പാലത്തിന്റെയരികില്‍ കാത്തു നിന്നു. അയാളും വേ റൊരാളും കൂടി വന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി.
അന്നയാള്‍ ആദ്യമായി എന്നെ മറ്റൊരാള്‍ക്കു വിറ്റു. ഒരു അച്ഛന്‍ അന്നത്തിന് കണ്ടുപിടിച്ച മാര്‍ഗം. എന്റെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല. ഞാന്‍ കരഞ്ഞു കൊണ്ടേയിരുന്നു. തിരിച്ചു വന്നിട്ട് ഉമ്മായോട് കാര്യങ്ങളെല്ലാം പറഞ്ഞു. അയാള്‍ കുടിച്ചിരിക്കുകയാണെന്നൊന്നും നോക്കാതെ ഉമ്മ അപ്പോള്‍ത്തന്നെ അയാളോടു േദഷ്യപ്പെട്ടു. അയല്‍പക്കത്തുള്ളവരൊക്കെ കേള്‍ക്കാന്‍ ഉമ്മ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അങ്ങനെയെങ്കിലും ഒരു സഹായം കിട്ടും എന്ന് വിചാരിച്ചു കാണും. ഞങ്ങള്‍ അഞ്ചു പേരും വലിയ വായില്‍ കരയുന്നുണ്ട്. പക്ഷേ, ആരും വന്നില്ല.
പിറ്റേന്നു കാലത്ത് അയാള്‍ കുടിക്കാന്‍ പോയപ്പോള്‍ സഹതാപം പറയാന്‍ പലരും വന്നു. അതുകൊണ്ടെന്താണ് നേട്ടം? അന്നൊരു വിരല്‍ത്തുമ്പ് കിട്ടിയാല്‍പ്പോലും ഞാന്‍ പിടിച്ചു കയറുമായിരുന്നു. കരഞ്ഞും നൊന്തും ജീവിതത്തിന്റെ വലിയൊരു ഭാഗം തള്ളി നീക്കേണ്ടി വരില്ലായിരുന്നു.
രഹ്നാസിന് ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്. പ്ലസ്ടു കഴിഞ്ഞ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയ രഹ്നാസ് ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. ഇപ്പോള്‍ സിവില്‍ സര്‍വീസിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. സഹതാപത്തിന്റെ മുനയൊളിപ്പിച്ച് നാം ചമച്ചിരിക്കുന്ന ‘ഇര’ എന്ന വാക്കില്‍ വിേശഷിപ്പിച്ചാല്‍ അവള്‍ നമുക്കു നേരെ മുഖമുയര്‍ത്തും. പിന്നെ, കരുത്തോെട പറയും, ‘ഞാന്‍ ഇരയല്ല, എനിക്കൊരു പേരുണ്ട്. എന്നെ ഉപദ്രവിച്ച കുറ്റവാളികള്‍ തല താഴ്ത്തട്ടെ. ഞാനെന്തിന് മറഞ്ഞിരിക്കുകയും തലകുനിക്കുകയും ചെയ്യണം.’ ഇന്ന് ഇതുപോലെ ക്രൂരതകള്‍ അനുഭവിയ്ക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കരുത്താകാന്‍ എനിയ്ക്ക് കഴിയണം എന്ന് രഹ്നാസ് പറഞ്ഞു നിര്‍ത്തി
Post Your Comments