Latest NewsInternational

പ്രമുഖ കമ്പനിയുടെ ബേബി പൗഡറില്‍ ക്യാന്‍സറുണ്ടാക്കുന്ന ആസ്ബസ്റ്റോസ്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് റോയിട്ടേഴ്‌സ്

ന്യൂയോര്‍ക്ക്: കുഞ്ഞുങ്ങള്‍ മുതല്‍ വലിയവര്‍ വരെ ബേബി പൗഡര്‍ ഉപയോഗിയ്ക്കുന്നവരാണ്. എന്നാല്‍ ബേബി ടാല്‍ക്കം പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന മാരകമായ രാസവസ്തു അടങ്ങിയതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പ്രമുഖ കമ്പനിയുടെ ബേബി പൗഡറില്‍ ക്യാന്‍സറുണ്ടാക്കുന്ന ആസ്ബസ്റ്റോസ് ഉണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് റോയിട്ടേഴ്സ് . ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യമുണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചെന്നാണ് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

1971 മുതല്‍ 2000 വരെയുള്ള കമ്പനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളുമാണ് റോയിട്ടേഴ്സ് പരിശോധിച്ചത്. കമ്പനി പുറത്തിറക്കുന്ന ടാല്‍ക്ക്, ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനിക്കെതിരെയുള്ള പരിശോധന ഫലങ്ങള്‍ തിരുത്തി പ്രസിദ്ധീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കോസ്മറ്റിക് ടാല്‍ക്ക് ഉല്‍പ്പന്നങ്ങളിലെ ആസ്ബസ്റ്റോസിന്റെ തോതിന് പരിധി നിശ്ചയിക്കുന്നതിന് യുഎസ് ഏജന്‍സികളെ വിജയകരമായി സ്വാധീനിക്കാന്‍ കമ്പനിക്കു കഴിഞ്ഞതായും റോയിട്ടേഴ്സിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 1972നും 1975നും ഇടയില്‍ മൂന്ന് വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ബേബി പൗഡറില്‍ ആസ്ബസ്റ്റോസ് അടങ്ങിയതായി തെളിഞ്ഞിരുന്നു.

എന്നാല്‍ 1972 ഡിസംബറിനും 1973 ഒക്ടോബറിനു ഇടയില്‍ ഉല്‍പ്പാദിപ്പിച്ച ബേബ് പൗഡറിന്റെ ഒരു സാമ്പിളിലും ആസ്ബസ്റ്റോസ് കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്പനി ഉറപ്പു നല്‍കിയത്. ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്.

ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ നിരവധി സ്ത്രീകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് റോയിട്ടേഴ്‌സ് അന്വേഷണം നടത്തിയത്. തങ്ങളെ ബാധിച്ച ക്യാന്‍സറിന് കാരണമായത് ബേബി പൗഡറാണെന്ന് ആരോപിച്ചാണ് ഇവര്‍ വിവിധ കോടതികളെ സമീപിച്ചത്.

കാന്‍സര്‍ ബാധിച്ച ഉപഭോക്താക്കളുടെ പരാതികളില്‍ ഏതാനും വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിയമക്കുരുക്കിലാണ്. നൂറ്റാണ്ടിലേറെയായി ബേബി പൗഡര്‍ വിപണിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button