
റിംബോ: യെമെനിലെ തുറമുഖനഗരമായ ഹൊദെയ്ദായില്‍ വെടിനിര്‍ത്താന്‍ സര്‍ക്കാരും ഹൂതിവിമതരും ധാരണയായി. ഹൂതി നിയന്ത്രണത്തിലുള്ള മേഖലകളില്‍ കഴിയുന്ന 1.8 കോടിയോളം ആളുകള്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രധാനവഴികളില്‍ ഒന്നാണ് ഹൊദെയ്ദ. സ്വീഡനില്‍ യു.എന്നിന്റെ മേല്‍നോട്ടത്തില്‍ നടന്ന സമാധാനചര്‍ച്ചയുടെ അവസാനദിനത്തിലാണ് ധാരണയിലെത്തിയത്.
മൂന്ന് തുറമുഖങ്ങളില്‍നിന്നും പിന്‍വാങ്ങാമെന്ന് ഹൂതികള്‍ സമ്മതിച്ചതായി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അറിയിച്ചു. ഹൊദെയ്ദായെയും സനായെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് തുറക്കും. ദശലക്ഷക്കണക്കിന് യെമെനികള്‍ക്ക് സഹായമെത്തിക്കുന്നതിന് തീരുമാനം വഴിയൊരുക്കും. മേഖലയിലെ നീക്കങ്ങള്‍ക്ക് യു.എന്‍. മേല്‍നോട്ടം വഹിക്കും. തായിസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ധാരണയിലെത്തിയതായി ഗുട്ടറെസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ തുറമുഖങ്ങളില്‍നിന്നും രണ്ടാംഘട്ടത്തില്‍ നഗരത്തില്‍നിന്നും ഹൂതികള്‍ പിന്‍വാങ്ങുമെന്ന് യെമെനിലെ യു.എന്‍. പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു.
സ്വീഡനിലാണ് സമാധാന ചര്‍ച്ച. അതേസമയം, വിഷയത്തില്‍ രാഷ്ട്രീയപരിഹാരം കാണാന്‍ ചര്‍ച്ചയ്ക്കായിട്ടില്ല. ഇരുവിഭാഗവും 15,000-ത്തോളം തടവുകാരെ കൈമാറാന്‍ നേരത്തേ ധാരണയായിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ കൈമാറ്റം പൂര്‍ത്തിയാകും. നാലുവര്‍ഷമായി നീളുന്ന ആഭ്യന്തരയുദ്ധത്തില്‍ 60,000-ത്തോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 2.2 കോടിയോളം ആളുകള്‍ അടിയന്തരസഹായം കാത്തിരിക്കുകയാണ്.
Post Your Comments