ചൂടുകാലത്ത് നെറ്റി വിയര്‍ത്ത് ചെറിയ കുരുക്കള്‍ വരുന്നതും ഇതില്‍ ചൊറിച്ചിലുണ്ടാകുന്നതും സാധാരണമാണ്. ഏറെക്കുറെ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍ കാലാവസ്ഥയിലുള്ള വ്യത്യാസങ്ങള്‍ മൂലമല്ലാതെയും നെറ്റിയില്‍ എപ്പോഴും ചൊറിച്ചിലുണ്ടാകുന്നുണ്ടെങ്കില്‍, അതിന് പിന്നില്‍ കൃത്യമായും ചില കാരണങ്ങളുണ്ടായിരിക്കും. പൊതുവേ അത്തരത്തില്‍ നെറ്റിയില്‍ ചൊറിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളേതെല്ലാമെന്ന് പരിശോധിക്കാം.
ഒന്ന്…
തലയില്‍ ധരിക്കുന്ന ഹെല്‍മെറ്റ്, ഹെഡ് ബാന്‍ഡ്, തൊപ്പി- ഇവയുടെയെല്ലാം താഴെ ചൂടിരുന്ന് വിയര്‍ത്ത് ഇത്തരത്തില്‍ ചൊറിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. നിത്യേന വൃത്തിയാക്കാന്‍ കഴിയാത്തവ ആയതുകൊണ്ടുതന്നെ അവയിലെല്ലാം ഉണ്ടാകുന്ന പഴയ വിയര്‍പ്പും അഴുക്കുമാണ് പ്രശ്‌നക്കാരനാവുക.
രണ്ട്…
ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടെങ്കിലും നെറ്റിയില്‍ ചൊറിച്ചിലുണ്ടായേക്കാം. ഉദാഹരണത്തിന് പൊടിയോടോ ചൂടിനോടോ അലര്‍ജിയുണ്ടാകുന്നത്. ഈ പ്രശ്നം ഒഴിവാക്കാന്‍ മുഖം ഇടയ്ക്കിടെ തണുത്ത വെള്ളമുപയോഗിച്ച് കഴുകിയാല്‍ മതിയാകും.
മൂന്ന്…
മുഖക്കുരുവും നെറ്റിയില്‍ ചൊറിച്ചിലുണ്ടാകാന്‍ കാരണമാകാറുണ്ട്. ഇതോടൊപ്പം തന്നെ വൃത്തിയായി തൊലി സൂക്ഷിക്കാതിരിക്കുമ്പോഴും ഇതേ പ്രശ്നം നേരിട്ടേക്കാം.
നാല്…
മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും അതുപോലെ ചര്‍മ്മസംരക്ഷണത്തിനും വേണ്ടി തേക്കുന്ന ക്രീമുകളില്‍ നിന്നും ഈ പ്രശ്നമുണ്ടായേക്കാം. ക്രീമുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളോടുള്ള പ്രതികരണമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
പ്രതിവിധികള്‍…
നെറ്റിയിലെ ചൊറിച്ചിലൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ധാരാളം രാസപദാര്‍ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുഖത്തോ മുടിയിലോ ഉപയോഗിക്കാതിരിക്കുക. അതുപോലെ തന്നെ കടുപ്പം കുറഞ്ഞ സോപ്പുകളും ഷാമ്ബൂവും, ലോഷനുകളും ഉപയോഗിക്കുക.
മുഖം എപ്പോഴും തണുത്ത വെള്ളം കൊണ്ട് കഴുകുക. ചൂടുവെള്ളത്തിലുള്ള മുഖം കഴുകലോ തല നനയ്ക്കലോ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ ചൂടില്‍ നിന്ന് കഴിവതും മാറിനില്‍ക്കുക. ശീലങ്ങളില്‍ മാറ്റം വരുത്തിയിട്ടും ഇത് മാറുന്നില്ലയെങ്കില്‍ ഒരു ഡോക്ടറെ കണ്ടെ വിദഗ്ധ നിര്‍ദേശമോ ചികിത്സയോ തേടുക.
Post Your Comments