തിരുവനന്തപുരം: കടകംപള്ളിക്കെതിരെ അപകീര്‍ത്തി പറഞ്ഞതിന് കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി പറഞ്ഞു. കുടുംബത്തെ പറ്റി കള്ളം പറഞ്ഞു എന്നതാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ സഹോദരി സിന്ധുവിന്റെ ആരോപണം. മരിച്ച വ്യക്തി അയ്യപ്പ വിശ്വാസി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം കമ്യൂണിസ്റ്റുകാരാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമായിരുന്നു. എന്നാല്‍ വീട്ടില്‍ പൂജാമുറിയുള്ള കുടുംബമാണ് തങ്ങളുടേതെന്ന് സിന്ധു പറയുന്നു. തങ്ങള്‍ കമ്യൂണിസ്റ്റ് അനുഭാവികളാണെന്ന് മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം എന്നും ഇവര്‍ സംശയം പറഞ്ഞു. കൂടാതെ മന്ത്രിയ്ക്കെതിരെ കേസ് നല്‍കുമെന്നും സിന്ധു കൂട്ടിച്ചേർത്തു.
മാത്രമല്ല സെക്രട്ടേറിയേറ്റിന് മുന്നില്‍ തീ കൊളുത്തി മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഹോദരന് മൊഴി നല്‍കിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സിന്ധു പറയുന്നു.
കുടുംബ പ്രശ്നവും മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയെന്ന് പോലീസ് പറയുകയും മൊഴിയുടെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വേണുഗോപാലന്‍ നായരെ എന്തെങ്കിലും തരത്തിലുള്ള വ്യക്തിപരമായ പ്രശ്നമായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചിരുന്നത് എങ്കില്‍ അദ്ദേഹത്തിന് വീട്ടില്‍ ആത്മഹത്യ ചെയ്യാമായിരുന്നല്ലോ എന്നും അതിനായി സെക്രട്ടേറിയേറ്റ് പരിസരത്ത് പോയി മരിക്കുന്നത് എന്തിനാണെന്നും സഹോദരി ചോദിച്ചു.
Post Your Comments