Latest NewsArticle

റഫാല്‍: വിധിന്യായം ഉയര്‍ത്തിയുള്ള അവസാന കോണ്‍ഗ്രസ് പ്രതിരോധവും പൊളിയുന്നു സര്‍ക്കാര്‍ തന്നെ തെറ്റ് തിരുത്തല്‍ ഹര്‍ജി നല്‍കും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധി പുറത്തുവന്നത് മുതല്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുകാരും പ്രശാന്ത് ഭൂഷനെപ്പോലുള്ളവരും എന്ത് ചെയ്യണമെന്നറിയാതെ ഭ്രാന്തുപിടിച്ചത് പോലെ നടക്കുകയാണ്. എത്രയെത്ര പ്രസ്താവനകളാണ് അവര്‍ നടത്തുന്നത്. ഒരു കാലത്ത് ഇന്ത്യ ഏറെ ആദരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ ശൗരിയും ഇവരുടെ കൂടെക്കൂടി നാണം കെടുന്നതും നാം കാണുകയുണ്ടായി. ബിജെപി വിരുദ്ധര്‍ക്ക് ആകെ അനുകൂലമായി കിട്ടിയത് വിധിന്യായത്തിലെ ഒരു പരാമര്‍ശമാണ്; ‘സിഎജി അത് പരിശോധിച്ചു; പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അത് പരിഗണിച്ചിട്ടുണ്ട്’ എന്നുള്ള ഒരു വാചകം. അതെങ്ങിനെ കോടതിക്ക് മനസിലായി; സിഎജി റിപ്പോര്‍ട്ട് വന്നിട്ടില്ലല്ലോ; കോടതിയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു …. എന്നിത്യാദി വാചകങ്ങളുമായി രാഹുല്‍ ഗാന്ധി മുതല്‍ കപില്‍ സിബല്‍ വരെ തെരുവിലിറങ്ങുന്നത് നാം കണ്ടു. അവിടെയും കോടതിക്ക് ഒരു ചെറിയ തെറ്റ് പറ്റിയതാണ് എന്ന് കാണാനല്ല മറിച്ച് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യാഖ്യാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതെന്തായാലും, തിരുത്തേണ്ടതുണ്ട്; ഞാന്‍ മനസിലാക്കുന്നത്, കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തേക്കും എന്നാണ്. അതായത്, ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിശകും സംഭവിച്ചിട്ടില്ല; ഒന്നും മറച്ചുവെക്കാനുമില്ല; പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച നിരീക്ഷണം കോടതി നടത്തിയപ്പോഴുണ്ടായ പിശകാണ്. അത് തിരുത്തുന്നതോടെ റഫാല്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന്റെ വായടയുക തന്നെ ചെയ്യും. ഇനി അവര്‍ക്ക് ഒന്നും പറയാനുണ്ടാവില്ല എന്നര്‍ത്ഥം.

ഇനി എന്താണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് എന്നത് പരിശോധിക്കാം. യുദ്ധവിമാന ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം സിഎജിക്ക് കൈമാറിയിട്ടുണ്ട്; അത് അവര്‍ വിശദമായി പരിശോധിക്കുന്നുണ്ട്; അതിനുശേഷം സിഎജി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കും; അത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിക്കും. അത് വിധിന്യായത്തില്‍ മറ്റൊരു വിധത്തിലാണ് സൂചിപ്പിച്ചത് എന്നുമാത്രം……. അത് പിശകാണ് എന്ന് സര്‍ക്കാരിനും കോടതിക്കും ബോധ്യമായിട്ടുണ്ടെങ്കില്‍ പിന്നെ പ്രശ്‌നമില്ലല്ലോ. കോടതിക്ക് സ്വയം തിരുത്താം; എന്നാല്‍ ഇവിടെ അത് ചൂണ്ടിക്കാട്ടി കോടതിയിലെത്തുക സര്‍ക്കാര്‍ തന്നെയാണ്. ഇനി സിഎജി റിപ്പോര്‍ട്ട് വരുമ്പോള്‍ പാര്‍ലമെന്റ് പരിശോധിക്കട്ടെ, പിഎസി അത് കണക്കിലെടുക്കട്ടെ.. ഒരു പക്ഷെ തിങ്കളാഴ്ച തന്നെ ആ ഹര്‍ജി സര്‍ക്കാര്‍ സമര്‍പ്പിച്ചേക്കും.

ഇവിടെ നാം കാണേണ്ടത് ഈ വിഷയത്തില്‍ മാസങ്ങളോളം കള്ളപ്രചാരണം നടത്തിയ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും ആകെ കോടതിയില്‍ നിന്ന് ലഭിച്ചത് വിധിന്യായത്തിലെ ഈ ചെറിയ ഒരു തെറ്റ് മാത്രമായിരുന്നു എന്നതാണ്; ബാക്കി എല്ലാം അവരുടെ താല്പര്യങ്ങള്‍ക്കെതിരായിരുന്നു. മാത്രമല്ല രാജ്യതാല്പര്യം നോക്കി ഇത്തരമൊരു യുദ്ധവിമാനത്തിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു. അത് വാങ്ങുന്നതിന് കാലതാമസം പാടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊന്ന്, ഇവിടെ പരാജയപ്പെട്ടത്, ശത്രുരാജ്യത്തിന്റെ ദല്ലാളന്മാരെപ്പോലെ ജീവിച്ചുപോന്നവരുടെ പദ്ധതികളാണ്. ഇന്ത്യ കരുത്തുറ്റ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നത് തടയാനാണ് ചിലരെ സംഘടിപ്പിച്ചത് എന്നത് പോലും ചാനല്‍ ചര്‍ച്ചക്കിടെ ആക്ഷേപമായി ഉയര്‍ന്നുവന്നിരുന്നു എന്നതോര്‍ക്കുക. ആ ആഗോള ഗൂഢ പദ്ധതിയൊക്കെ പരാജയപ്പെട്ടിരിക്കുന്നു. കോടതി വളരെ ഭാവാത്മകമായ സമീപനമാണ് രാജ്യസുരക്ഷയുടെ കാര്യത്തില്‍ സ്വീകരിച്ചത് എന്നത് മറന്നുകൂടാ താനും.

യുദ്ധ വിമാനത്തിന്റെ വില സംബന്ധിച്ചായിരുന്നുവല്ലോ ബിജെപി വിരുദ്ധരുടെ ഒരു വാദഗതി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ദ്ദേശിക്കപ്പെട്ടതിലും കുറഞ്ഞ വിലക്കാണ് ഇന്ത്യ ഇപ്പോള്‍ വിമാനങ്ങള്‍ വാങ്ങിയത് എന്നത് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍ 2008- ല്‍ യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ആ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കഴിയാതായി. പക്ഷെ സീല്‍ ചെയ്ത കവറില്‍ സര്‍ക്കാര്‍ അതൊക്കെ കോടതിക്ക് നല്‍കിയിരുന്നു. തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ല എന്നത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അക്കാര്യം കോടതി വിശദമായി പരിശോധിക്കുകയും ചെയ്തു. വിധിന്യായത്തിലെ ഖണ്ഡിക 26 നോക്കുക. അതില്‍ പറയുന്നു: ‘ We have examined closely the price details and comparison of the prices of the basic aircraft along with escalation costs as under the original RFP as well as under the IGA. We have also gone through the explanatory note on the costing, item wise’. എന്താണിത് കാണിച്ചുതരുന്നത്. ഓരോ കാര്യവും കോടതി പരിശോധിച്ചു; എന്നിട്ട് ഒരു കുഴപ്പവുമില്ലെന്ന് ബോധ്യപ്പെട്ടു…… ….ഇതിലേറെ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്താണ് വേണ്ടത്?. റിലയന്‍സിനെ ഓഫ്‌സെറ്റ് പാര്‍ട്ണര്‍ ആയി നിയമിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു റോളുമില്ല; അക്കാര്യം വ്യക്തമാണ് എന്നും കോടതി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റ ആയുധങ്ങള്‍ മുഴുവന്‍ തകരുകയായിരുന്നു.

സുപ്രീം കോടതി വിധി വന്നതോടെ സാമാന്യ ബുദ്ധിയുളള പ്രതിപക്ഷ നേതാക്കള്‍ റഫാല്‍ എന്നൊക്കെ പറഞ്ഞുനടന്നിട്ട് ഇനി വലിയ പ്രയോജനമില്ല എന്ന് തിരിച്ചറിയുന്നുണ്ട്. 2019- ല്‍ അത് ഗുണം ചെയ്യാന്‍ പോകുന്നില്ല എന്ന് ആദ്യമേ തിരിച്ചറിഞ്ഞത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയാണ്. കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യയും അതെ നിലപാട് തന്നെയാണ് ഏറെക്കുറെ എടുത്തത്. കോടതിയില്‍ പരാജയം സംഭവിച്ചു എന്ന് സമ്മതിക്കുന്ന അദ്ദേഹം പക്ഷെ ഈ വിഷയം പൊതു മണ്ഡലത്തില്‍ നിലനിര്‍ത്താനാവും എന്നാണ് പ്രത്യാശ പ്രകടിപ്പിച്ചത്. അത് പ്രായോഗികമല്ല എന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമായി എന്ന് വ്യക്തം. എന്നാല്‍ ഇതിനേക്കാളൊക്കെയേറെ പ്രധാനമായത് മണിശങ്കരയ്യരുടെ ഒരു അഭിപ്രായ പ്രകടനമാണ്. ഒരു പാക് ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്, ‘ We have not been able to prove anything in the issue but have haregi a stigma on Narendra Modi, and the BJP.’ എന്നാണ്. അതായത്, കോടതിയില്‍ ഒന്നും തെളിയിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല; പക്ഷെ,നരേന്ദ്ര മോദിയുടെയുടെയും ബിജെപിയുടെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനായി ‘ എന്ന്. അതും പറയുന്നത് പാകിസ്ഥാന്‍ മാധ്യമത്തോടാണ് എന്നതോര്‍ക്കുക. ഇപ്പോഴാണ് കാര്‍ഗില്‍ യുദ്ധവേളയില്‍ ശവപ്പെട്ടി കുംഭകോണം എന്നൊരു വാര്‍ത്ത കോണ്‍ഗ്രസ് ചമച്ചെടുത്തത് ഓര്‍മ്മയില്‍ വരുന്നത്. വാജ്‌പേയിയേയും ജോര്‍ജ് ഫെര്‍ണാണ്ടസിനെയും പ്രതിക്കൂട്ടിലാക്കാനാണ് അത് ഉയര്‍ത്തിക്കൊണ്ടുവന്നത്; ഇപ്പോള്‍ റഫാല്‍ പ്രശ്‌നത്തിലെന്ന പോലെ, കോണ്‍ഗ്രസിന്റെ ദല്ലാളന്മാരായ മാധ്യമ സുഹൃത്തുക്കളാണ് അതിനൊക്കെ മുന്നിട്ടിറങ്ങിയത്. അവസാനം അന്വേഷണം നടന്നപ്പോള്‍, അതൊരു കെട്ടുകഥയാണ് എന്ന് ബോധ്യമായി. അതല്ലേ റഫാല്‍ പ്രശ്‌നത്തില്‍ ആവര്‍ത്തിച്ചത്?. പാക്കിസ്ഥാനും ചൈനക്കുമൊക്കെ റഫാല്‍ വിമാനത്തിന്റെ കാര്യത്തിലുള്ള താല്‍പ്പര്യവും അവരുമായി സംവദിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ആഗ്രഹാഭിനിവേശവുമൊക്കെ മറന്നുംകൂടാ.

ഇത്രയൊക്കെയായിട്ടും പി ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയവര്‍ ഓരോരോ പ്രചാരണവുമായി രംഗത്തുണ്ട്. തങ്ങളല്ല കോടതിയില്‍ പോയത് എന്നും അവരൊക്കെ ബിജെപിക്കാരാണ് എന്നും പറയാന്‍ പോലും ചില കോണ്‍ഗ്രസുകാര്‍ തയ്യാറായിട്ടുണ്ട്. ചിദംബരം ചോദിക്കുന്നത്, 126 യുദ്ധവിമാനം വാങ്ങാനായിരുന്നില്ലേ വ്യോമസേന ആവശ്യപ്പെട്ടത്, പിന്നെന്തുകൊണ്ടാണ് വെറും 36 എണ്ണം മാത്രം വാങ്ങുന്നത് എന്നൊക്കെയാണ്. മന്മോഹന്‍ സിങ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ആളാണ് ചിദംബരം എന്നതോര്‍ക്കുക. അന്ന് 18 വിമാനം വാങ്ങാനാണ് ആലോചിച്ചത്; അതായത് ബാക്കി ഇന്ത്യയില്‍ നിര്‍മ്മിക്കാനും. എന്നാല്‍ അവര്‍ക്ക് ഒരെണ്ണം പോലും വാങ്ങാനായില്ല. സര്‍ക്കാരിന്റെ പക്കല്‍ അന്ന് അതിനുള്ള പണവുമില്ലായിരുന്നു എന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണി വിശദീകരിച്ചത്. ഇപ്പോള്‍ 36 വിമാനങ്ങള്‍ പറക്കുന്ന അവസ്ഥയിലാണ് ഇന്ത്യക്ക് ലഭിക്കുക; ബാക്കിയൊക്കെ ഇവിടെത്തന്നെ നിര്‍മ്മിക്കാനുളള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. അതായത് വ്യോമസേനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ല എന്നര്‍ത്ഥം.

Rafale-fighter-jet

മറ്റൊന്ന്, കോണ്‍ഗ്രസും പ്രതിപക്ഷവും ഒക്കെ ഉയര്‍ത്തിയ ആക്ഷേപം, എച്ച്എ എല്ലില്‍ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള സാധ്യത മോഡി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു എന്നതാണല്ലോ. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതില്‍ എച്ച്എ എല്ലിനെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. നേരത്തെ അവര്‍ ഏറ്റെടുത്ത ജോലികള്‍ വേണ്ടവിധം ചെയ്തില്ലെന്ന് അതില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് പ്രയാസത്തിലായത് വ്യോമസേനയാണ് എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തെ ഇതുപോലുള്ള അത്യന്താധുനിക യുദ്ധവിമാനം ഉണ്ടാക്കാന്‍ ഏല്‍പ്പിക്കാനാവും എന്ന് എങ്ങിനെ കോണ്‍ഗ്രസ് ധരിച്ചുവശായി എന്നത് കൂടി ഖാര്‍ഗെ വിശദീകരിച്ചിരുന്നുവെങ്കില്‍ നന്നായി. എന്തായാലും ഖാര്‍ഗെ സാഹബ് തന്റെ കമ്മിറ്റിയുടെ ആ റിപ്പോര്‍ട്ട്, രാജ്യതാല്പര്യം മുന്‍ നിര്‍ത്തി, രാഹുല്‍ ഗാന്ധിക്ക് ഒന്ന് വായിക്കാന്‍ കൊടുക്കണം.
ഇതൊക്കെ നടക്കുമ്പോള്‍ സാക്ഷാല്‍ ക്രിസ്ത്യന്‍ മിഷേല്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. അയാള്‍ എന്താണ് തുറന്നു പറയുക എന്നതറിയാതെ വലയുകയാണ് രാഹുലും പരിവാരവും. തങ്ങള്‍ ഇതുവരെ മറച്ചുവെച്ചത് മുഴുവന്‍ ആ ഇംഗ്ലണ്ട് കാരനായ ദല്ലാള്‍ വിളിച്ചുപറഞ്ഞാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും എന്നത് ഓര്‍മ്മിക്കുക. മറ്റൊന്ന് കൂടി ഇതിനിടയില്‍ നടന്നു. അതും രാഹുല്‍ പരിവാറിന് കനത്ത തിരിച്ചടിയായി. നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ എന്ന് കോണ്‍ഗ്രസുകാര്‍ പറയുന്ന സിബിഐ ജോയിന്റ് ഡയറക്ടര്‍ രാകേഷ് അസ്താനയുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതാണ്. എല്ലാം തിരിഞ്ഞുകുത്തുന്നു എന്ന തോന്നലുണ്ടാവുന്നു എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രശ്‌നം. ഉറക്കംവരാത്ത രാത്രികളാണ് അവരില്‍ പലര്‍ക്കും എന്നതും ഓര്‍ക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button